പാഠപുസ്തകങ്ങളിൽ ഒഴിവാക്കിയ പാഠഭാഗങ്ങൾ പുനസ്ഥാപിക്കണം തെരുവോര ക്ലാസുകൾക്ക് റിസോഴ്സ് പരിശീലനം
എൻ.സി.ഇ.ആർ.ടി, സി.ബി.എസ്.ഇ പാഠ പുസ്തകങ്ങളിൽ നിന്നും പാഠഭാഗങ്ങൾ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരേ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ കണ്ണൂരില്‍ തെരുവോരങ്ങളിൽ സംവാദങ്ങൾ സംഘടിപ്പിക്കുന്നു
കണ്ണൂർ : കോവിഡ് കാലത്ത് കുട്ടികളുടെ പഠനഭാരം ലഘൂകരിക്കുന്നതിനായി എൻ.സി.ഇ.ആർ.ടി, സി.ബി.എസ്.ഇ പാഠ പുസ്തകങ്ങളിൽ നിന്നും ഒഴിവാക്കിയ പാഠഭാഗങ്ങൾ കോവിഡിനു ശേഷം പുനസ്ഥാപിക്കാൻ ശ്രമിക്കാത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരേ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തിൽ തെരുവോരങ്ങളിൽ സംവാദങ്ങൾ സംഘടിപ്പിക്കുന്നു. ചരിത്രം, ജീവശാസ്‌ത്രം, രസതന്ത്രം എന്നീ വിഷയങ്ങളിലെ മർമ്മ പ്രധാനമായ മുഗൾ ചക്രവർത്തിമാരുടെ സംഭാവനകൾ, പരിണാമ സിദ്ധാന്തം, ആവർത്തന പട്ടിക തുടങ്ങിയ കുട്ടികളിൽ ചരിത്ര ബോധവും, യുക്തിചിന്തയും, ശാസ്ത്ര ബോധവും വളർത്താനുതകുന്ന പാഠഭാഗങ്ങളാണ് ഒഴിവാക്കപ്പെട്ടിരിക്കുന്നത്.ഈ വിഷയങ്ങളുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനായുള്ള ക്ലാസ്സുകളുടെ റിസോഴ്സ് പരിശീലനം കണ്ണൂർ പരിഷത്ത് ഭവനിൽ നടന്നു. തുടർന്ന്ജില്ലയിലുടനീളം ക്ലാസ്സുകൾ സംഘടിപ്പിക്കും. പി.വി.പുരുഷോത്തമൻ മാസ്റ്റർ ആമുഖ അവതരണം നടത്തി. ജില്ലാ പ്രസിഡന്റ് കെ പി പ്രദീപൻ അധ്യക്ഷനായി. തുടർന്ന് രാജേഷ് കടന്നപ്പള്ളി, സുരേന്ദ്രൻ അടുത്തില, എ.വി.സുരേന്ദ്രൻ ,വി.വി.ശ്രീനിവാസൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ എടുത്തു. സംസ്ഥാന ട്രഷറർ പി പി ബാബു, ജില്ലാ സെക്രട്ടറി പി ടി രാജേഷ്, കെ വിനോദ് കുമാർ എന്നിവർ സംസാരിച്ചു.കെ.ബാലകൃഷ്ണൻ സ്വാഗതവും കെ.ആർ അശോകൻ മാസ്റ്റർ നന്ദിയും പറഞ്ഞു.