കുടുംബശ്രീ പരിശീലന ഗ്രൂപ്പുകൾക്കുള്ള പരിശീലനം

0

ഐ.ആര്‍.ടി.സി : സ്ത്രീസൗഹൃദ പഞ്ചായത്തുകൾക്കായുള്ള പ്രാദേശിക ഇടപെടൽ പ്രവർത്തനം ലക്ഷ്യം വച്ച് കുടുംബശ്രീ പരിശീലക ഗ്രൂപ്പുകൾക്ക് വേണ്ടി സംസ്ഥാന ജന്റര്‍ വിഷയസമതി സംഘടിപ്പിച്ച പരിശീലനം സമാപിച്ചു.
കുടുംബശ്രീ പ്രവർത്തകരെ പരിശീലിപ്പിക്കുന്ന 19 പരിശീലക്രഗ്രൂപ്പുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇവയിൽ അഞ്ചു ജില്ലകളിലെ പരിശീലക ഗ്രൂപ്പുകൾക്കാണ് ഒക്ടോബർ 12,13 തിയതികളിൽ IRTC യിൽ പരിശീലനം നൽകിയത്. സംസ്ഥാന ജന്റര്‍വിഷയസമിതി തയ്യാറാക്കിയ മൊഡ്യൾ പ്രകാരമായിരുന്നു പരിശീലനം. സ്ത്രീത്വത്തെയും, പുരുഷത്വത്തെയും പറ്റി നിലനിൽക്കുന്ന ധാരണകൾ എപ്രകാരം രൂപപ്പെട്ടു? സ്ത്രീപുരുഷ സ്വഭാവഗുണങ്ങളായി (Feminity, Masculimity) സമൂഹം കാണുന്ന സ്വഭാവ സവിശേഷതകൾക്കു പിന്നിലെ സാമാന്യ യുക്തിയെന്താണ്? ലിംഗവ്യത്യാസത്തിന്റെയും ലിംഗപദവിയുടെയും ശാസ്ത്ര-സാമൂഹ്യ ശാസ്ത്രഘടകങ്ങൾ എന്തൊക്കെ? സ്ത്രീത്വം, പുരുഷത്വം എന്നിവയെക്കുറിച്ച നിലനിൽക്കുന്ന വാർപ്പു മാതൃകകൾക്കനുസരിച്ച ആൺകുട്ടിയെയും, പെൺകുട്ടിയെയും രൂപപ്പെടുത്താൻ മതം, കുടുംബം, മാധ്യമം, പൊതുസ്ഥാപനങ്ങൾ, സമൂഹം എന്നിവ വഹിക്കുന്ന പങ്ക് എത്രമാത്രം? എന്നീ കാര്യങ്ങൾ വിവിധ സെഷനുകളിൽ പങ്കാളിത്തപരമായി സംവദിക്കപ്പെട്ടു. ലിംഗവ്യത്യാസത്തിന്റെയും ലിംഗപദവിയുടെയും ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര വിശകലനം ഡോ. ജയശ്രീ അവതരിപ്പിച്ചു. മതം, മാധ്യമം, ലിംഗത്വം എന്നീ മേഖലകളിൽ നേരിടേണ്ടി വരുന്ന വിവേചനാനുഭവങ്ങൾ സിസ്റ്റർ ജസ്മി, ഷീന (മാധ്യമപ്രവർത്തക), ശീതൾ (ട്രാൻസ് ജൻഡർ) എന്നിവർ ക്യാമ്പംഗങ്ങളുമായി പങ്കുവച്ചു. സമശീർഷതയിൽ നിന്നും സ്ത്രീസമൂഹം രണ്ടാം പദവിയിലേക്കെത്തപ്പെട്ടതിന്റെ ചരിത്രപരമായ കാരണങ്ങളും, അതിൽ കമ്പോളയുക്തിയുടെ സ്വാധീനവും സംബന്ധിച്ച ചർച്ചകൾക്ക് അജില ടീച്ചർ നേതൃത്വം നൽകി. ജന്റര്‍വിഷയത്തിലെ പരിഷത്ത് ഇടപെടൽ, അനുഭവും സ്ത്രീപഠനം എന്നിവ സംബന്ധിച്ച് സുദർശനാഭായി