ഭരണഘടനയെ സംരക്ഷിക്കാനുളള വലിയ സമരങ്ങൾ ഉയർന്നു വരണം: ജെ ശൈലജ

0
ശാസ്ത്രകലാജാഥയുടെ തൃശൂര്‍ ജില്ലാതല ഉദ്ഘാടനം ജെ ശൈലജ നിർവ്വഹിക്കുന്നു.

തൃശൂര്‍: ഭരണഘടനയെ സംരക്ഷിക്കാനുളള വലിയ സമരങ്ങൾ ഉയർന്നു വരേണ്ട സന്ദർഭത്തിലാണ് നാം ജീവിക്കുന്നതെന്നും നാടകപ്രവർത്തകയായ ജെ ഷൈലജ പറഞ്ഞു. “ആരാണ് ഇന്ത്യക്കാർ” പരിഷത്ത് കലാജാഥാപര്യടനം കൊടുങ്ങല്ലൂരിൽ ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു ശൈലജ.
നാനാത്വത്തില്‍ ഏകത്വത്തിൽ വിശ്വസിക്കുകയും മതത്തിനും ജാതിക്കുമതീതമായ സാഹോദര്യത്തിൽ പുലരുകയും ചെയ്യുന്ന ഇന്ത്യൻ സമൂഹത്തെ മതപരമായി വിഭജിച്ച് ഒരു വിഭാഗത്തെ തടങ്കൽപ്പാളയങ്ങളിൽ അടക്കാൻ ശ്രമിക്കുന്ന ഇന്ത്യയിലെ ഇന്നത്തെ ഭരണാധികാരികളെ ജനാധിപത്യത്തിന്റെ പുഴുക്കുത്തുകളായി തിരിച്ചറിഞ്ഞ് അതേ തടങ്കൽപ്പാളയങ്ങളിൽ അടക്കുകയാണ് വേണ്ടത്.
ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണ്. ഈ വലിയ സമരത്തിന്റെ ഭാഗമായി മാറുക എന്നതാണ് നമ്മുടെ ജീവിത ദൗത്യമാകേണ്ടതെന്നും ജെ ശൈലജ കൂട്ടിച്ചേർത്തു.
രണ്ട് സ്ത്രീകൾ ഉൾപ്പെടെ ഒന്‍പത് കലാകാരന്മാർ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നു. ജാഥയുടെ ക്യാപ്റ്റൻ അഖിലേഷ് തയ്യൂർ ആണ്. ജില്ലാ ജോയിന്‍ സെക്രട്ടറി എ ബി മുഹമ്മദ് സഗീർ, ജില്ലാകമ്മിറ്റി അംഗം വി പ്രമോദ് എന്നിവർ ജാഥയുടെ മാനേജർമാരാണ്.
കൊടുങ്ങല്ലൂർ നഗരസഭാ ചെയർമാൻ കെ ആർ ജൈത്രൻ അധ്യക്ഷനായി. സംസ്ഥാന പ്രസിഡണ്ട് എ പി മുരളീധരൻ, മുൻ ജനറൽ സെക്രട്ടറിമാരായ പ്രൊഫ. സി ജെ ശിവശങ്കരൻ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ടി കെ മീരാഭായ്‌, ജില്ലാ പ്രസിഡന്റ് കെ എസ് ജയ, യുവ കാലാസാഹിതി സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ആശാഉണ്ണിത്താൻ, താലൂക്ക് ലൈബ്രറി കൗണ്‍സിൽ പ്രസിഡണ്ട് ടി കെ രമേഷ്ബാബു എന്നിവർ സംസാരിച്ചു. കെ എം ബേബി സ്വാഗതവും, ടി സത്യനാരായണൻ നന്ദിയും പറഞ്ഞു.
ജില്ലയിലെ 40 കേന്ദ്രങ്ങളിൽ കലാജാഥ പര്യടനം നടത്തി ഫെബ്രുവരി 13 വൈകീട്ട് 6ന് കൊടകരയിൽ സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *