പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായി വിദ്യാഭ്യാസ സംവാദങ്ങള്‍

0

സുഹൃത്തുക്കളേ
[dropcap]പൊ[/dropcap]തുവിദ്യാഭ്യാസം സംരക്ഷിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കും എന്ന വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവന പരിഷത്തിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്തയാണ്. കോടതിവിധിയുടെ ബലത്തില്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച നാല് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്നും മറ്റുള്ള സ്‌കൂളുകള്‍ അടച്ചുപൂട്ടാതെ സാമൂഹിക ഉത്തരവാദിത്വത്തില്‍ നടത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കയാണ്. ആയിരം ഗവണ്‍മെന്റ് സ്‌കൂളുകളെ ആധുനികവല്‍ക്കരിക്കാനും ഹൈസ്‌കൂളുകളെ ഹൈടെക്കാക്കിമാറ്റുവാനും സ്‌കൂളുകള്‍ക്ക് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി നടപ്പിലാക്കുമെന്നും പറയുന്നു. ഇതെല്ലാം വിദ്യാഭ്യാസ ചര്‍ച്ചയെ പുതിയൊരു തലത്തിലേക്ക് വഴിതിരിച്ചിരിക്കുകയാണ്. പൊതുവിദ്യാഭ്യാസം സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ എല്ലാ ‍ശ്രമങ്ങളോടും സഹകരിക്കാന്‍ പരിഷത്ത് തയ്യാറാണ്.
ഇന്ത്യയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നവലിബറല്‍ പരിഷ്‌കാരങ്ങള്‍ വിദ്യാഭ്യാസ സങ്കല്‍പ്പത്തെയാകെ മാറ്റിമറിച്ചിരിക്കുകയാണ്. വിദ്യാഭ്യാസം വളര്‍ത്തിക്കൊണ്ടുവരുന്ന മതനിരപേക്ഷത, ജനാധിപത്യം, പൗരബോധം, സാമൂഹികാവബോധം, തുടങ്ങിയ സങ്കല്‍പ്പങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. അവയ്ക്ക് പകരം വിദ്യാര്‍ഥി, വിദ്യാഭ്യാസ കമ്പോളത്തിലെ ഒരു ഉപഭോക്താവാണെന്നും ഉപഭോക്താവിന്റെ ആഗ്രഹനിവൃത്തിവരുത്തുകയാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നുമുള്ള വാദം പ്രചരിക്കുന്നു. വിദ്യാഭ്യാസ സംബന്ധമായ നിയമങ്ങളും സമകാലിക കോടതി വിധികളും ഇതിനെ ബലപ്പെടുത്തുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസലക്ഷ്യങ്ങളെ വഴിതിരിക്കേണ്ടതുണ്ട്. സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അതിനുള്ളതായിരിക്കണം.
സ്കൂളുകളെ ഹൈടെക് ആക്കുമെന്നും ആധുനികവല്കരിക്കുമെന്നും പറയുമ്പോള്‍ കേവലം ഭംഗിയുള്ള കെട്ടിടങ്ങളും സാങ്കേതികവിദ്യകളുടെ പ്രയോഗവും മാത്രമല്ല അതിന്റെ അടിസ്ഥാനമാകേണ്ടത്. സാമൂഹ്യജ്ഞാനനിര്‍മിതിവാദമനുസരിച്ച് വിദ്യാര്‍ഥി അറിവ് സ്വയം നിര്‍മിക്കുന്നയാളാണ്. സ്വന്തം ചുറ്റുപാടുകളില്‍ നിന്നും ലഭ്യമായ സാങ്കേതികവിദ്യകളടക്കമുള്ള സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തി ജ്ഞാനം സമ്പാദിക്കുന്നയാള്‍. അയാളെ സംബന്ധിച്ചിടത്തോളം സ്‌കൂളുകള്‍ പ്രവേശനപരീക്ഷകള്‍ക്കായുള്ള പരിശീലനക്കളരികളല്ല, അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നു സൃഷ്ടിക്കുന്ന പണിപ്പുരകളാണ്. സ്കൂള്‍ ആധുനികവല്കരണം അത്തരം പണിപ്പുരകളുടെ ശാക്തീകരണമാകണം.
വിദ്യാഭ്യാസം കുട്ടികളുടെ അവകാശമായി അംഗീകരിച്ച രാജ്യമാണിത്. 6 മുതല്‍ 14 വയസ്സുവരെ പ്രായത്തിലുള്ള എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുക എന്നത് ഗവണ്മെന്റിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും അവരുടെ അയല്‍പ്പക്കത്ത് ലഭിക്കണം. അത് ലഭ്യമാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണ്. ആ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം.

[box type=”info” align=”” class=”” width=””]പിടിയരിയും വസ്തുദാനവും സൗജന്യ അധ്വാനവുമാണ് നമ്മുടെ പൊതുവിദ്യാലയങ്ങളുടെ മൂലധനം. പൂര്‍വസൂരികളുടെ നല്ലമനസ്സിന്റെ സ്മാരകമായി വേണം മാനേജ്മെന്റ് സ്കൂളുകളെ കാണാന്‍. അല്ലാതെ പിതൃസ്വത്തിന്റെ അവകാശമായി കണ്ടാല്‍ പൊതുവിദ്യാഭ്യാസം തകരും. അധ്യാപകര്‍ക്ക് ശമ്പളവും കെട്ടിടത്തിന് ഗ്രാന്റും സര്‍ക്കാരാണ് നല്കിയത്. സര്‍ക്കാര്‍ നിബന്ധനകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സ്‌കൂള്‍ നടത്താനുള്ള അനുവാദം മാത്രമാണ് മാനേജ്‌മെന്റുകള്‍ക്ക് ഉള്ളത്, അങ്ങനെയേ ആകാന്‍ പാടുള്ളൂ. അതുകൊണ്ട് സ്‌കൂള്‍ പൂട്ടണമെങ്കില്‍ സര്‍ക്കാരിന്റെയും പൊതുസമൂഹത്തിന്റെയും സമ്മതം ആവശ്യമാകുന്ന സാഹചര്യം ഉണ്ടാകണം. കുട്ടികള്‍ കുറഞ്ഞു എന്ന ഒറ്റക്കാരണത്താല്‍ സ്‌കൂള്‍ ഇല്ലാതാകുന്നില്ല. അത് തുടര്‍വിദ്യാഭ്യാസ കേന്ദ്രമോ കുട്ടികള്‍ക്കുള്ള പരിശീലനകേന്ദ്രമോ, വായനശാലകളോ ആക്കാം. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ കൂടി പശ്ചാത്തലത്തില്‍ കേരള വിദ്യാഭ്യാസനിയമത്തില്‍ ഇതിനായുള്ള ഭേദഗതികള്‍ എത്രയുംപെട്ടെന്ന് കൊണ്ടുവരണം. [/box]

പൊതുവിദ്യാഭ്യാസം ഈവിധം മാറണമെങ്കില്‍ വിദ്യാഭ്യാസത്തിലെ ജനകീയ ഇടപെടല്‍ ശക്തിപ്രാപിക്കണം. അതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ‘നവകേരള സൃഷ്ടിക്കായി പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക’ എന്ന മുദ്രാവാക്യമുയര്‍ത്തി വ്യാപകമായി വിദ്യാഭ്യാസ കണ്‍വെന്‍ഷനുകളും സംവാദങ്ങളും നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. അധ്യാപകരും, വിദ്യാര്‍ഥികളും, രക്ഷിതാക്കളും അടങ്ങുന്ന പൊതുസമൂഹം ഇതിന് നേതൃത്വം നല്‍കണം. സംവാദങ്ങള്‍ക്കുള്ള കൈപ്പുസ്തകം തയ്യാറാക്കി എത്തിച്ചിട്ടുണ്ട്. താങ്കളുടെ യൂണിറ്റില്‍ സംവാദം ഇതിനകം ആസൂത്രണം ചെയ്തിരിക്കുമെന്ന് കരുതട്ടെ.

അഭിവാദനങ്ങളോടെ
മുരളീധരന്‍ പി
ജനറല്‍ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *