ഇന്ത്യയിൽ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നു : അഡ്വ.കാളീശ്വരം രാജ്

0
21/01/24 തൃശ്ശൂർ
ഇലക്ടറൽ ബോണ്ട് എന്ന ആഭാസത്തിലൂടെ ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുന്നു എന്ന് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ.കാളീശ്വരം രാജ് അഭിപ്രായപ്പെട്ടു.
പ്രൊഫ.സി.ജെ.ശിവശങ്കരനെ സ്മരിച്ചു കൊണ്ട് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, സി.ജെ.എസ്.ട്രസ്റ്റ്, കോലഴി ഗ്രാമീണ വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ ‘ഇന്ത്യൻ ഫെഡറലിസത്തിന്റെ ഭാവി’ എന്ന വിഷയമവതരിപ്പിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇലക്ടറൽ ബോണ്ട് വഴി കോർപ്പറേറ്റുകൾ  രാഷ്ട്രീയക്കാർക്ക് കോടിക്കണക്കിന് രൂപ ഉപാധികളോടെ നൽകുകയും അധികാരത്തിൽ വന്നാൽ തിരിച്ച് പ്രത്യുപകാരം ചെയ്യുകയും ചെയ്യുന്നു. തുറുമുഖങ്ങളും വിമാനത്താവളങ്ങളും പൊതുമേഖലാസ്ഥാപനങ്ങളും  കോർപ്പറേറ്റുകൾക്ക് ലഭിക്കുന്നതിന്റെ രഹസ്യം ഇതാണ് !  ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ‘ എന്ന ആശയം അധികാരം ഉപയോഗിച്ച് നിഷ്കർഷിക്കുന്നത് ഫെഡറലിസം തകർക്കപ്പെടുന്നതിന്റെ സൂചനയാണ്. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഗവൺമെന്റുകൾ കാലാവധിക്കുമുമ്പ് ഈ രീതി വന്നാൽ പിരിച്ചുവിടപ്പെടും. തെരഞ്ഞെടുപ്പുകളുടെ മര്യാദയും സുതാര്യതയും സത്യസന്ധതയുമാണ് ഇത്തരത്തിൽ അട്ടിമറിക്കപ്പെടുന്നത്. തങ്ങൾക്കിഷ്ടമില്ലാത്തവർ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് അവർക്കവകാശപ്പെട്ട ഫണ്ട് പിടിച്ചു വെക്കുകയും തങ്ങളുടെ ഇഷ്ടക്കാർക്ക് വാരിക്കോരി കൊടുക്കുകയും ചെയ്യുന്ന പ്രവണത ഫെഡറലിസത്തിന്റെ നഗ്നമായ ലംഘനമാണ്. രാജ്യം സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണ്. ഒരു ഭരണഘടന നിലവിലുണ്ടെങ്കിലും നമുക്കത് അനുഭവവേദ്യമാകുന്നില്ല. ഭയാനകമായ സാഹചര്യം നിലനില്ക്കുന്നു. ഇന്ത്യയുടെ ഭരണഘടന ഉറപ്പു നൽകുന്ന ഫെഡറലിസവും സെക്കുലറിസവും റിപ്പബ്ലിക്കൻ ഭരണരീതിയും വലിയ ഭീഷണി നേരിടുന്നു എന്ന് കാശീശ്വരം രാജ് ചൂണ്ടിക്കാട്ടി.
ഡോ.കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.ജെ.എസിനെ സ്മരിച്ചുകൊണ്ട് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സംസാരിച്ചു.
‘ ഇന്ത്യൻ ഭരണഘടനയുടെ സമകാലീനവായന ‘ എന്ന വിഷയത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രസംഗമത്സരത്തിൽ വിജയികളായവർക്ക് പരിഷത്ത് ജില്ലാപ്രസിഡണ്ട് സി.വിമല പുരസ്കാരവിതരണം നടത്തി. ഗോപിക സുരേഷ് ശാസ്ത്രഗീതം ആലപിച്ചു. അഡ്വ.ടി.വി രാജു സ്വാഗതവും സി.ജെ.എസ്.ട്രസ്റ്റ് അംഗം ഡോ.സി.എൽ ജോഷി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *