വലയ സൂര്യഗ്രഹണം നമുക്ക് നാടെങ്ങും ആഘോഷമാക്കാം

0

നാട്ടിലിറങ്ങി നാട്ടുകാരോട് ശാസ്ത്രം പറയാന്‍ നമുക്ക് ലഭിച്ച ഏറ്റവും വലിയ അവസരമാണ് ഡിസംബര്‍ 26 നു കേരളത്തില്‍ ദൃശ്യമാവുന്ന വലയ സൂര്യഗ്രഹണമെന്ന ആകാശ വിസ്മയം. ജ്യോതിശാസ്ത്ര സംഭവങ്ങളേയും ശാസ്ത്രവാര്‍ഷികങ്ങളേയും ശാസ്ത്രത്തിന്റെ രീതിയും വളര്‍ച്ചയും ചര്‍ച്ച ചെയ്യാനുള്ള അവസരമായി പ്രയോജനപ്പെടുത്തണമെന്നാണ് പത്തനംതിട്ടയില്‍ നടന്ന അമ്പത്തിയാറാം വാര്‍ഷിക സമ്മേളനം‍ അംഗീകരിച്ച ഭാവി പ്രവര്‍ത്തന സമീപനത്തില്‍ ഊന്നിപ്പറഞ്ഞിരുന്നത് എന്നത് ഓര്‍ക്കുമല്ലോ. ആവര്‍ത്തനപ്പട്ടികയുടെ നൂറ്റിയമ്പതാം വാര്‍ഷികാഘോഷവും മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയതിന്റെ അമ്പതാം വാര്‍ഷികവുമായിരുന്നു ഇക്കൊല്ലം ആദ്യം നാം പ്രയോജനപ്പെടുത്തിയ സന്ദര്‍ഭങ്ങള്‍.
ജനജീവിതവുമായി ബന്ധപ്പെടുത്തി ശുദ്ധശാസ്ത്രം ചര്‍ച്ചചെയ്യുമ്പോള്‍ വലിയ സ്വീകാര്യത ലഭിക്കുന്നു എന്നതാണ് നമ്മുടെ എന്നത്തേയും അനുഭവം. അതുകൊണ്ടുതന്നെ വലിയതോതില്‍ ബഹുജനശ്രദ്ധ ലഭിക്കാന്‍ സാധ്യതയുള്ള വലയസൂര്യഗ്രഹണം സംസ്ഥാനമാകെ വലിയ ആഘോഷമാക്കി മാറ്റുന്നതിനാണ് നാം തീരുമാനിച്ചിട്ടുള്ളത്. ശാസ്ത്രസ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, കോളേജുകള്‍, വിദ്യാലയങ്ങള്‍, ലൈബ്രറി കൗണ്‍സില്‍, കുടുംബശ്രീ മിഷന്‍ തുടങ്ങി പരമാവധി സ്ഥാപനങ്ങളുടേയും സംഘടനകളുടേയും സഹകരണം ഇതില്‍ ഉണ്ടാക്കുന്നതിന് നാം ശ്രദ്ധിച്ചിരുന്നു. ഇതിനുവേണ്ടി സംസ്ഥാനതലത്തില്‍ ഒരു കോഡിനേഷന്‍ സമിതിയും രൂപീകരിക്കുകയുണ്ടായി.
എറണാകുളം കുസാറ്റ്, തിരുവനന്തപുരം ഗവ. കോളേജ് കാര്യവട്ടം, കോഴിക്കോട് ഗവ. കോളേജ് മടപ്പള്ളി എന്നിങ്ങനെ മൂന്നു സ്ഥലങ്ങളിലായാണ് സംസ്ഥാന പരിശീലനം നടത്തിയത്. തുടര്‍ന്ന് ജില്ലാ മേഖലാ പരിശീലനങ്ങളും പൂര്‍ത്തിയാക്കി പ്രാദേശിക ക്ലാസുകള്‍ തുടര്‍ന്നു വരികയാണ്. വിദ്യാലയങ്ങള്‍, വായനശാലകള്‍, കുടുംബശ്രീ യോഗങ്ങള്‍, വീട്ടുമുറ്റങ്ങള്‍ എന്നുവേണ്ട തെരുവിലടക്കം ഗ്രഹണവും അതിന്റെ പിന്നിലെ ശാസ്ത്രവും തെറ്റായ ധാരണകളും വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. വളരെ ആവേശം തരുന്ന റിപ്പോര്‍ട്ടുകളാണ് എല്ലാ ജില്ലകളില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്.
സൗരക്കണ്ണടകളും വിവിധ ഗ്രഹണ നിരീക്ഷണോപാധികളും നിര്‍മിക്കുന്നതിനുള്ള പരിശീലനവും പരിചയപ്പെടുത്തലും വ്യാപകമായി നടക്കുന്നുണ്ട്. ഇതിനു സഹായിക്കുന്ന വിഭവങ്ങളുമായാണ് ഡിസംബര്‍ ലക്കം യുറീക്ക, ശാസ്ത്രകേരളം വിശേഷാല്‍ പതിപ്പുകളും പുറത്തിറങ്ങിയിരിക്കുന്നത്. യുറീക്ക, ശാസ്ത്രകേരളം വരിക്കാര്‍ക്ക് സൗരക്കണ്ണട സൗജന്യമായി നല്‍കുന്നതോടൊപ്പം കുറഞ്ഞ വിലയ്ക്കു നല്‍കുന്ന സൗരക്കണ്ണടയ്ക്ക് ഓരോ ദിവസം കഴിയുന്തോറും ആവശ്യക്കാര്‍ കൂടിവരികയാണ്. സൂര്യഗ്രഹണം പൂര്‍ണ വലയരൂപത്തില്‍ ദൃശ്യമാവുന്ന കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലേക്ക് മറ്റു ജില്ലകളില്‍ നിന്നുള്ളവരെയും എത്തിക്കുന്നതിന് പരിപാടികളുണ്ടാവണം. ബാലവേദികളുടെ നേതൃത്വത്തില്‍ ഇതരജില്ലകളിലെ കൂട്ടുകാരെ ഉള്‍പ്പെടുത്തി ഈ ജില്ലകളില്‍ ഡിസംബര്‍ 25, 26 തീയതികളില്‍ അതിഥി ആതിഥേയ രൂപത്തിലുള്ള സൗരോത്സവങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.
മിക്ക സ്ഥലങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സൗരോത്സവം വലിയ കാമ്പയിനായി വളര്‍ത്തുന്നതിന് നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. ഈ സാധ്യതകളെല്ലാം പ്രയോജനപ്പെടുത്തി കേരളമൊട്ടാകെ നാട്ടിന്‍പുറങ്ങളിലും നഗര പ്രദേശങ്ങളിലും സൂര്യഗ്രഹണം വലിയ ആഘോഷമാക്കി മാറ്റുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടത്. ഗ്രഹണത്തെക്കുറിച്ചുള്ള തെറ്റായ ധാരണയില്‍ കുടുങ്ങി മുറിക്കുള്ളില്‍ ഒതുങ്ങിപ്പോകാന്‍ സാധ്യതയുള്ളവരെയടക്കം മുഴുവന്‍ കേരളീയരേയും ഡിസംബര്‍ 26 ന് രാവിലെ വീട്ടിനകത്തു നിന്നും പുറത്തിറക്കി മാനം നോക്കിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതിനുള്ള തയ്യാറെടുപ്പുകള്‍ മുഴുവന്‍ യൂനിറ്റുകളിലും ചിട്ടയോടെ നടത്തുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം നാമോരോരുത്തരും ഏറ്റെടുക്കേണ്ടതുണ്ട്. സാധ്യമായ സ്ഥലങ്ങളിലെല്ലാം ഗ്രഹണദര്‍ശനത്തിന് സൗകര്യം ഒരുക്കുകയും പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുമെന്ന് മുന്‍കൂട്ടി ഉറപ്പാക്കുകയും അതിന്റെ വാര്‍ത്തകള്‍ പത്ര ദൃശ്യ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും വേണം.
നാം പ്രതീക്ഷിച്ചപോലെ ജനം ഇതേറ്റെടുത്തിട്ടുണ്ട്. ഇവിടെയുണ്ടായ ജനബന്ധം തുടര്‍ന്നു നടക്കാനുള്ള കലാജാഥയടക്കമുള്ള പ്രവര്‍ത്തനങ്ങളുമായി കണ്ണി ചേര്‍ക്കുന്നതിന് നമുക്ക് കഴിയണം. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ ജനാധിപത്യവും മതേതരത്വവും കാറ്റില്‍ പറത്തി മതാടിസ്ഥാനത്തിലുള്ള വിഭജനത്തിലേക്ക് രാജ്യത്തെ നയിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ വര്‍ഗീയാജണ്ടയ്ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കുന്നതിനായി നാട്ടിലെ മുഴുവന്‍ പ്രസ്ഥാനങ്ങളേയും ഒന്നിപ്പിക്കുക എന്നതും വളരെ പ്രധാനപ്പെട്ട ദൗത്യമാണ്.

പാരിഷത്തികാഭിവാദനങ്ങളോടെ,


രാധന്‍ കെ
ജനറല്‍ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *