യുറീക്ക ‘ ഏറെ പ്രചോദിപ്പിച്ച ശാസ്ത്ര മാസിക: ഡോ. ഫ്രാൻസിസ് കാക്കശ്ശേരി

0

തൃശ്ശൂർ: യുറീക്ക, ശാസ്ത്രകേരളം എന്നിവ കുഞ്ഞുന്നാളിൽ, തന്നെ ഏറെ പ്രചോദിപ്പിക്കുകയും സ്വാധീനിക്കുകയും അന്വേഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത ശാസത്രമാസികകളാണെന്ന് തൃശ്ശൂർ സെന്റ് തോമസ് കോളേജ് ജന്തുശാസ്ത്ര വിഭാഗം മേധാവി ഡോ. ഫ്രാൻസിസ് കാക്കശ്ശേരി പറഞ്ഞു.
ശാസ്ത്രസാഹിത്യ പരിഷത്ത് ഒല്ലൂക്കര മേഖല, സെന്റ് തോമസ് കോളേജിൽ സംഘടിപ്പിച്ച ദ്വിദിന ബാലശാസ്ത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേഖലയിലെ 7 പഞ്ചായത്തുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്തത്. പരിഷത്തിന്റെ മാസികകളും പുസ്തകങ്ങളും കുട്ടികളെ ചിന്തിക്കാനും ചോദ്യങ്ങൾ ചോദിക്കാനും പ്രേരിപ്പിക്കുന്നവയാണ്. നിരന്തരം ചോദ്യങ്ങൾ ചോദിച്ചിരുന്ന സോക്രട്ടീസിനെ പോലെയാണവര്‍. പലർക്കും അസ്വസ്ഥത ഉളവാക്കിയ സോക്രട്ടീസിന്റെ ചോദ്യങ്ങളാണ് അദ്ദേഹത്തിന് വിഷം കൊടുത്ത് കൊല്ലാൻ ചില അസഹിഷ്ണുക്കളെ പ്രേരിപ്പിച്ചത്..! ചോദ്യങ്ങൾ ചോദിച്ച് സ്വയം ഉത്തരം കണ്ടെത്തുന്ന രീതിയ്ക്ക് ഗവേഷണത്തിൽ ‘സോക്രാറ്റിക്’ എന്നാണ് വിശേഷിപ്പിക്കുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ആദ്യത്തേയും ഇപ്പോഴത്തേയും വിദ്യാഭ്യാസ മന്ത്രിമാർ ഉൾപ്പെടെ നിരവധി മഹാരഥന്മാരെ സംഭാവന ചെയ്ത മഹത്തായ പാരമ്പര്യമുള്ള കലാലയമാണ് സെന്റ് തോമസ് എന്ന് അദ്ദേഹം പറഞ്ഞു.
പരിഷത്ത് ഒല്ലൂക്കര മേഖ ലാ സെക്രട്ടറി ടി.വി.ഗോപീഹാസൻ അധ്യക്ഷത വഹിച്ചു. ബാലശാസ്ത്ര കോൺഗ്രസ് കൺവീനർ ടി. സത്യനാരായണൻ, സെന്റ് തോമസ് കോളേജ് അധ്യാപക-രക്ഷാകർതൃസമിതി പ്രസിഡണ്ട് ഫ്രാങ്കോ ചിറമ്മൽ, ഡോ.സി.എൽ.ജോഷി, ഡോ.എസ്.എൻ. പോറ്റി, സുമംഗല ടീച്ചർ എന്നിവർ സംസാരിച്ചു.എം.വി.അറുമുഖൻ, എം.ഇ.രാജൻ, കെ.ആർ. സുരേഷ്, പി.എം.ഹരിദാസ് ടി. എസ്.രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. മ്യൂസിയവും ലാബറട്ടറിയും കുട്ടികൾ പ്രയോജനപ്പെടുത്തി. പ്രൊജക്ട് അവതരണവും ചർച്ചയും സൂക്ഷ്മജീവികളെ സൂക്ഷ്മദർശിനി ഉപയോഗിച്ച് നിരീക്ഷിക്കലും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *