ബാലവേദി കൂട്ടുകാർ ഷാർജ പ്ലാനറ്റോറിയം സന്ദർശിച്ചു

0

space_fokssp

യു.എ.ഇ : ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യു.എ.ഇ നോർതേൺ എമിറേറ്റ്സ് ചാപ്ടറിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റിലെ ബാലവേദി കൂട്ടുകാർ 2016 ഒക്ടോബർ 22 ശനിയാഴ്ച ബഹിരാകാശ മ്യൂസിയം സന്ദർശിച്ചു. ഷാർജ സെന്റർ ഫോർ ആസ്ട്രോണമി ആന്റ് സ്പെയ്സ് സയൻസിൽ (Sharjah Centre for Astronomy & Space Science) നടത്തിയ വിജ്ഞാനപ്രദവും കൗതുകകരവുമായ പരിപാടിയിൽ കുട്ടികളോടൊപ്പം മാതാപിതാക്കളും പരിഷത്ത് പ്രവർത്തകരുമടക്കം നൂറുപേർ പങ്കെടുത്തു.
കോസ്മിക് പാർക്ക്, ഒബ്സർവേറ്ററി ആസ്ട്രോണമി & സ്പേസ് എക്സിബിഷൻ, പ്ലാനറ്റോറിയം പ്രദർശനം ഇവ എല്ലാം ചേർന്ന വിജ്ഞാനോൽസവം തന്നെയാണു സ്പെയ്സ് സെന്ററിൽ ഒരുക്കിയിരുന്നത്. മാനവരാശിയുടെ ശാസ്ത്രനേട്ടങ്ങളുടെ ആരംഭം മുതൽ വളർച്ചയുടെ വിവിധ പടവുകളിലുണ്ടായിരുന്ന ഉപകരണമാതൃകകളും ജനറൽ റിലേറ്റിവിറ്റിയടക്കം ഭൗതികശാസ്ത്ര തത്വങ്ങൾ വിശദമാക്കുന്ന പ്രവർത്തന മാതൃകകളും തുടങ്ങി ഏറ്റവും പുതിയ സ്ട്രിങ് തിയറി മാതൃകകൾ വരെ അടങ്ങിയതായിരുന്നു മ്യൂസിയം.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ മാതൃക, ബഹിരാകാശ റോക്കറ്റ് യാത്രയുടെ അനുഭവം തരുന്ന റോക്കറ്റ് മോഡ്യൂൾ, ലൂണാർ റോവിങ് വെഹിക്കിളിന്റെ മാതൃക, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ സസ്യങ്ങൾ വളർത്തുന്ന കാബിനിന്റെ തനിമാതൃക ഇവയൊക്കെ സന്ദർശകർക്ക് ശാസ്ത്രനേട്ടങ്ങളുടെ അദ്ഭുതങ്ങൾ അനുഭവപ്പെടുത്തുന്നതായിരുന്നു.
പ്ലാനറ്റോറിയം സന്ദർശനത്തിലെ ഏറ്റവും ആകർഷകമായ ഭാഗം ആകാശ തീയറ്ററിലെ ബഹിരാകാശപ്രദർശനമാണു. പ്രപഞ്ചത്തിന്റെ മാസ്മരികത മുന്നിലെത്തിക്കുന്ന പ്രദർശനം മൂന്ന് ഭാഗങ്ങൾ ഉൾപ്പെടുന്നതായിരുന്നു. നക്ഷത്രങ്ങളുടെ വിസ്മയക്കാഴ്ചയൊരുക്കി വിവിധ നക്ഷത്രക്കൂട്ടങ്ങളെയും അവയുടെ ആകാശത്തിലെ ചലനങ്ങളും വ്യക്തമാക്കുന്ന ആദ്യഭാഗം ഗ്രഹങ്ങളും സൗരയൂഥവും ആകാശഗംഗയും ഗാലക്സിക്കൂട്ടങ്ങളും എന്തിനു പ്രപഞ്ചത്തെ തന്നെ മാപ്പ് ചെയ്തു തൊട്ടറിയുന്ന രണ്ടാം ഭാഗം, ഇതരഗ്രഹങ്ങളിൽ ജീവന്റെ തുടിപ്പന്വേഷിക്കുന്ന ബഹിരാകാശത്തിലെ മരുപ്പച്ച എന്ന ചിത്രപ്രദർശനം അടങ്ങിയ മൂന്നാം ഭാഗം. പരിഷത്ത് സഹയാത്രികനും പ്ലാനറ്റോറിയത്തിലെ ഭൗതികശാസ്ത്ര വിദഗ്ധനുമായ അഹമ്മദ് സലാഹുദീന്റെ വിശദീകരണങ്ങൾ കുട്ടികളെയും മുതിർന്നവരെയും വിസ്മയത്തിന്റെ മറ്റൊരു ലോകത്തിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *