കോലഴി മേഖലയിൽ യൂണിറ്റ് വാർഷികങ്ങൾ പൂർത്തിയായി

0
19/01/24 തൃശ്ശൂർ
കോലഴി മേഖലയിലെ 5 പഞ്ചായത്തുകളിലെ 8 യൂണിറ്റുകളിലെയും വാർഷികങ്ങൾ  പൂർത്തിയായി. 2 കാമ്പസ് യൂണിറ്റുകൾ ഉൾപ്പെടെയുള്ളവയിലെ ശരാശരി പങ്കാളിത്തം 33 ആയിരുന്നു.
പേരാമംഗലം യൂണിറ്റ് വാർഷികം കയ്പറമ്പ് പഞ്ചായത്ത് അംഗം സുഷിത ബാനിഷിന്റെ വസതിയിൽ നടന്നു. യൂണിറ്റ് പ്രസിഡണ്ട് സി.എസ്.ശ്രീജിത അധ്യക്ഷത വഹിച്ചു. അനുശോചനപ്രമേയം അമൃത ശ്രീജിത്ത്  അവതരിപ്പിച്ചു. കെ.വി.മൃദുല യോഗത്തിന് സ്വാഗതം പറഞ്ഞു. കയ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ഉഷാദേവി ടീച്ചർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാസ്ത്രബോധത്തിന് പകരം രാജ്യത്ത് ശാസ്ത്രവിരുദ്ധത വളർത്താനാണ് ഉത്തരവാദപ്പെട്ടവർ ശ്രമിക്കുന്നതെന്ന് അവർ പറഞ്ഞു. ജനങ്ങളാണ് രാഷ്ട്രം എന്ന ബോധ്യമില്ലാത്തവരാണ് രാജ്യം ഭരിക്കുന്നത്. കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ളതെന്ന് സാധാരണക്കാർക്ക് സംശയം തോന്നിപ്പിക്കുന്ന ഭരണമാണിവിടെ നടക്കുന്നത്. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ ഭരണകൂടം പരാജയപ്പെടുന്നു. കോടിക്കണക്കിന് രൂപയുടെ പ്രതിമകളും ആരാധനാലയങ്ങളും ആണ് ഉയർന്നു വരുന്നത്. സംസ്ഥാനങ്ങളോട് സാമ്പത്തിക വിവേചനം കാട്ടുന്നു. ഇത്തരം സാഹചര്യത്തിൽ പരിഷത്തിന്റെ ശബ്ദത്തിന് പ്രസക്തിയുണ്ടെന്നും നമുക്ക് നിശബ്ദരാകാൻ അവകാശമില്ലെന്നും ഉഷടീച്ചർ പറഞ്ഞു.
വാർഷിക റിപ്പോർട്ടും കണക്കും യൂണിറ്റ് ജോ.സെക്രട്ടറി പ്രസന്ന അനിൽകുമാർ അവതരിപ്പിച്ചു.
സംഘടനാരേഖയും ഭാവിപ്രവർത്തന പരിപാടിയും ജില്ലാകമ്മിറ്റി അംഗം പി.വി.സൈമി ടീച്ചർ അവതരിപ്പിച്ചു. ചർച്ചയിൽ പങ്കെടുത്ത് മേഖലാപ്രസിഡണ്ട് എം.എൻ.ലീലാമ്മ, സെക്രട്ടറി ഐ.കെ. മണി, ട്രഷറർ എ. ദിവാകരൻ, വി.കെ.മുകുന്ദൻ , കെ.വി.ആന്റണി, മിനി രാജൻ, ടി.സത്യനാരായണൻ എന്നിവർ സംസാരിച്ചു. സുഷിത ബാനിഷ് നന്ദി പറഞ്ഞു. മുദ്രാഗീതങ്ങൾ ആലപിച്ചാണ് പ്രവർത്തകർ പിരിഞ്ഞുപോയത്

Leave a Reply

Your email address will not be published. Required fields are marked *