ആലപ്പുഴ ജില്ലാ കലാജാഥ സമാപിച്ചു
ചേര്‍ത്തല : ആലപ്പുഴ ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നവോത്ഥാന കലാജാഥ ഫെബ്രുവരി 6ന് ചേർത്തലയിൽ വച്ച് കന്നട എഴുത്തുകാരി ചേതന തീർത്ഥഹളളി ഉദ്ഘാടനം ചെയ്തു. ജാഥാ അംഗങ്ങള്‍ ചേതനക്കൊപ്പം കേരളത്തിലെ ആദ്യത്തെ ജനകീയ മന്ത്രിസഭയിലെ ഇന്ന് ജീവിച്ചിരിക്കുന്ന ഏക അംഗം സ.കെ.ആർ ഗൗരിയമ്മയെ സന്ദർശിച്ചു’ ജാഥാ ക്യാപ്റ്റൻ ബായീകൃഷ്ണന് ഗൗരിയമ്മ പതാക കൈമാറി. ഗൗരിയമ്മക്കിപ്പോൾ 98 വയസ്. ആദ്യം ഞങ്ങളെക്കണ്ടപ്പോൾ ക്ഷീണം കൊണ്ട് വയ്യ എന്നായി. നങ്ങേലി പറമ്പിൽ നിന്നാണ് ആരംഭിക്കുന്നത് എന്ന് പറഞ്ഞപ്പോൾ ആവേശമായി. മേധാക്ഷയം എവിടെയോ മറഞ്ഞു. ചരിത്ര സംഭവങ്ങൾ വിവരിച്ചുതുടങ്ങി.
ജാഥാംഗങ്ങളുടെ കൈ പിടിച്ച് ഗൗരിയമ്മ പുറത്തിറങ്ങി’ ഗേറ്റ് വരെ വന്ന് യാത്രയാക്കുമ്പോൾ ‘എനിക്ക് നിങ്ങളുടെ കൂടെ വരാൻ തോന്നുന്നു’ എന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിച്ചു. അവിടെ നിന്നും പകർന്നു കിട്ടിയ ആവേശവുമായാണ് ജാഥ ചേർത്തലയിലെത്തിയത്. നങ്ങേലി പറമ്പെന്നും മുലച്ചിപറമ്പെന്നും വിളിക്കുന്ന നങ്ങേലിയുടെ മണ്ണിലെ താൽകാലിക സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ജാഥ വേദിയിലേക്ക് നീങ്ങി. 32 കേന്ദ്രങ്ങളില്‍ പര്യടനത്തിന് ശേഷം ഫെബ്രു 15 ന് മാറ് മറക്കൽ സമരത്തിന് നേതൃത്വം നൽകിയ ആറാട്ടുപുഴ വേലായുധ പണിക്കരുടെ മണ്ണിൽ ജാഥ സമാപിച്ചു.