ആവേശമായി ഭരണഘടനാ – നവോത്ഥാന സദസ്സ്.

0

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ നടന്ന നവോത്ഥാന സദസ്സിൽ സണ്ണി എം. കപിക്കാട് മുഖ്യപ്രഭാഷണം
നടത്തുന്നു.

ശാസ്ത്രാവബോധ പ്രവർത്തനത്തിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എറണാകുളം ജില്ലാ കമ്മറ്റിയും കെ.എസ്.ഇ.ബി.വർക്കേഴ്സ് അസോസിയേഷൻ ( സി.ഐ.ടി.യു ) തൃപ്പൂണിത്തുറ ഡിവിഷൻ കമ്മറ്റിയും സംയുക്തമായി നടത്തിയ ഭരണഘടനാ – നവോത്ഥാന സദസ്സ് ‘ നമ്മളൊന്ന് ‘ പരിപാടിയുടെ പുതുമയും വൈവിധ്യവും ജനപങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി. രാവിലെ നടന്ന സൃഷ്ടി ചിത്ര-ശില്പ-കരകൗശല നിർമ്മാണങ്ങളിൽ വിവിധ കലാകാരൻമാർ പങ്കെടുത്തു. അവർ നിർമ്മിച്ച കലാസൃഷ്ടികൾ ഏറെ കൗതുകകരവും ആകർഷകവുമായിരുന്നു. കാഴ്ചക്കാരായി നിൽക്കാതെ കുട്ടികളും അമ്മമാരും ഉൾപ്പെടെ പലരും സൃഷ്ടികളിൽ പങ്കാളികളായി.
‘ആർത്തവത്തിന്റെ ശാസ്ത്രം’ എന്ന വിഷയത്തിൽ ഡോ.പ്രസീത ക്ലാസെടുത്തു. ‘ഭരണഘടനാ സദസ്സ് ‘ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. അഡ്വ.ഭദ്രകുമാരി ഭരണഘടന ക്ലാസെടുത്തു. പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ.ആർ.ശാന്തിദേവി അദ്ധ്യക്ഷയായി. ജനറൽ കൺവീനർ കെ.പി.രവികുമാർ സ്വാഗതം പറഞ്ഞു. കെ.എം.സുരേഷ്, എം.കെ.ഷാജിമോൻ, സി .ബി.വേണുഗോപാൽ, എം.സി.സുരേന്ദ്രൻ, ഡോ. എസ്. അനിൽകുമാർ, ആർ.ഹരികുമാർ ,ബിനോയ് വാസു, ടി.ആർ.സുകുമാരൻ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ വിവിധ മേഖലാ കമ്മറ്റികൾ ശേഖരിച്ച ശാസ്ത്ര മാസികകളുടെ വരിസംഖ്യ സംസ്ഥാന പ്രസിഡന്റ് ടി.ഗംഗാധരൻ ഏറ്റുവാങ്ങി. 3 മണിക്ക് നടന്ന നവോത്ഥാന സദസ്സ് എം.സ്വരാജ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. സണ്ണി എം. കപിക്കാട് മുഖ്യ പ്രഭാഷണം നടത്തി. സംഘാടക സമതി ചെയർമാൻ ഡോ.കെ.ജി.പൗലോസ് അദ്ധ്യക്ഷനായി. ദീപ കെ.രാജൻ പ്രതികരണം നടത്തി. പരിഷത്ത് ജില്ലാ ജോ. സെക്രട്ടറി പി.കെ.വാസു സ്വാഗതവും, തൃപ്പൂണിത്തുറ മേഖലാ സെക്രട്ടറി പി.സോമശേഖരൻ കൃതജ്ഞതയും പറഞ്ഞു. നവോത്ഥാന പാനൽ പ്രദർശനം, കൊച്ചിൻ മൺസൂറിന്റെ വയലാർ ഗാനങ്ങൾ, വനിതാ കോൽക്കളി, ഏക കഥാപാത്ര നാടകം, സ്കിറ്റ്, കവിതകൾ, പരിഷദ് ഗാനങ്ങൾ, നാടൻപാട്ട് തുടങ്ങി വിവിധ കലാപരിപാടികളും ഭരണഘടനാ – നവോത്ഥാന സദസ്സി നോടനുബന്ധിച്ച് നടന്നു.രാവിലെ 9 മണിക്ക് തുടങ്ങിയ പരിപാടികൾ രാത്രി 9 മണിക്കാണ് അവസാനിച്ചത്. തൃപ്പൂണിത്തുറ നഗരത്തിന് പുതുമയുള്ളതായിരുന്നു ഐക്യത്തിന്റേയും പ്രതിരോധത്തിന്റേതുമായ ഈ ഏകദിന പരിപാടി.

Leave a Reply

Your email address will not be published. Required fields are marked *