ടീച്ചർ, സോജ എന്നിവർ വിശദീകരിച്ചു. കുടുംബശി സംവിധാനത്തിന്റെ ശക്തി ദൗർബല്യങ്ങൾ സംബന്ധിച്ച ക്യാമ്പംഗങ്ങൾ തന്നെ നടത്തിയ വിശകലനത്തോട് പ്രതികരിച്ചു കൊണ്ട് കുടുംബശി സംബന്ധിച്ച പരിഷത്ത് നിരീക്ഷണങ്ങൾ ഡോ. രാജേഷ് അവതരിപ്പിച്ചു. രണ്ടാംദിവസം പ്രാദേശിക ഭരണ സംവിധാനം, ആസൂത്രണനടപടി ക്രമം, കുടുംബശി, സുക്ഷ്മതല സംഘടനാ സംവിധാനങ്ങൾ എന്നിവയുടെ നിലവിലുള്ള സ്ഥിതി വിലയിരുത്തിക്കൊണ്ട സ്ത്രതി സൗഹൃദ-ശിശുസൗഹൃദ പഞ്ചായത്തിനായുള്ള ഇടപെടൽ സാധ്യതകൾ കെ. ബി. മദൻമോഹൻ വിശദീകരിച്ചു.
അയൽക്കൂട്ടം, ജാഗ്രതാസമതി, വനിതാ ഘടകപദ്ധതി എന്നീ സാധ്യതകളെ ലിംഗ തുല്യതാ വിദ്യാഭ്യാസത്തിനുപയോഗിക്കേണ്ടതെങ്ങനെയെന്നും ക്യാമ്പിൽ ചർച്ച ചെയ്തു. കുടുംബശ്രീ ഗ്രൂപ്പുകൾക്കു കൂടി ഗുണകരമായി IRTC നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച ഡോ. എൻ. കെ. ശശിധരൻ പിള്ള സംസാരിച്ചു. കോട്ടയം, എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട് ജില്ലകളിൽ പ്രവർത്തിക്കുന്ന EKSAT, AWAKE, ARISE, AWARE, FORTUNE ഗ്രൂപ്പുകളിൽ നിന്നുള്ളവരും മറ്റു ജില്ലകളിലെ പ്രതിനിധികളുമുൾപ്പെടെ 57 കുടുംബശ്രീ പരിശീലകരും തൃശൂർ കോഴിക്കോട് എറണാകുളം ജില്ലകളിൽ നിന്നുള്ള പരിഷത്ത് ജന്റര്‍വിഷയസമിതിയംഗങ്ങളുമാണ് ക്യാമ്പിൽ പങ്കെടുത്തത്. ഓരോ പരിശീലക ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ, ഓരോ ഗ്രാമപഞ്ചായത്തു തെരഞ്ഞെടുത്ത് സ്ത്രീ-സൗഹൃദ വികസന മാതൃകകൾ രൂപപ്പെടുത്തുകയാണ് ലക്ഷ്യം. മുല്ലശ്ശേരി (തൃശൂർ) വടക്കേക്കര (എറണാകുളം), വെളിയന്നൂർ (കോട്ടയം), വാത്തുക്കുടി (ഇടുക്കി), പറളി (പാലക്കാട്) എന്നീ ഗ്രാമപഞ്ചായത്തുകളാണ് പ്രാഥമികമായി തീരുമാനിച്ചിട്ടുള്ളത്. ക്യാമ്പിലെ അക്കാദമിക്സ് ഫെസിലിറ്റേഷൻ സുദർശനാഭായി ടീച്ചർ നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ക്യാമ്പംഗങ്ങളെ അഭിസംബോധന ചെയ്തു. വൈസ് പ്രസിഡണ്ട് ശാന്തകുമാരി ജന്റര്‍വിഷയസമിതി കൺവീനർ പി. ഗോപകുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *