ജന്റർ ജില്ലാ കൺവെൻഷൻ
തൃശ്ശൂർ: ശാസ്ത്രസാഹിത്യ പരിഷത്ത് ജന്റർ വിഷയ സമിതിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂര്‍ പരിസര കേന്ദ്രത്തിൽ വച്ച് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് നൂറോളം പ്രതിനിധികൾ പങ്കെടുത്തു.
സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എസ്.ജൂന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കിടയിലെ ഉന്നത വിദ്യാഭ്യാസം തൊഴിലിടങ്ങളിൽ പ്രതിഫലിക്കുന്നില്ലെന്ന് അവർ പറഞ്ഞു. വിദ്യാഭ്യാസം നേടിയ സ്ത്രീകൾ കുടുംബിനികളായി ഒതുങ്ങുന്നു. ഇത് ഒരു സാമൂഹ്യപ്രശ്നമാണ്. ലിംഗനീതി ഉറപ്പാക്കുന്ന ഒരു സമൂഹത്തിന് വേണ്ടിയാണ് പരിഷത്തിന്റെ പോരാട്ടമെന്ന് അവർ ചൂണ്ടിക്കാട്ടി.
“ഭരണഘടനയും ലിംഗസ മത്വവും സമകാലീന ഇന്ത്യയിൽ” എന്ന വിഷയത്തിൽ അഡ്വ.എം.എം.ഗ്രേസി സംസാരിച്ചു. വ്യക്തിനിയമങ്ങളിലെ സ്ത്രീവിരുദ്ധതകൾക്കെതിരെ സ്ത്രീകളും സാമൂഹ്യ പ്രസ്ഥാനങ്ങളും മുന്നോട്ട് വരണമെന്ന് അവർ അഭിപ്രായപ്പെട്ടു.
പരിഷത്ത് ജില്ല ജന്റർ കമ്മറ്റി റെയിൽവെ പുറമ്പോക്ക് പരിസരവാസികളുടെ ജീവിത പശ്ചാത്തലം സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോർട്ട്, എം.ജി ജയശ്രീ അവതരിപ്പിച്ചു.
വിഷയസമിതി ചെയർപേഴ്സൺ സി.വിമല അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.പ്രസന്ന, അംബിക സോമൻ, കെ.എസ്.ജയ, കെ.പി.അനിത, എം.എ മണി, കെ.എസ്.സുധീർ എന്നിവർ സംസാരിച്ചു.