ദേശീയ ശാസ്ത്രദിനാഘോഷം.
ശാസ്ത്ര- മനുഷ്യത്വ വിരുദ്ധത ട്രംപിസത്തിൻ്റെ മുഖമുദ്ര
ഡോ.പി.യു.മൈത്രി
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.പി.യു.മൈത്രി
തൃശ്ശൂർ: ശാസ്ത്രവിരുദ്ധതയും മനുഷ്യത്വവിരുദ്ധതയുമാണ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻ്റെ മുഖമുദ്രയെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.യു.മൈത്രി പറഞ്ഞു.ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ശാസ്ത്രാവബോധ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘സയൻസോളം’ പരിപാടിയിൽ ട്രംപിസവും ശാസ്ത്രലോകവും എന്ന വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അവർ. ഇന്ത്യയിലേതിന് സമാനമാണ് അമേരിക്കയിലെ സ്ഥിതി . പ്രശസ്തമായ ഒട്ടുമിക്ക ശാസ്ത്രസ്ഥാപനങ്ങളുടെയും ഫണ്ട് വലിയ തോതിൽ വെട്ടിക്കുറച്ചു. നാസയുടെ അഡ്മിനിസ്ട്രേറ്റർ എന്ന സുപ്രധാനപദവി ഒരു ബിസിനസ്കാരനെ ഏല്പിച്ചു. അമേരിക്കയിലെ മുൻനിര പാർട്ടിക്കിൾസ് ഫിസിക്സ് ലാബിലെ സ്ത്രീ എൻജിനീയർമാരെ കൂട്ടത്തോടെ പിരിച്ചു വിട്ടു. ലൈംഗികന്യൂനപക്ഷത്തിൽ പെട്ട പട്ടാളക്കാരെ മുഴുവൻ പിരിച്ചു വിട്ടു. സ്ത്രീപുരുഷ ദ്വന്ദം ആണ് ശരിയെന്നും മറ്റ് ജൻ്റർ വിഭാഗങ്ങൾ മാനസിക വിഭ്രാന്തിയുടെ ലക്ഷണമാണെന്നും പറയുന്ന ട്രംപ് കാലാവസ്ഥാമാറ്റം ഒരു മിത്ത് മാത്രമാണെന്നും പറയുന്നു! പൊതുജനാരോഗ്യം, പരിസ്ഥിതിസംരക്ഷണം, ലിംഗതുല്യത എന്നിവയൊക്കെ കാറ്റിൽ പറത്തി ഇലോൺ മസ്കിനെ പോലുള്ള ഒരു ശതകോടീശ്വരൻ്റെ സഹായത്തോടെ ട്രംപ് നടത്തുന്ന ഭരണം മുന്നേറുകയാണ് എന്നവർ പറഞ്ഞു.
സയൻസ് സ്ലാമിൽ പങ്കെടുത്ത യുവശാസ്ത്രജ്ഞരും പൊതുജനങ്ങളോട് വിവിധ വിഷയങ്ങളിൽ സംവദിച്ചു.ശാസ്ത്രവിദ്യാഭ്യാസവും ഭരണസംവിധാനവും, 1.5°C മറികടക്കുന്ന ലക്ഷ്മണരേഖ, ഫാസിസത്തിനെതിരായ ഭരണഘടനാപ്രതിരോധം, നിർമ്മിതബുദ്ധി തുറക്കുന്ന ലോകം എന്നി വിഷയങ്ങളിൽ യഥാക്രമം ഡോ.കെ.കെ.അബ്ദുല്ല, എം.വി.ദേവിക, ഡോ.ലിനി പ്രിയ വാസവൻ, എം.വി.വിവേക് എന്നിവർ സംസാരിച്ചു.
അദ്ഭുതവിദ്യകളും ശാസ്ത്രസത്യങ്ങളും’ എന്ന വിഷയത്തിൽ മജീഷ്യൻ അനിൽ പരക്കാട് സോദാഹരണ പ്രഭാഷണം നടത്തി.പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് ഡോ.സി.എൽ.ജോഷി മോഡറേറ്ററായി. പരിഷത്ത് ശാസ്ത്രാവബോധസമിതി ജില്ലാകൺവീനർ സി.ബാലചന്ദ്രൻ ആമുഖഭാഷണം നടത്തി.