വിളയുടെ ആരോഗ്യത്തിന് മണ്ണിന്റെ ആരോഗ്യം പ്രധാനം: ഡോ. പി പ്രമീള

0
തൃശ്ശൂർ ജില്ലാകമ്മിറ്റിയുടെ പ്രതിമാസ ശാസ്ത്ര പ്രഭാഷണപരമ്പരയിൽ
പ്രൊഫ. ഡോ. പി പ്രമീള വിഷയാവതരണം നടത്തുന്നു.

തൃശ്ശൂർ: മണ്ണിന്റെ ആരോഗ്യം വിളയുടെ ആരോഗ്യത്തിന് പ്രധാനമാണെന്നും ആരോഗ്യമുള്ള വിളകൾ ഭക്ഷ്യസുരക്ഷയ്ക്ക് അനിവാര്യമാണെന്നും കേരള കാർഷിക സർവ്വകലാശാലയിലെ അഗ്രോണമി വിഭാഗം പ്രൊഫസർ ഡോ. പി പ്രമീള പറഞ്ഞു. ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിമാസ ശാസ്ത്ര പ്രഭാഷണപരമ്പരയിൽ സംസാരിക്കുകയായിരുന്നു അവർ.
സസ്യാരോഗ്യ വർഷം (International Year of Plant Health) പ്രമാണിച്ച് ‘ഭക്ഷ്യസുരക്ഷയും വിളകളുടെ ആരോഗ്യവും’ എന്ന വിഷയമാണ് അവർ അവതരിപ്പിച്ചത്. ജൈവികവും ഭൗതികവും രാസികവുമായ ഗുണങ്ങളുള്ള ആരോഗ്യമുള്ള മണ്ണിൽ (Healthy Soil) ജീവാണുക്കളുടെ സമ്പന്നമായ സാന്നിധ്യമുണ്ടാകും. സസ്യങ്ങൾക്ക് ആഗിരണം ചെയ്യാവുന്ന രൂപത്തിലേക്ക് മണ്ണിലെ പോഷകങ്ങളെ പരിവർത്തിപ്പിക്കാൻ മണ്ണിൽ ബാക്ടീരിയ, കുമിൾ തുടങ്ങിയ അണുക്കൾ അനിവാര്യമാണ്. നാം മണ്ണിൽ ചേർക്കുന്ന യൂറിയയെ സസ്യങ്ങൾക്ക് വലിച്ചെടുക്കാവുന്ന നൈട്രേറ്റുകൾ ആക്കി മാറ്റുന്നത് അണുക്കളുടെ പ്രവർത്തനമാണ്. പോഷകങ്ങളുടെ പുനചംക്രമണം കുറയുന്നതിനെ തുടർന്നാണ് മണ്ണിൽ വളപ്രയോഗം ആവശ്യമായി വരുന്നത്. പണ്ട് , പാടശേഖരങ്ങളിൽ നാൽക്കാലികൾ മേയുമ്പോഴും വെളിമ്പറമ്പുകളിൽ മനുഷ്യനുൾപ്പെടെ മലമൂത്രവിസർജ്ജനം നടത്തുമ്പോഴും ഫോസ്ഫറസ്, നൈട്രജൻ, കാർബൺ എന്നിവ സമൃദ്ധമായി ഉണ്ടാകുമായിരുന്നു. മികച്ച വിളവ് നൽകാൻ പര്യാപ്തമായ വളക്കൂറുള്ള മണ്ണിന് അന്ന് ഇത് കൂടിയായിരുന്നു കാരണം. മാറിയ കാലത്ത് നാൽക്കാലികളെ തൊഴുത്തുകളിൽ കെട്ടിയിട്ടു വളർത്തുകയും മനുഷ്യർ ആധുനിക കക്കൂസുകൾ ഉപയോഗിക്കുകയും ചെയ്യാൻ തുടങ്ങിയപ്പോൾ മൂലകങ്ങളുടെയും പോഷകങ്ങളുടെയും അളവ് മണ്ണിൽ കുറഞ്ഞു. പഴയ രീതിയിലേക്ക് നമുക്കു തിരിച്ചുപോകാൻ ആകില്ല . എന്നാൽ ഉചിതമായ വളപ്രയോഗം വഴി മണ്ണിന്റെ ഗുണം നിലനിർത്താനാകും .
നിരവധി കൃഷിരീതികൾ നിലവിലുണ്ടെങ്കിലും സംയോജിത കൃഷിരീതിയും സംയോജിത കീടനിയന്ത്രണവും ആണ് വിളവ് വർധിപ്പിക്കാൻ അഭികാമ്യമെന്ന് അവർ പറഞ്ഞു . സസ്യങ്ങളുടെ പുനചംക്രമണം ഏറ്റവും കൂടുതൽ കാടുകളിലും ഏറ്റവും കുറവ് തെങ്ങിൻതോപ്പുകൾ പോലെയുള്ള ഇടങ്ങളിലും ആണ്. കാടുകളിൽ സസ്യാവശിഷ്ടങ്ങൾ വീണടിഞ്ഞ് അഴുകി വളമാകുന്നു. എന്നാൽ തെങ്ങിൻ തോപ്പുകളിൽ നിന്ന് തെങ്ങിന്റെ അവശിഷ്ടം പൂർണമായും മനുഷ്യൻ എടുത്തുപയോഗിക്കുന്നു. ജനസംഖ്യ വർദ്ധിക്കുകയും ആളോഹരി കൃഷിഭൂമി ഇന്ത്യയിൽ കുറയുകയും ചെയ്യുന്നു.
117 രാജ്യങ്ങളെ ഉൾപ്പെടുത്തി 2019 ൽ തയ്യാറാക്കിയ ആഗോള വിശപ്പ് സൂചികയിൽ (Global Hunger Index) ഇന്ത്യയുടെ സ്ഥാനം 102 ആണ് സാമ്പത്തികമായി താരതമ്യേന പിന്നോക്കാവസ്ഥയിലുള്ള രാജ്യങ്ങൾ ഇന്ത്യയേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലാണ്.( ശ്രീലങ്ക 66, നേപ്പാൾ 73, ബംഗ്ലാദേശ് 88 , പാക്കിസ്ഥാൻ 94) .അഭ്യന്തര ഉൽപ്പാദനം കൂട്ടാൻ ആവശ്യമായ അത്യുൽപാദന ശേഷിയുള്ള വിത്തുകളും കൃഷിഷിരീതികളും അവലംബിക്കേണ്ടതുണ്ട്.
ആവശ്യമുള്ള ഭക്ഷ്യധാന്യത്തിന്റെ പത്തിലൊന്നുപോലും കേരളത്തിൽ ഉൽപാദിപ്പിക്കുന്നില്ലെന്നും 10 ലക്ഷം ഹെക്ടറിൽ നെൽകൃഷി ഉണ്ടായിരുന്നിടത്ത് അത് ഒന്നര ലക്ഷം ഹെക്ടറിലേയ്ക്ക് ചുരുങ്ങി എന്നും അവർ ചൂണ്ടിക്കാട്ടി. നിലവിലുള്ള പാടശേഖരങ്ങളെങ്കിലും സംരക്ഷിക്കേണ്ടത് കൃഷിക്ക് മാത്രമല്ല പരിസ്ഥിതി സംരക്ഷണത്തിനും കുടിവെള്ള സംഭരണത്തിനും അനിവാര്യമാണെന്ന് അവർ പറഞ്ഞു.
ജില്ലാ ശാസ്ത്രാവബോധ സമിതി ചെയർമാൻ പ്രൊഫ. കെ ആർ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി ടി.സത്യനാരായണൻ, വൈസ് പ്രസിഡണ്ട് ടി.വി.രാജു, ഡോ.വി.എം.ഇക്ബാൽ, വി.ഡി.മനോജ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *