കണ്ണൂര്‍ : മാരകമായ പത്തു രോഗങ്ങളെ വാക്സിന്‍‍ മുഖേന തടയാമെന്നിരിക്കേ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്‌പ്പുകള്‍ നിഷേധിക്കുന്നത് അവരോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണെന്നും ഇത്തരം അശാസ്ത്രീയതക്കെതിരെ ജന മനസ്സാക്ഷി ഉണരണമെന്നും ആരോഗ്യ സെമിനാര്‍ ആവശ്യപ്പെട്ടു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ‘‍വാക്സിനേഷന്‍ നാടിന്റെ ആരോഗ്യത്തിന്’ എന്ന പേരില്‍ നടത്തിയ ആരോഗ്യജാഥകളുടെ സമാപനത്തിന്റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. ആരോഗ്യ സാക്ഷരതയില്‍ കേരളം പുറകോട്ടു പോവുകയാണ്. വാക്സിനെടുത്ത ദശലക്ഷക്കണക്കിനു വരുന്ന ജനങ്ങളില്‍ ഏതെങ്കിലുമൊരാള്‍ക്ക് രോഗം വന്നാല്‍ പ്രതിരോധ വാക്സിന്‍ മൊത്തത്തില്‍ പരാജയമാണെന്ന് പ്രചരിപ്പിക്കുകയാണ് ചിലര്‍ ചെയ്യുന്നത്.

കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. പ്രൊഫ.എന്‍.കെ. ഗോവിന്ദന്‍ മോഡറേറ്ററായി. ഡോ.ജയകൃഷ്ണന്‍ (കോഴിക്കോട് മെഡിക്കല്‍ കോളേജ്), ഡോ.ജ്യോതി.പി.എം (ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍), ഡോ.ഊര്‍മിള (പരിയാരം മെഡിക്കല്‍ കോളേജ്), ഡോ.എ.കെ.ജയശ്രീ (പരിയാരം മെഡിക്കല്‍ കോളേജ്), ഡോ.സരിന്‍ (പരിയാരം മെഡിക്കല്‍ കോളേജ്), ഡോ.ശാരദ (കണ്ണൂര്‍ മെഡിക്കല്‍ കോളേജ്) എന്നിവര്‍ വിഷയാവതരണം നടത്തി. എം. വിജയകുമാര്‍ സ്വാഗതവും എം. പങ്കജാക്ഷന്‍ നന്ദിയും പറഞ്ഞു.

ജാഥാ കേന്ദ്രങ്ങളില്‍ ഡോ.മുസ്തഫ, ഡോ. ഇബ്രാഹിം, സതീശന്‍.കെ, വി.കെ. ചന്ദ്രന്‍, സുരേഷ് കണ്ണാടിപ്പറമ്പ്, രാജിനി, കുഞ്ഞിരാമന്‍ കവിണിശ്ശേരി സംസാരിച്ചു.