ഹാഥ്റാസ്: നാടെങ്ങും പരിഷത്ത് പ്രതിഷേധജ്വാല

0
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകർ തൃശ്ശൂർ പരിസര കേന്ദ്രത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല.

തൃശ്ശൂർ : ഉത്തർപ്രദേശിലെ ഹാഥ്റാസിൽ നരാധമർ നടത്തിയ ക്രൂരമായ ബലാത്സംഗത്തിലും ഭീകരമായ കൊലയിലും കുറ്റവാളികളെ സംരക്ഷിക്കാനുള്ള സർക്കാർ ശ്രമങ്ങളിലും പ്രതിഷേധിച്ച് സംസ്ഥാനമൊട്ടുക്കും പരിഷത്ത് പ്രവർത്തകർ പ്രതിഷേധജ്വാല പടർത്തി.
ജില്ലയിൽ രണ്ടായിരത്തോളം കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സായാഹ്നത്തിൽ പന്തം കത്തിച്ചും പ്ലക്കാഡുകൾ ഉയർത്തിപ്പിടിച്ചും മുദ്രാവാക്യങ്ങൾ മുഴക്കിയും പ്രതിഷേധ പ്രകടനം നടത്തി. ജില്ലയിൽ 113 പരിഷത്ത് യൂണിറ്റുകളുടെ നേത്വത്തിലാണ് വീട്ടുമുറ്റങ്ങളിലും തെരുവോരങ്ങളിലും പ്രതിഷേധം പ്രകടിപ്പിച്ചത്.
തൃശ്ശൂരിൽ പരിഷത്തിന്റെ ആസ്ഥാനമന്ദിരമായ പരിസരകേന്ദ്രത്തിലാണ് പ്രതിഷേധാഗ്നി ജ്വലിപ്പിച്ചത്. യു.പി.യിൽ വർദ്ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളും ദളിത് കൊലകളും വളരെ ഉത്കണ്ഠ ഉളവാക്കുന്നതാണെന്ന് ജെൻഡർ സംസ്ഥാന സമിതി ചെയർപേഴ്സൺ ഡോ. കെ പി എൻ അമൃത പറഞ്ഞു. ഇന്ത്യയെ യു.പി. ആക്കി മാറ്റാനുള്ള വർഗ്ഗീയ ഫാസിസ്റ്റുകളുടെ ശ്രമങ്ങളെ ചെറുക്കാൻ ജനാധിപത്യവാദികൾക്ക് കഴിയണമെന്ന് പ്രതിഷേധജ്വാലയിൽ പങ്കെടുത്തുകൊണ്ട് അവർ പറഞ്ഞു. ജെൻഡർ വിഷയ സമിതി ജില്ലാ അധ്യക്ഷ പ്രൊഫ. സി. വിമല, ജില്ലാസെക്രട്ടറി ടി സത്യനാരായണൻ, ജില്ലാകമ്മിറ്റി അംഗം ഇ ഡി ഡേവിസ്, സി ജസൂൻ എന്നിവർ ജില്ലാകേന്ദ്രത്തിൽ പങ്കെടുത്തു.

കണ്ണൂർ: ഉത്തർ പ്രദേശ് ഹാഥ്റസ് പൈശാചികതയ്ക്ക് എതിരെ കണ്ണൂർ ജില്ലയിൽ 200 കേന്ദ്രങ്ങളിൽ പ്രതിഷേധം. ജെന്റർ കൂട്ടായ്മയുടെ പ്രതിഷേധവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു.
ഇന്ത്യൻ ഭരണഘടനയുടെ പെൺശിൽപികൾ എന്ന പുസ്തകം സൈബർ ഇടത്ത് വായിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കണ്ണൂർ ജെന്റർ കൂട്ടായ്മ രാജ്യത്താകമാനം നടക്കുന്ന ഹാഥ്റാസ് സംഭവത്തിൽ പ്രതിഷേധത്തിന് തുടക്കം കുറിച്ചു.
ഭരണഘടന നിർമ്മാണ സഭയിലെ 15 വനിതകൾ തുല്യതയുടെ പതാക വാഹകരാണന്ന് പ്രതിഷേധ പുസ്തക ചർച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് കണ്ണൂർ യൂനിവേഴ്സിറ്റി സിൻണ്ടിക്കേറ്റ് അംഗം എൻ സുകന്യ പറഞ്ഞു. ഇന്ത്യൻ ഭരണഘടന അക്രമിക്കപ്പെടുമ്പോൾ ഉറക്കെ വായിക്കപെടേണ്ടേ പുസ്തകമാണ് ഇത്. പരിപാടിയിൽ വിവിധ തലങ്ങളിലുള്ള സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തു.
ജില്ലാ കമ്മിറ്റി അംഗം പി സൗമിനി പുസ്തകം വായന നടത്തി. കെ വി ജാനകി മോഡറേറ്ററായിരുന്നു. എം വിജയകുമാർ, ഒ സി ബേബി ലത, കെ ശാന്തമ്മ, കമലാ സുധാകരൻ എന്നിവർ സംസാരിച്ചു.
ഉത്തരേന്ത്യയിൽ കൂടുതൽ അക്രമാസക്തമാകുന്ന ജാതിവ്യവസ്ഥയുടെ ഏറ്റവും അവസാന ഇരയാണ് ബലാത്സംഗത്തിനിരയായി മരിച്ച ഹത്രാസിലെ ദളിത് പെൺകുട്ടി. ബലാത്സംഗത്തിനു ശേഷം അവളുടെ നാവ് പിഴുതെടുക്കുകയും, നട്ടെല്ല് തകർക്കുകയും ചെയ്തിരുന്നു എന്നത് ആക്രമണം നടത്തിയവരുടെ ജാതി വെറിയെ വെളിപ്പെടുത്തുന്നുണ്ട്. കുടുംബത്തെ അറിയിക്കാതെ പോലീസ് ശവസംസ്കാരം നടത്തിയതും, വീട്ടുകാരെ പുറംലോകവുമായി ബന്ധപ്പെടാനനുവദിക്കാതെ നുണപരിശോധനക്ക് വിധേയരാക്കാനൊരുങ്ങുന്നതും ഭരണാധികാരികൾ ആർക്കൊപ്പമാണ് എന്ന് വ്യക്തമാക്കുന്നു. സ്ത്രീ, ദളിത് എന്നീ രണ്ട് ‘കീഴാള’ അവസ്ഥകളോടുള്ള സമൂഹത്തിന്റെ സമീപനമാണ് ഹത്രാസിലെ പെൺകുട്ടിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. ഇത്തരം സംഭവങ്ങളും അവയെ അനുകൂലിക്കുന്ന ഭരണകൂട നിലപാടും ഒരു ജനാധിപത്യ സമൂഹത്തെ സംബന്ധിച്ചിടത്തോളം അപമാനകരവും അപകടകരവുമാണ്. പുസ്തക വായനാ വേദിയിൽ കെ.ശാന്തമ്മ പ്രമേയം അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *