യൂണിറ്റ് യോഗങ്ങള്‍ സജീവമാക്കുക

0

fountain-pen-442066_1280

സുഹൃത്തേ

കഴിഞ്ഞ കേന്ദ്രനിര്‍വാഹകസമിതിയോഗത്തില്‍ ഇതുവരെ ചേര്‍ന്ന യൂണിറ്റ് യോഗങ്ങള്‍ വിലയിരുത്താന്‍ ഒരു ശ്രമം നടത്തി. 1245യൂണിറ്റുകളില്‍ പകുതി യൂണിറ്റുകള്‍ മാത്രമെ വാര്‍ഷികത്തിന് ശേഷം യോഗം ചേര്‍ന്നിട്ടുള്ളു എന്ന് കാണുന്നു. എറണാകുളം ജില്ലയില്‍ 104ല്‍ 103 യൂണിറ്റുകളിലും യോഗം ചേര്‍ന്നതാണ് അതില്‍ ശ്രദ്ധിക്കപ്പെട്ടകാര്യം. കണ്ണൂരിലും തിരുവനന്തപുരത്തും മോശമല്ലാത്തവിധം യോഗങ്ങള്‍ നടക്കുന്നുണ്ട്. കേന്ദ്രനിര്‍വാഹകസമിതി കഴിഞ്ഞാല്‍ ഒരുമാസത്തിനകം തന്നെ എല്ലായൂണിറ്റുകളും യോഗം ചേരുന്ന രീതി നമ്മുടെ സംഘടനയ്കുണ്ടായിരുന്നു. അത് ഇന്നും പ്രായോഗികമാണ് എന്നതിന്റെ തെളിവാണ്എറണാകുളത്തും, കണ്ണൂരിലും, തിരുവനന്തപുരത്തും കാണുന്നത്. അതുകൊണ്ടുതന്നെ മറ്റുസ്ഥലങ്ങളില്‍ എന്തുകൊണ്ട് നടക്കുന്നില്ല എന്ന പരിശോധനയും പ്രസക്തമാണ്. അംഗത്വപ്രവര്‍ത്തനവും വിജ്ഞാനോത്സവത്തിന്റെ സ്കൂള്‍ തലവും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രധാനപ്രവര്‍ത്തനങ്ങളാണ്. ഇവയെ വിലയിരുത്തുന്നതിനായി വരുന്ന ഒരാഴ്ചക്കകം നമ്മുടെ എല്ലാ യൂണിറ്റുകളും യോഗം ചേരണം. വിജ്ഞാനോത്സവവിലയിരുത്തലും അംഗത്വ പരിശോധനയും നടത്തുന്നതിനോടൊപ്പം മാസികയ്ക് വരിക്കാരെ ചേര്‍ക്കലും സയന്‍സ്‌സ്കൂള്‍ തീയതി തീരുമാനിക്കലും ബാലവേദി രൂപീകരണവും, ഗ്രാമപത്രം സ്ഥാപിക്കലും അജണ്ടയാകണം.

സൂക്ഷ്മജീവി സ്പെഷല്‍ പതിപ്പുകളായി പ്രസിദ്ധീകരിച്ച മാസികകള്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയെ ന്നാണ് സംഘടനയ്ക് പുറത്തുള്ളവരുടെ വിലയിരുത്തല്‍. മാസികകള്‍ക്ക് ഏറെ ആവശ്യക്കാരുണ്ടായിരുന്നു. അച്ചടിച്ചത് തികഞ്ഞില്ല. പലര്‍ക്കും കോപ്പി കിട്ടിയില്ല. നമ്മുടെ വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലുമായി രണ്ടായിരത്തിലധികം ആളുകള്‍ മാസികകള്‍ കാണുകയുണ്ടായി. സൂക്ഷ്മജീവികള്‍ വിഷയമായ ഈ വര്‍ഷത്തെ വിജ്ഞാനോത്സവം മുന്‍ വര്‍ഷത്തേക്കാള്‍ അധികം കേന്ദ്രങ്ങളില്‍ നടന്നു. കൂടുതല്‍ കുട്ടികളും പങ്കെടുത്തു. അധ്യാപകരും പൊതുസമൂഹവും വലിയ താല്പര്യത്തോടെ വിജ്ഞാനോത്സവപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായി. എന്നാല്‍ ഇതൊന്നുംതന്നെ മാസികാ പ്രചരണത്തില്‍ പ്രതിഫലിച്ചുകണ്ടില്ല. ഇവിടെയാണ് യൂണിറ്റ് യോഗത്തിന്റെ പ്രസക്തിയും പ്രാധാന്യവും ബോധ്യപ്പെടേണ്ടത്. യൂണിറ്റ് യോഗം ചേര്‍ന്ന് ഒരംഗം മൂന്ന് മാസികകള്‍ക്കും ഓരോ വരിക്കാരെ കണ്ടെത്താന്‍ തീരുമാനിച്ച് ചുമതല നല്കിയാല്‍ നടക്കാവുന്നതല്ലേ? ഇതുകൊണ്ടുമാത്രം മാസികാവരിക്കാര്‍ നിലവിലുള്ളതിന്റെ മൂന്നിരട്ടിയാകും.

യുറീക്കാവായനശാല എന്ന പേരില്‍ മാസികാപ്രചരണം വര്‍ധിപ്പിക്കാന്‍ സഹായകമായ പുതിയൊരു പരിപാടി രൂപപ്പെട്ടുവന്നിട്ടുണ്ട്. ഒരു സ്കൂളിലെ മുഴുവന്‍ ക്ലാസ് മുറികളിലേക്കും ഒരു വര്‍ഷത്തേക്ക് മാസിക അയച്ചുകൊടുക്കുന്നതാണ് പരിപാടി. ഇതിന് സന്നദ്ധരായി നിരവധിപേര്‍ രംഗത്തുവന്നുകഴിഞ്ഞു. പൂര്‍വവിദ്യാര്‍ഥികളോ അധ്യാപകരോ പ്രദേശത്തെ സുമനസ്സുകളോ ഒക്കെയാണവര്‍. സഹകരണസംഘങ്ങള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കും ഇതില്‍ സഹകരിക്കാനാകും. ഇങ്ങനെയുള്ളവര്‍ നമ്മുടെ പ്രദേശത്തും കാണില്ലേ? അത് അറിയണമെങ്കില്‍ യൂണിറ്റുകളിലൂടെയല്ലേ കഴിയൂ.

പരിഷത്ത് ഇടപെടേണ്ടതും പരിഷത്തിന് മാത്രം ഇടപെടാവുന്നതുമായ നിരവധി പ്രാദേശികപ്രശ്നങ്ങള്‍ നമുക്കുചുറ്റുമുണ്ട്. അതില്‍ ഇടപെട്ട് പ്രവര്‍ത്തിച്ചുകൊണ്ടല്ലാതെ ഒരു യൂണിറ്റിനും അര്‍ഥപൂര്‍ണമായി നിലനില്കാനാവില്ല. ഒരുപ്രദേശത്തെ ജനകീയപ്രശ്നങ്ങളില്‍ ഇടപെട്ട് ആപ്രദേശത്തെ ജനങ്ങളുടെ വികാരമായി പരിഷത്ത് യൂണിറ്റുകള്‍ മാറേണ്ടതുണ്ട്. അതിനുള്ള ആദ്യത്തെ കാല്‍വയ്‌പാണ് കൃത്യമായി ചേരുന്ന യൂണിറ്റ് യോഗങ്ങള്‍.

അഭിവാദനങ്ങളോടെ

മുരളീധരന്‍ പി

ജനറല്‍ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *