
കാസർഗോഡ്: മാർച്ച് 14 മുതൽ ജൂൺ 21 വരെ നൂറു ദിനങ്ങളിലായി കുട്ടികളുടെ ശാസ്ത്രാഭിരുചിയേയും വിജ്ഞാനത്തേയും ശാസ്ത്ര ബോധത്തേയും പ്രോജ്വലിപ്പിച്ച സയൻഷ്യ ഹോംലാബ് നൂറുദിന ശാസ്ത്ര പരീക്ഷണങ്ങൾ സമാപിച്ചു. കോവിഡ് 19 കാരണം വീടുകളിൽ ഒതുങ്ങിപ്പോയ കുട്ടികളെ പ്രവർത്തനനിരതമാക്കിയ പരീക്ഷണ പരമ്പര കേരളത്തിലെ ബാലവേദി, വിദ്യാലയ, പരിഷത്ത് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് പ്രചരിപ്പിച്ചത്. ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി.യുടെ നേതൃത്വത്തിൽ ഗൾഫ് നാടുകളിലും പ്രചരിച്ചു. ദിവ്യാത്ഭുത അനാവരണം, അറിയാം ഇനിയും ഏറെ, ഇനിയും വളരേണ്ട ശാസ്ത്രബോധം, മുതുമുത്തച്ഛന്റെ കോപം, എന്തുകൊണ്ട് എന്തുകൊണ്ട്?, കർപ്പൂരം കൊണ്ടൊരു തീക്കളി, നിലയ്ക്കാത്ത ജലധാര, അരിയും കത്തിയും,പെൻ ടാപ്പ്, രസമുള്ള രസതന്ത്രം തുടങ്ങി നിരവധി പരീക്ഷണ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. പരിഷത്ത് സംസ്ഥാന ബാലവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നൂറുദിന പരീക്ഷണങ്ങളുടെ സമാപന യോഗത്തിൽ പരീക്ഷണങ്ങൾ നടത്തിയ ദിനേഷ്കുമാർ തെക്കുമ്പാടിനെ അനുമോദിച്ചു.നിരവധി ശാസ്ത്ര ഗ്രന്ഥങ്ങളുടെ രചയിതാവ് പ്രൊഫസർ എസ് ശിവദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് എ പി മുരളീധരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ രാധൻ, ബാലവേദി സംസ്ഥാന കൺവീനർ രമേഷ്കുമാർ, ഡോ. എൻ ഷാജി, പി മുഹമ്മദ് ഷാഫി, പി എസ് രാജശേഖരൻ, രൂപേഷ് ആർ മുച്കുന്ന്, എ സുരേന്ദ്രൻ, പ്രദീപ് കൊടക്കാട്, ദിനേഷ് കുമാർ തെക്കുമ്പാട്, കെ ടി സുകുമാരൻ എന്നിവർ ഓൺ ലൈൻ യോഗത്തിൽ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ പ്രേംരാജ്, പി വി ദേവരാജൻ, പ്രദീപ് കൊടക്കാട് എന്നിവർ ദിനേഷ് കുമാർ തെക്കുമ്പാടിന് അദ്ദേഹത്തിൽ വീട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ഉപഹാരം സമർപ്പിച്ചു.