ഇ.കെ.നാരായണനെ അനുസ്മരിച്ചു

0

ഇരിങ്ങാലക്കുട : പരിഷത്ത് മുന്‍ ജനറല്‍സെക്രട്ടറിയായിരുന്ന ഇ.കെ.നാരായണന്‍ മാസ്റ്ററും ഭാര്യ നളിനിയും നമ്മെ വിട്ടുപിരിഞ്ഞിട്ട് ആഗസ്റ്റ് 24-ന് 14 വര്‍ഷം തികഞ്ഞു. നാരായണന്‍ മാസ്റ്ററുടെ സ്‌മരണ നിലനിര്‍ത്തുന്നതിനും അദ്ദേഹത്തിന്റെ പ്രവൃത്തിപഥം മുമ്പോട്ടു കൊണ്ടുപോകുന്നതിനും വേണ്ടി ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന ഇ.കെ.എന്‍. വിദ്യാഭ്യാസ ഗവേഷണ വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 2016 ആഗസ്റ്റ് 24ന് ഇരിങ്ങാലക്കുട എസ് ആന്റ് എസ് ഹാളില്‍ നാരായണന്‍മാസ്റ്ററുടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പരിഷത്ത് പ്രവര്‍ത്തകരും ജനപ്രതിനിധികളും ഒത്തുചേര്‍ന്ന് മാസ്റ്ററുടെ ഓര്‍മ പുതുക്കി. പരിഷത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തക എ.പി.സരസ്വതി അനുസ്മരണ പ്രഭാഷണം നടത്തി. നമ്മുടെ കുടുംബത്തിലുള്ള ഒരാള്‍ എന്ന രീതിയിലുള്ള ഇ.കെ.എന്നിന്റെ പെരുമാറ്റ ശൈലി അദ്ദേഹത്തെ എല്ലാവരുടെയും സഹോദരനാക്കി മാറ്റി. സഹോദരന്റെ വേര്‍പാട് ദുഃഖമാണ് എന്നെപ്പോലെയുള്ളവര്‍ അനുഭവിക്കുന്നതെന്ന് എ.പി.സരസ്വതി ചൂണ്ടിക്കാട്ടി. സി.പി.നാരായണന്‍ എം.പി ‘ജനകീയാസൂത്രണം : പ്രസക്തിയും പ്രാധാന്യവും’ എന്ന വിഷയത്തില്‍ സ്മാരകപ്രഭാഷണം നടത്തി. 1976 ല്‍ വിദ്യാഭ്യാസത്തെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടിയുള്ള നാല്‍പത്തിരണ്ടാം ഭരണഘടനാ ഭേദഗതിയിലൂടെ വികേന്ദ്രീകരണത്തിനെതിരായിട്ടുള്ള കേന്ദ്രത്തിന്റെ നിയമനിര്‍മാണം ജി.എസ്.ടി ബില്ലിനു വേണ്ടിയുള്ള 122ആം ഭേദഗതിയില്‍ എത്തി നില്‍ക്കുകയാണ്. അധികാരം കൂടുതല്‍ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ ജനകീയാസൂത്രണ പ്രസ്ഥാനത്തിന് വിപ്ലവസ്വഭാവമാണുള്ളത്. അധികാരം പരിമിതമാണെങ്കിലും ജനങ്ങളെ ഒന്നിച്ചു നിര്‍ത്തി വലിയ മാറ്റങ്ങള്‍ വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും നമുക്ക് നടപ്പിലാക്കാന്‍ കഴിയും. പുതിയ സാഹചര്യത്തില്‍ ജനകീയാസൂത്രണവും അധികാരവികേന്ദ്രീകരണവും മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള ചിന്തകളായിരുന്നു പ്രഭാഷണത്തിന്റെ ഉള്ളടക്കം. ജില്ലാപഞ്ചായത്തംഗങ്ങളായ എന്‍.കെ.ഉദയപ്രകാശ്, ടി.ജി.ശങ്കരനാരായണന്‍, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജി നക്കര എന്നിവര്‍ പ്രതികരണങ്ങള്‍ അവതരിപ്പിച്ചു. ഇ.കെ.എന്‍.സെന്റര്‍ പ്രസിഡണ്ട് പ്രൊഫ.എം.കെ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.എസ്.ശ്രീകുമാര്‍ സ്വാഗതവും പ്രൊഫ.കെ.കെ.ചാക്കോ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *