ശാസ്ത്ര കലാജാഥ: അനന്യമായ പ്രചരണോപാധി
ശാസ്ത്രവും സാങ്കേതിക വിദ്യകളും ജനങ്ങളിലെത്തിക്കുക, അവരിൽ ശാസ്ത്ര ബോധം വളർത്തുക തുടങ്ങിയ ലക്ഷ്യപ്രാപ്തിക്കായി കലാ – സാംസ്കാരിക മേഖലകളിലെ സാധ്യതകൾ ഉപയോഗപ്പെടുത്തുക എന്ന സമീപനത്തോടെയാണ് ഈ മേഖലയിലെ പ്രവർത്തനങ്ങൾ പരിഷത്ത് ആരംഭിക്കുന്നത്. 1977ലെ ശാസ്ത്ര സാംസ്കാരിക ജാഥയായിരുന്നു സംസ്ഥാനാടിസ്ഥാനത്തിലുള്ള അത്തരം ശ്രമത്തിന്റെ തുടക്കം; അതിനുമുൻപും ചില ഒററപ്പെട്ട പ്രവർത്തനങ്ങൾ നടത്തിയിരുന്നുവെങ്കിലും. 1977 ഒക്ടോബർ 2 മുതൽ നവംബർ 7 വരെ വടക്ക് കൂവേരിയിൽ നിന്നാരംഭിച്ച് തെക്ക് പൂവച്ചലിൽ സമാപിച്ച ആ ജാഥ 866 സ്വീകരണ യോഗങ്ങളിൽ പങ്കെടുത്ത് നാലര ലക്ഷം ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ടാണ് സമാപിച്ചത്. 26,000 രൂപ വിലയുള്ള പുസ്തകങ്ങളും പ്രചരിപ്പിച്ചു. ശാസ്ത്രമുദ്രാവാക്യങ്ങൾ ജാഥ മുന്നേറുന്തോറും മുദാകാവ്യങ്ങളും ശാസ്ത്രഗീതങ്ങളുമായി മാറി. ശാസ്ത്രജാഥയിലെ അനുഭവങ്ങളാണ് ശാസ്ത്ര പ്രചാരണത്തിന് കല ഉപയോഗിക്കുന്നതിന്റെ സാധ്യതകൾ ബോധ്യപ്പെടുത്തിയത്.
ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ 1980 മുതൽ നാം കലാജാഥകൾ ആരംഭിച്ചു. കലാജാഥകളിലൂടെ ശാസ്ത്ര പ്രചാരണത്തിന് ഒരു പുതിയ മാധ്യമം തുറന്നുകിട്ടി. മറ്റു മാധ്യമങ്ങളിലൂടെ എത്തിപ്പെടാൻ കഴിയാത്ത ജനവിഭാഗങ്ങളെ ആകർഷിക്കാൻ ഇത് ഏറെ സഹായിച്ചു. സംഘാടനരീതി, ആദ്യന്തമുള്ള കൂട്ടായ്മ, ഉള്ളടക്കത്തിന്റെ വൈവിധ്യം, അവതരണരീതി, കലാകാരന്മാരുടെ അമെചർ സ്വഭാവം, പരിപാടികളുടെ ക്യാപ്‌സ്യൂൾ സ്വഭാവം, വിവിധ കലാരൂപങ്ങളെ ഏകോപിപ്പിച്ചുള്ള പ്രയോഗം എന്നിങ്ങിനെ നിരവധി സവിശേഷതകൾ നമ്മുടെ കലാജാഥയ്ക്ക് അവകാശപ്പെടാം. സംഭാവന പിരിക്കാതെ പുസ്തക പ്രചാരണത്തിലൂടെ ജാഥാസംഘാടനത്തിനുള്ള ചെലവ് കണ്ടെത്തുകയെന്ന ശൈലി പോലും നിരവധി പ്രവർത്തകരെ സംഘടനയിലേക്ക് ആകർഷിച്ചിട്ടുണ്ട്. പരിഷത്തിനെ ഒരു ബഹുജന സംഘടനയാക്കുന്നതിൽ കലാജാഥക്കുള്ളിടത്തോളം പങ്ക് മറ്റൊരു പ്രവർത്തനത്തിനും അവകാശപ്പെടാനില്ല.
1980-81 ൽ 181 യുണിറ്റുകളും 4016 അംഗങ്ങളുമുണ്ടായിരുന്ന സംഘടനയിൽ തൊട്ടടുത്ത വർഷം 309 യുണിററുകളും 6163 അംഗങ്ങളും ഉണ്ടായി. ശതമാനക്കണക്കിൽ യൂണിറ്റുകളുടെ ഏറ്റവും വലിയ വർധന ഇതാണ്. 1.75 ലക്ഷം രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിക്കാൻ ഒന്നാം ശാസ്ത്രകലാജാഥക്കു കഴിഞ്ഞു.
1981 ഒക്ടോബർ 2 മുതൽ തിരുവനന്തപുരത്തെ കെടാകുളത്തുനിന്നും കണ്ണൂരിലെ പയ്യന്നൂരിൽ നിന്നും ആരംഭിച്ച കലാജാഥ 420 കേന്ദ്രങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു. 82 ൽ ഉടുമ്പന്നൂരിൽ നിന്നും കൽപ്പറ്റയിൽ നിന്നും ആരംഭിച്ച ജാഥകൾ ചെറായിയിൽ സമാപിച്ചു. 1983 ൽ കലാവിഭാഗങ്ങൾ ജില്ലാതലത്തിലേക്കു വികേന്ദ്രികരിക്കപ്പെട്ടു. 83 ലെ കരിവെള്ളരിലെ കലാജാഥാ സമാപനം ഒരു ചരിത്ര സംഭവമായിരുന്നു. 20,000 ലേറെ ആളുകൾ ഇതിൽ പങ്കെടുത്തതായി കണക്കാക്കപ്പെടുന്നു. നമ്മുടെ കലാജാഥകൾക്ക് ആദ്യമായി സംസ്ഥാനാന്തര സന്ദർശനം നടത്താനുള്ള അവസരം 83-ൽ ലഭിച്ചു. തേടൽ സംഘത്തിന്റെ ക്ഷണപ്രകാരം 1983 നവംബർ 9 മുതൽ 12 വരെ തമിഴ്നാട്ടിലും കേരളക്ലബിന്റെ വാർഷിക ത്തോടനുബന്ധിച്ച് ഡിസംബർ 9 മുതൽ 19 വരെ ഡൽഹിയിലും കലാജാഥകൾ അരങ്ങേറി, അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയുടെ മുന്നിലും ഈ പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞു.
തുടർന്നിങ്ങോട്ട് എല്ലാ വർഷവും നാം കലാജാഥകൾ അവതരിപ്പിച്ചു വരുന്നു. ആദ്യകാല പരിപാടികൾ മുഖ്യമായും പരിസ്ഥിതി, ശാസ്ത്രബോധം, തുടങ്ങിയവയിൽ ഊന്നുന്നവയാണ്. എന്നാൽ തുടർന്നിങ്ങോട്ട് മാനവിക വിഷയങ്ങൾക്കും സാമൂഹിക പ്രശ്നങ്ങൾക്കും ഊന്നൽ വർദ്ധിക്കുകയാണ് ചെയ്തത്. നമ്മുടെ സംഘടനയുടെ ഏററവും വിപുലമായ ജനസമ്പർക്ക പരിപാടിയായി കലാജാഥകൾ മാറി. പൊതു വിഷയങ്ങളോടൊപ്പം പ്രത്യേക പ്രവർത്തനങ്ങളിലെ പ്രശ്നങ്ങളിൽ ഊന്നുന്ന ജാഥകളും നാം അവതരിപ്പിച്ചു. 1986 ആഗസ്റ്റ് 1ന് കാസർഗോഡ് നിന്നും തിരുവനന്തപുരത്തു നിന്നും ആരംഭിച്ച് തൃശൂരിൽ സമാപിച്ച ബാലോത്സവജാഥയാണ് ഇതിന്റെ തുടക്കം. ഏറെ ചലനങ്ങൾ ഉണ്ടാക്കിയ കലാജാഥായണ് 1989ലെ വനിതാ കലാജാഥ സ്ത്രീകളുടെ സാമൂഹികാവസ്ഥയ്ക്കു നേരെ ചാട്ടുളിയായ് തറഞ്ഞു കയറുന്ന വിമർശനമായിരുന്ന ജാഥയിലെ എൻജാതി, കന്യാഭൂമി, ഞാൻ സ്ത്രീ തുടങ്ങിയ പരിപാടികൾ. ശാസ്ത്രകലാജാഥ കൾ പുതിയ രീതിയിൽ അവതരിപ്പിക്കാനുള്ള ശ്രമമായിരുന്നു 86ലെ ശാസ്ത്ര സാസ്കാരിക ജാഥ തുടർന്ന് സമതാ കലാജാഥ, ആഗോളവത്കരണം മുഖ്യ പ്രമേയമാക്കിയ 91ലെ നവോതേഥാന ജാഥ, 1999 ലെ വിദ്യാഭ്യാസ ജാഥ, 1997ലെ സമതാ കലാജാഥ എന്നിവയൊക്കെ അതിൽപ്പെടും.
പരിഷത്തിന്റെ അനുഭവങ്ങളിൽ നിന്ന് പ്രചോദന മുൾക്കൊണ്ട് എല്ലാ സംസ്ഥാനങ്ങളിലും കലാജാഥകൾ എ. ഐ. പി. എസ്. എൻ, ബി.ജി.വി.എസ് സംഘടനകളുടെ നേതൃത്വത്തിൽ നടന്നു. 1986 ലെ ഗുജറാത്ത്, തമിഴ്നാട്, പോണ്ടിച്ചേരി ജാഥ, 1985ലെ ഭാരത വിജ്ഞാൻ കലാമോർച്ച (കർണ്ണാടക, മഹാരാഷ്ട്ര, ആന്ധ, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി) ഝാൻസിയിൽ സമാപിച്ച 93ലെ സമതാ ജാഥകൾ, 2003ലെ അഖിലേന്ത്യ കലാജാഥ തുടങ്ങിയവ ദേശീയ തലത്തിൽ ആശയപ്രചാരണ രംഗത്ത് ശ്രദ്ധേയമായ ചലനങ്ങൾ ഉണ്ടാക്കിയവയാണ്. ഒന്നാം ജാഥയിൽ 26,000 രൂപയ്ക്കുള്ള പുസ്തകങ്ങൾ പ്രചരിപ്പിച്ചു. 2009ൽ 74 ലക്ഷം രൂപയുടെ പുസ്തകങ്ങളാണ് പ്രചരിപ്പിച്ചത്. 2019 ല്‍ 92 ലക്ഷവും.