“ജന്റര്‍ റിസോഴ്സ് സെന്റര്‍” – സാധ്യതകള്‍ തിരിച്ചറിഞ്ഞ് ശില്പശാല

0

gender-Friendly-Silpasala

മൂവാറ്റുപുഴ : സംസ്ഥാനതല ജന്റര്‍ വിഷയസമിതിയുടെ നേതൃത്വത്തില്‍ സ്‌ത്രീസൗഹൃദപഞ്ചായത്ത്-ദ്വിദിന ശില്പശാലകളില്‍ ആദ്യത്തേത് ജൂലൈ 1,2 തീയതികളില്‍ മൂവാറ്റുപുഴ മേഖലയിലെ വാളകം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. പരിഷത്ത് എറണാകുളം ജില്ലാ പ്രസിഡണ്ട് കെ ആര്‍ ശാന്തീദേവിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വാളകം പഞ്ചായത്ത് പ്രസിഡന്റും പരിഷത്ത് പ്രവര്‍ത്തകയുമായ ലീല ബാബു ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം പ്രസിഡണ്ട് പി പി മത്തായി സ്വാഗതവും കൺവീനര്‍ കെ. കെ. മാത്തുക്കുട്ടി നന്ദിയും പറഞ്ഞു.
ഒന്നാമത്തെ സെഷനില്‍ അംഗങ്ങള്‍ ഗ്രൂപ്പുകളായി വികേന്ദ്രീകൃതാസൂത്രണത്തിന്റെ ശക്തി, ദൗര്‍ബ്ബല്യങ്ങള്‍, സാധ്യതകള്‍, ഭീഷണികള്‍ എന്നിവ ചര്‍ച്ച ചെയ്ത് അവതരിപ്പിച്ചു. ചര്‍ച്ചകള്‍ ക്രോഡീകരിച്ചുകൊണ്ട് അധികാരവികേന്ദ്രീകരണത്തിന്റെ രാഷ്ട്രീയം എന്ന വിഷയം ഡോ.രാജേഷ് ആവതരിപ്പിച്ചു.
രണ്ടാമത്തെ സെഷനില്‍ കുടുംബം/പൊതുഇടം, പൊതുസ്ഥാപനങ്ങള്‍, തൊഴിലിടങ്ങള്‍, മതം/സംഘടനകള്‍ എന്നിവിടങ്ങളില്‍ നിലനില്ക്കുന്ന വിവേചനരൂപങ്ങള്‍ ഗ്രൂപ്പ് ചര്‍ച്ചയിലൂടെ തിരിച്ചറിഞ്ഞു.
സെഷൻ മൂന്നില്‍ ലിംഗപദവി രൂപപ്പെടലിന്റെ ചരിത്രവും വര്‍ത്തമാനവും എന്ന വിഷയം അജില ടീച്ചറും, ലിംഗതുല്യത-പരിഷത്ത് ഇടപെടല്‍, അനുഭവം എന്ന വിഷയം പി എസ് ജൂനയും അവതരിപ്പിച്ചു. പലരും മനസ്സില്‍ കൊണ്ടുനടന്നിരുന്ന പല തെറ്റിദ്ധാരണകളേയും പിഴുതുമാറ്റുന്നതായിരുന്നു ഡോ.കെ ജി രാധാകൃഷ്ണന്‍ എടുത്ത സയൻസ് ഓഫ് ജന്റര്‍ എന്ന ക്ലാസ്സ്. ലിംഗപദവി വിവേചനത്തിന് യാതൊരു ശാസ്‌ത്രീയ അടിത്തറയുമില്ലെന്നും അത് സമൂഹസൃഷ്ടി മാത്രമാണെന്നും ഈ ക്ലാസ്സിലൂടെ അംഗങ്ങള്‍ക്ക് ബോധ്യമായി.
നാലാമത്തെ സെഷനില്‍ ജന്റര്‍ റിസോഴ്സ് സെന്റര്‍, ജന്റര്‍ റിസോഴ്സ് ഗ്രൂപ്പ് തുടങ്ങി തദ്ദേശഭരണ ആസൂത്രണ മാര്‍ഗ്ഗരേഖ നല്കുന്ന സാധ്യതകള്‍ ‌പി വി വിനോദ് അവതരിപ്പിച്ച് ചര്‍ച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോ.രാജേഷിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളിലെ പ്രവര്‍ത്തനസാധ്യതാ ഭൂപടം തയ്യാറാക്കി.
ജന്റര്‍ റിസോഴ്സ് സെന്റര്‍, ജന്റര്‍ റിസോഴ്സ് ഗ്രൂപ്പ് എന്നിവയ്ക്ക് പ്രാദേശിക സര്‍ക്കാരിലുള്ള ഇടം, പങ്ക്, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയ്ക്ക് വ്യക്തത വരുത്തുന്ന സെഷനായിരുന്നു അടുത്തത്. ഇവ രൂപീകരിച്ച് മാതൃകാപരമായി പ്രവര്‍ത്തിച്ചാല്‍ പ്രാദേശികമായി എല്ലാ വികസനമേഖലകളിലും ഇടപെടല്‍ സാധ്യതകള്‍ വര്‍ദ്ധിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്ന ക്ലാസ്സുകളായിരുന്നു ഇവരുടേത്. തുടര്‍ന്ന് ഇന്റേണല്‍ കംപ്ളെയിന്റ് കമ്മറ്റി സംബന്ധിച്ച് അഡ്വ. രാജശ്രീ ക്ലാസ്സ് എടുത്തു. യൂണിറ്റുകളില്‍ നടക്കേണ്ട തുല്യതാസംഗമത്തിന്റെ മൊഡ്യൂള്‍ അവതരണവും ട്രൈഔട്ടും തുറന്ന ചര്‍ച്ചക്ക് വേദിയൊരുക്കി.
പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ 10 പഞ്ചായത്തുകളില്‍ മാതൃകാപരമായി ജന്റര്‍ റിസോഴ്സ് സെന്റര്‍, ജന്റര്‍ റിസോഴ്സ് ഗ്രൂപ്പ് എന്നിവ രൂപീകരിക്കുന്നതിനു തീരുമാനിച്ചു. ഈ നാലു ജില്ലകളില്‍ നിന്നായി 65പേര്‍ (ജനപ്രതിനിധികള്‍-17, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍-13, സിഡിഎസ്-3, ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്മാര്‍-2, പരിഷത്ത് പ്രവര്‍ത്തകര്‍-30) പങ്കെടുത്തു.
വാളകം പഞ്ചായത്ത് പ്രസിഡണ്ട് ലീല ബാബുവിന്റെ മുഴുവൻസമയ പങ്കാളിത്തവും നേതൃത്വവും വേറിട്ട അനുഭവമായി. ക്യാമ്പിനു വേണ്ട ഭക്ഷണം സൗജന്യമായി പാചകം ചെയ്തുതന്ന് വാളകം പഞ്ചായത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍ മാതൃകയായി. പിഎസ് ജൂന ക്യാമ്പ് ഡയറ ക്ടറായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *