കിൻഫ്ര പാർക്കിനായി പുഴയ്ക്കൽ പാടം നികത്തൽ പുന:പരിശോധിക്കണം : പരിഷത്ത്*

0
11/02/24 എടത്തിരുത്തി
തൃശൂർ പുഴയ്ക്കൽ പാടത്തെ 35 ഏക്കർ നിലം കിൻഫ്ര പാർക്കിനായി നികത്താനുള്ള മന്ത്രിസഭയുടെ പ്രത്യേക തീരുമാനം പുന:പരിശോധിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാസമ്മേളനം അംഗീകരിച്ച പ്രമേയം സർക്കാരിനോടാവശ്യപ്പെട്ടു. നെൽവയൽ – തണ്ണീർത്തടസംരക്ഷണ നിയമപ്രകാരം ഡാറ്റ ബാങ്കിൽ ഉൾപ്പെടുന്നതും അന്താരാഷ്ട്ര പ്രശസ്തിയുമുള്ള തണ്ണീർത്തടശൃഖലയുടെ ഭാഗമായതും ദേശാടനപക്ഷികളുൾപ്പെടെ നിരവധിയായ പക്ഷിവൈവിധ്യത്താൽ സമ്പന്നവും വിപുലവുമായ ജൈവവൈവിധ്യങ്ങളാൽ അനുഗൃഹീതമാണ് നിർദ്ദിഷ്ടപ്രദേശം. പ്രസ്തുത നിലം കിൻഫ്രയ്ക്കു വേണ്ടി പരിവർത്തനം ചെയ്യുന്നതിന് നൽകിയ അപേക്ഷ കൃഷിവകുപ്പ് അണ്ടർ സെക്രട്ടറി പരിശോധിച്ച് നേരത്തെ നിരസിച്ചതാണ് (നമ്പർ 209/എൻ.സി.എ 2/2019 dt 24.09.2021).
പൊതു ആവശ്യത്തിനായി എന്ന ന്യായീകരണം പറഞ്ഞാണ് നിലം പരിവർത്തനപ്പെടുത്തുന്നതിന് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ചുറ്റും നെൽവയലുകളുള്ളതും ജലാഗമന- നിർഗ്ഗമന മാർഗ്ഗങ്ങൾക്ക് തടസ്സമാകുന്നതും ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളുളവാക്കുന്നതുമാണ് നിലം പരിവർത്തനം. ഈ സാഹചര്യത്തിൽ അതിവിശാലമായ നെൽവയൽ നികത്തിയെടുക്കുന്നത് ഈ തണ്ണീർത്തട ആവാസവ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും. തൃശൂർ ജില്ലയിൽ സർക്കാർ ഉടമസ്ഥതയിൽ തന്നെ ധാരാളം ഭൂമിയുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. ആയതിനാൽ നെൽവയൽ – തണ്ണീർത്തട ആവാസവ്യവസ്ഥക്കുണ്ടാക്കുന്ന അപരിഹാര്യമായ നഷ്ടം ഒഴിവാക്കുന്നതിന് കിൻഫ്ര പാർക്കിനു വേണ്ടി നെൽവയലല്ലാത്ത സ്ഥലങ്ങൾ കണ്ടെത്തുന്നതിനും അതുവഴി നെൽവയൽ തണ്ണീർത്തട നിയമം 2008-ലെയും 2018-ലെ നിയമഭേദഗതിയുടെയും അന്ത:സത്തയെ നിലനിറുത്തണമെന്നും മന്ത്രിസഭായോഗ തീരുമാനം പുന:പരിശോധിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
മുല്ലശ്ശേരി – വെങ്കിടങ്ങ് കോൾപടവുകളിലെ നെല്ലുത്പാദന തകർച്ചക്കുള്ള കാരണം പഠിച്ച് പരിഹാരം കാണണമെന്ന മറ്റൊരു പ്രമേയവും സമ്മേളനം അംഗീകരിച്ചു.
പരിഷത്ത് ജില്ലാപ്രസിഡണ്ട് സി.വിമല അധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി റിപ്പോർട്ടും ട്രഷറർ ഒ.എൻ.അജിത് കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാനസെക്രട്ടറി പി.പ്രദോഷ് സംഘടനാരേഖയും ടി.വി.രാജു ഭാവിപ്രവർത്തനരേഖയും അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് സമ്മേളനത്തെ അഭിസംബോധന ചെയ്തു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രതിനിധികൾ ചർച്ച ചെയ്യുകയും പ്രതികരിക്കുകയും ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് ശാസ്ത്രജാഥയും സംഘടിപ്പിച്ചിരുന്നു.
താഴെ പറയുന്നവരെ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു.
സി.വിമല (പ്രസിഡണ്ട്)
ഡോ.സി.എൽ ജോഷി, ജയ്മോൻ സണ്ണി
(വൈസ് പ്രസിഡണ്ടുമാർ)
അഡ്വ. ടി.വി.രാജു (സെക്രട്ടറി)
കെ.കെ.കസീമ, സോമൻ കാര്യാട്ട് (ജോ.സെക്രട്ടറിമാർ)
പി.രവീന്ദ്രൻ (ട്രഷറർ)

Leave a Reply

Your email address will not be published. Required fields are marked *