തൃശ്ശൂർ ജില്ലാസമ്മേളനം – *ബദൽമാധ്യമങ്ങളെ പിന്തുണയ്ക്കണം : കെ.കെ.ഷാഹിന*

0
10/02/24 എടത്തിരുത്തി
 സമൂഹത്തിലെ യഥാർത്ഥപ്രശ്നങ്ങളെ പുറത്തുകൊണ്ടുവരുന്നതിൽ ധൈര്യം കാണിച്ച് ഇന്ത്യയിൽ ഉയർന്നുവരുന്ന ബദൽമാധ്യമങ്ങളെ ജനങ്ങൾ ശക്തമായി പിന്തുണയ്ക്കണമെന്ന് പ്രമുഖ മാധ്യമപ്രവർത്തക കെ.കെ.ഷാഹിന പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശ്ശൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജനാധിപത്യത്തിൻ്റെ നാലാം തൂണായി പ്രവർത്തിക്കേണ്ട മുഖ്യധാരാമാധ്യമങ്ങൾ തങ്ങളുടെ കടമ നിർവഹിക്കുന്നില്ലെന്നും അവർ സമൂഹമാധ്യമങ്ങളോട് മത്സരിക്കുകയാണ് ചെയ്യുന്നതെന്നും ഷാഹിന പറഞ്ഞു. 3 ലക്ഷം അച്ചടിമാധ്യമങ്ങളും 800ഓളം ടി.വി. ചാനലുകളും എണ്ണമറ്റ ഡിജിറ്റൽ മാധ്യമങ്ങളും ഇന്ത്യയിൽ ഉണ്ടെങ്കിലും അവയെ നിയന്ത്രിക്കുന്നത് നിക്ഷിപ്ത താൽപര്യങ്ങളുള്ള വിരലിലെണ്ണാവുന്ന കോർപ്പറേറ്റുകളാണ്. ഭരണകൂടത്തിൻ്റെ കയ്യാളുകളായി മുഖ്യധാരാമാധ്യമങ്ങൾ അധ:പതിക്കുന്നു. തലച്ചോറ് പ്രവർത്തിപ്പിക്കാതെ വാർത്തയുടെ കേവലം ഉപഭോക്താക്കളായി ജനം മാറുന്നു. വാർത്തകളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യാനും അതിലെ സത്യവും മിഥ്യയും വേർതിരിച്ചറിയാനും ശേഷിയില്ലാത്ത ജനങ്ങളാണ് സമഗ്രാധിപത്യ ഭരണകൂടത്തിൻ്റെ അടിത്തറ എന്നവർ ചൂണ്ടിക്കാട്ടി. ഈ ദുസ്ഥിതി മറികടക്കാൻ പുതിയതായി ഉയർന്നുവരുന്ന ബദൽ മാധ്യമങ്ങളെ പിന്തുണക്കേണ്ടത് ജനാധിപത്യ സംരക്ഷണത്തിന് അനിവാര്യമാണെന്ന് ഷാഹിന പറഞ്ഞു.
ജില്ലാപ്രസിഡണ്ട് സി.വിമല അധ്യക്ഷത വഹിച്ചു. ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ, മതിലകം ബ്ലോക്ക് പഞ്ചായത്തംഗം നൗമി പ്രസാദ് എന്നിവർ ആശംസകൾ നേർന്നു. എടതിരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ചന്ദ്രബാബു സ്വാഗതവും ജനറൽ കൺവീനർ എൻ എൻ അനിലൻ നന്ദിയും പറഞ്ഞു. സമ്മേളനത്തിലും ശാസ്ത്രജാഥയിലും 250 ഓളം പ്രതിനിധികൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *