ബാല മനസ്സുകളെ സർഗ്ഗാത്മകമാക്കി ശാസ്ത്ര ബാലോത്സവങ്ങൾ

0

കോവിഡ് മഹാമാരി കാരണം വീടിനകത്തായ സർഗ്ഗ ബാല്യങ്ങൾക്ക് ഉണർവായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃക്കരിപ്പൂർ മേഖല ബാലവേദിയുടെ ശാസ്ത്ര ബാലോത്സവം.

കാസർഗോഡ് : കോവിഡ് മഹാമാരി കാരണം വീടിനകത്തായ സർഗ്ഗ ബാല്യങ്ങൾക്ക് ഉണർവായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃക്കരിപ്പൂർ മേഖല ബാലവേദിയുടെ ശാസ്ത്ര ബാലോത്സവം. വിദ്യാലയത്തിൽ പോകാനാകാതെ കൂട്ടുകൂടി സല്ലപിക്കാനാകാതെ വീടിനകത്തായ കുരുന്നുകളുടെ മാനസിക പിരിമുറുക്കം കുറക്കാനും സർഗ്ഗവാസനകളെ പരിപോഷിപ്പിക്കാനും സമാന്തര വിദ്യാഭ്യാസ ഇടപെടൽ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികളിൽ ശാസ്ത്രാവബോധം ഉറപ്പിക്കാനുമാണ് പരിഷത്ത് ശാസ്ത്ര ബാലോത്സവങ്ങൾ സംഘടിപ്പിക്കുന്നത്.

ശാസ്ത്ര പരീക്ഷണങ്ങൾ, പ്രസംഗങ്ങൾ, കവിതകൾ, ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ, പക്ഷിജീവി നിരീക്ഷണങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികൾ ബാലോത്സവത്തിന് മാറ്റുകൂട്ടുന്നു സംഘാടകരെപ്പോലും അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് കുട്ടികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. എല്ലാ ദിവസവും രാത്രി 8 മണി മുതൽ ഒരു ദിവസം ഒരു യൂണിറ്റിലെ ബാലവേദി കുട്ടികൾ എന്ന നിലയിൽ തുടർച്ചയായ 12 ദിവസങ്ങളിൽ ജില്ലാതലത്തിലും മേഖലാ തലത്തിലും യൂനിറ്റു തലത്തിലും രൂപീകരിച്ച  പരിഷത്ത് ബാലവേദി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പരിഷത്ത് ബാലവേദി ഗ്രൂപ്പുകൾ വഴി ബാലവേദി കുട്ടികൾക്കായ് അധ്യാപക അവാർഡ് ജേതാവും ഗിന്നസ് ബുക്ക് റെക്കോഡ് ഉടമയുമായ ദിനേഷ്കുമാർ തെക്കുമ്പാട് 100 ദിന ശാസ്ത്ര പരീക്ഷണങ്ങൾ കുട്ടികൾക്കായി ഒരുക്കി നല്കിയിരുന്നു. ഇതിൽ നിന്നും പ്രചോദനമുൾക്കൊണ്ടും സ്വയം സന്നദ്ധരായും നിരവധി ശാസ്ത്ര പരീക്ഷണങ്ങളുടേയും മറ്റ് സർഗ പ്രകടനങ്ങളുടേയും വീഡിയോകളാണ് കുട്ടികൾ സംഘാടകർക്ക് അയച്ചു കൊടുക്കുന്നത്. പരിഷത്ത് ബാലവേദികളെ രക്ഷിതാക്കളും നെഞ്ചേറ്റി. മുഴക്കോം, തൃക്കരിപ്പൂർ, തടിയൻകൊവ്വൽ, കൊടക്കാട്, ഉദിനൂർ, ഈയ്യക്കാട് യൂണിറ്റുകൾ പരിപാടികൾ അവതരിപ്പിച്ചു കഴിഞ്ഞു. തുടർ ദിവസങ്ങളിൽ വലിയപറമ്പ, പിലിക്കോട്, ആലന്തട്ട, വി.വി.നഗർ, നിടുംബ, കൊയാങ്കര, യൂണിറ്റുകൾ പരിപാടികൾ അവതരിപ്പിക്കും.ബാലവേദി സംസ്ഥാന കൺവീനർ പി രമേഷ്കുമാർ കോട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. മേഖല ബാലവേദി ചെയർമാൻ പ്രഭാകരൻ കുളങ്ങര അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ  ടി സുകുമാരൻ, ബാലവേദി ജില്ലാ ചെയർമാൻ ഗോപാലകൃഷ്ണൻ, പ്രദീപ് കൊടക്കാട്, ബിനേഷ്മുഴക്കോം, എം കെ വിജയകുമാർ, സംസാരിച്ചു. മേഖലാ ബാലവേദി കൺവീനർ സുകുമാരൻ ഈയ്യക്കാട് സ്വാഗതവും കെ വി പുരുഷോത്തമൻ നന്ദിയും പറഞ്ഞു. വരും നാളുകളിൽ കാസറഗോഡ് ജില്ലാ ഉപസമിതിയുടെ നേതൃത്വത്തിൽ ജില്ലയൊട്ടാകെയും തുടർന്ന് സംസ്ഥാന ബാലവേദി സബ് കമ്മിറ്റിയും വഴി മറ്റു ജില്ലകളിലും ശാസ്ത്ര ബാലോത്സവങ്ങൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *