അട്ടക്കുളങ്ങര സെന്‍ട്രല്‍ എച്ച്.എസിനെ മികവിന്റെ കേന്ദ്രമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കും: ഡോ. പി.എ. ഫാത്തിമ
തിരുവനന്തപുരം: അടച്ചുപൂട്ടല്‍ ഭീഷണിയില്‍ നിന്നും അതിജീവനത്തിന്റെ ഉദാത്തമാതൃകയായി പ്രവര്‍ത്തിക്കുന്ന അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണപിന്തുണ നല്‍കുമെന്ന് സീമാറ്റ് ഡയറക്ടര്‍ ഡോ. പി.എ. ഫാത്തിമ പറഞ്ഞു. സ്‌കൂളിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും സ്‌കൂള്‍ സംരക്ഷണസമിതിയും സന്നദ്ധസംഘടനകളും കാണിക്കുന്ന താല്പര്യം മാതൃകാപരമാണ്. ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ പരിസരകലണ്ടറിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അവര്‍. ചടങ്ങില്‍ മേഖലാ പ്രസിഡണ്ട് അഡ്വ.വി.കെ.നന്ദനന്‍ അധ്യക്ഷത വഹിച്ചു.
പരിസ്ഥിതിഅവബോധം ലക്ഷ്യമാക്കിയാണ് കലണ്ടര്‍ തയ്യാറാക്കിയത്. 2016 ജൂണ്‍ മുതല്‍ 2017 മെയ് വരെയുള്ള കലണ്ടറില്‍ ഐക്യരാഷ്ട്രസഭ അംഗീകരിച്ച പരിസ്ഥിതിപ്രാധാന്യ ദിനങ്ങള്‍, മഹദ്‌വചനങ്ങള്‍, ശാസ്ത്രദിനങ്ങള്‍, പ്രമുഖരുടെ ജനനവും മരണവും, പരിസ്ഥിതി വിജ്ഞാനീയ കുറിപ്പുകള്‍, കഴിഞ്ഞ 15 വര്‍ഷത്തെ ലോകപരിസ്ഥിതി ദിനസന്ദേശങ്ങള്‍, തണ്ണീര്‍ത്തടം, പശ്ചിമഘട്ടം, കടലിലെ ചവറുപാടം, ജൈവവൈവിധ്യം തുടങ്ങിയ വിവരങ്ങള്‍ ഈ ബഹുവര്‍ണകലണ്ടറിലുണ്ട്. സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും കലണ്ടര്‍ സൗജന്യമായി വിതരണം ചെയ്തു.
ഓട്ടോമേഷന്‍ ഏഷ്യ അസോസിയേറ്റ്‌സ് മാനേജിങ് ഡയറക്ടര്‍ എ. അശോകന്‍, മേഖലാ സെക്രട്ടറി പി. ഗിരീശന്‍, സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ആര്‍.എസ്. സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി ആര്‍.എസ്. അരുണ്‍ എന്നിവര്‍ സംസാരിച്ചു. ജി.എസ്. ഹരീഷ്‌കൃഷ്ണന്‍, ജി. കൃഷ്ണന്‍കുട്ടി, പി. പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.