ഞാനും പരിഷത്തും: പ്രൊഫ. കെ പാപ്പൂട്ടി

0

ചിലർ പരിഷത്തായി ജനിക്കുകയും പിന്നീട് അംഗത്വമെടുക്കുകയും മറ്റു ചിലർ അംഗത്വമെടുത്ത ശേഷം പരിഷത്തുകാരായി മാറുന്നവരും ആണോ?

ഞാൻ എന്നാണ് പരിഷത്തിൽ അംഗമായത്? കൃത്യമായോർക്കുന്നില്ല. 1982 ലോ 83 ലോ ആണ്. ചിറ്റൂർ കോളജ് വിട്ട് കോഴിക്കോട് മീഞ്ചന്ത കോളജിൽ എത്തിയത് 81 ലാണ്. അവിടെ ഫിസിക്സ് ഡിപാർട്ട്മെന്റിൽ ആത്മജൻ മാഷുണ്ട്. വെള്ളത്തിലിട്ട പൊട്ടാസിയം കഷണം പോലൊരു മനുഷ്യൻ. സദാ പൊട്ടിത്തെറിച്ച് ഓടി നടക്കും. അടങ്ങിയിരിക്കാൻ പറ്റില്ല. കോളജിൽ NSS ചുമതലയുണ്ട്, കോ ഓപറേറ്റീവ് സൊസൈറ്റി നടത്തിപ്പിലുണ്ട്, എ.കെ.ജി.സി.ടി ഭാരവാഹിത്വമുണ്ട്, സർവോപരി പരിഷത്തിന്റെ ജില്ലാ കമ്മിറ്റിയിലും. മാഷ് ഒരു ദിവസം എന്നോടു പറഞ്ഞു: പാപ്പൂട്ടി, ഇന്ന് വൈകുന്നേരം നമ്മക്ക് നല്ലളത്ത് പോണം . പരിഷത്തിന്റെ ജില്ലാ വാർഷികം അവിടെയാണ്.

ഞാൻ പറഞ്ഞു: അതിനെന്താ, ഞാൻ വരാം.

പരിഷത്തിനെക്കുറിച്ച് കേട്ടറിവേ ഉള്ളൂ. ദേവഗിരി കോളജിൽ വച്ച് 1962 ൽ അതിന്റെ രൂപീകരണം നടന്നതായറിയാം. പിറ്റേ കൊല്ലമാണ് ഞാനവിടെ വിദ്യാർഥിയായെത്തുന്നത്. പരിഷത്ത് സെക്രട്ടറി ഡോ. കെ ജി അടിയോടി അവിടെയുണ്ട്. പാമ്പുകളുമൊത്ത് ക്വാർട്ടേഴ്സിലാണ് താമസം. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശ വന്ന ‘കേരളത്തിലെ വിഷപ്പാമ്പുകൾ’ ഞാൻ വായിച്ചിട്ടുണ്ട്. ഒരു ദിവസം കൂട്ടുകാരൊത്ത് ക്വാർട്ടേഴ്സിൽ പോയി നോക്കി. വരാന്ത നിറയെ പല തരം പാമ്പിനെ ഇട്ട കൂടുകളാണ്.

പ്രൊഫ. വിജയ മാധവൻ മാഷും സുവോളജി ഡിപ്പാർട്ടുമെന്റിലുണ്ട്. പരിഷത്തുകാരനാണ്. ഡിപ്പാർട്ടുമെന്റിൽ നല്ല ഒരു റിക്കാർഡ് പ്ലെയർ ഉണ്ട്. ഉച്ചയ്ക്ക് ഒരു മണിക്കൂർ ഹിന്ദി പാട്ടു വെക്കും. ഞങ്ങൾ പാട്ടു പ്രിയർ ഭക്ഷണം വേഗം കഴിച്ച് ഓടിയെത്തും. മറ്റു ഡിപ്പാർട്ടുമെന്റുകാർ അങ്ങനെ വരുന്നത് പ്രൊഫസർക്കിഷ്ടമല്ല. ചിലപ്പോൾ ചീത്ത പറഞ്ഞോടിക്കും. എന്നാലും ഞങ്ങൾ വീണ്ടും അരിച്ചെത്തും.

പരിഷത്തുകാരിങ്ങനെ പാമ്പിനോടൊത്തു താമസിക്കുന്നവരും ശുണ്ഠിക്കാരും ആകുന്നതെന്തേ? പക്ഷേ ഒരുപരിഷത്തുകാരനെ, സമ്മേളനത്തിന്റെ രക്ഷാധികാരി ആയിരുന്ന പ്രിൻസിപ്പലിനെ എനിക്ക് വളരെ ഇഷ്ടായി. ഫാ. തിയൊഡോഷ്യസ്. എല്ലാവരോടും കാരുണ്യം ഉള്ളിൽ പേറുന്ന വലിയ മനുഷ്യൻ. ഒരിക്കൽ ക്ഷീണം കൊണ്ട് ഉറക്കം തൂങ്ങിപ്പോയ ഒരു പ്യൂൺ പീരിയഡ് ബെല്ലടിക്കാൻ മറന്നു. ബെല്ലടി കേട്ട് ഞെട്ടി ഉണർന്നപ്പോൾ അയാൾ കണ്ടത് പ്രിൻസിപ്പൽ തന്നെ ബെല്ലടിക്കുന്നതാണ്. ശാസനയില്ല, നടപടിയില്ല, ശിക്ഷ ഒരു ചിരി മാത്രം. പിൽക്കാലത്ത് മനസ്സിലായി പരിഷത്തുകാർ ഏറെയും അങ്ങനെ അധ്വാനിക്കുന്ന മനുഷ്യരോട് സഹതാപമുള്ളവരാണെന്ന് . കൂടെ ഒരു സംശയവുമുണ്ടായി: ചിലർ പരിഷത്തായി ജനിക്കുകയും പിന്നീട് അംഗത്വമെടുക്കുകയും മറ്റു ചിലർ അംഗത്വമെടുത്ത ശേഷം പരിഷത്തുകാരായി മാറുന്നവരും ആണോ?. എങ്കിൽ ധാരാളം പരിഷത്തുകാർ ഇനിയും അംഗത്വമെടുക്കാത്തവരായി കാണില്ലേ? ഫാ. തിയഡോഷ്യസും എൻ വി കൃഷ്ണവാര്യരും പി ടി ബി യും ഐ ജി ബിയും മറ്റു നിരവധി പേരും പരിഷത്തുകാരായി ജനിച്ചവരാകാനേ തരമുള്ളൂ.

ശരി, നമ്മക്ക് നല്ലളത്തേക്ക് തിരിച്ചു പോകാം. ഞാനും ആത്മജനും നല്ലളത്ത് നേരത്തേ എത്തി. ഒരു ജാഥ വരാനുണ്ട്- പ്രതിനിധികൾ അതിലാണെത്തുക. ഒടുവിൽ ജാഥ വന്നു. ചെറിയ ജാഥയാണ്. പക്ഷേ അതിന്റെ മുന്നിൽ ഒരു ചിന്ന പയ്യൻ നിന്ന് ആവേശത്തോടെ മുദ്രാവാക്യങ്ങൾ വിളിച്ചു കൊടുക്കുന്നുണ്ട്. അന്നുവരെ കേൾക്കാത്ത തരം മുദ്രാവാക്യങ്ങൾ. ശരിക്കും മുദ്രാഗീതങ്ങൾ ആണ്. ശാസ്ത്രം അധ്വാനം- അധ്വാനം സമ്പത്ത് – സമ്പത്ത് ജന നന്മക്ക് – ശാസ്ത്രം ജനനന്മക്ക്, കാടീ നാടിന് കേടല്ല … ഇങ്ങനെ നല്ല ഒഴുക്കുള്ള, അർഥമുള്ള ഗീതങ്ങൾ. ഞാനും കൂടി ജാഥയ്ക്ക് ഒപ്പം. പിറ്റേന്ന് പത്രം വായിച്ചാണറിഞ്ഞത്, ആ മുദ്രാവാക്യം വിളിച്ച പയ്യനാണ് പുതിയ ജില്ലാ സെക്രട്ടി. പേര് കെ.ടി. രാധാകൃഷ്ണൻ. പയ്യനൊന്ന്വല്ല, സ്കൂൾ മാഷാ പോലും.

ആത്മജൻ ഉടുമ്പു പോലയാ, കടിച്ചാ പിന്നെ വിടൂല. ഒരു ദിവസം എന്നോടു പറഞ്ഞു: KDFA ബിൽഡിങ്ങിൽ ശാസ്ത്രമാസം ക്ലാസ്സുകളുടെ പരിശീലനം നടക്കുന്നു. പങ്കെടുക്കണം. ഞാൻ പറഞ്ഞു: പോകാം . ചെന്നപ്പം ‘നാം ജീവിക്കുന്ന ലോകം’ ക്ലാസ്സുകളാണ്. എനിക്കു കിട്ടിയത് പ്രപഞ്ചോല്പത്തിയും വികാസവുമാണ്. പറയേണ്ടത് നാട്ടുകാരോടാണ്. മഹാ സ്പോടന സിദ്ധാന്തമൊക്കെ നാട്ടുമ്പുറത്ത് ചെലവാകുമോ എന്ന പേടിയുണ്ട്. പക്ഷേ പേടി അസ്ഥാനത്താണെന്ന് അനുഭവം പറഞ്ഞു. ആളുകൾ കേൾക്കുക മാത്രമല്ല സംശയങ്ങളും ചോദിച്ചു. മിക്കപ്പോഴും ഞാനും ഡോ. അരവിന്ദനും ഒന്നിച്ചായിരിക്കും. അദ്ദേഹം പരിണാമത്തിന്റെ കഥ പറയും. എത്ര ക്ലാസ്സുകൾ ഞങ്ങൾ എടുത്തു കാണും എന്നിപ്പോൾ ഓർമയില്ല. അന്ന് പ്രമുഖരുടെ ഒരു നിര തന്നെ കോഴിക്കോടുണ്ട്. കൊടക്കാട് മാഷ്, കെ ടി ആർ, ടി പി കെ, ടി പി എസ്സ്, കെ എസ്സ്, എം എസ്സ് – ഏറെയും ചില അക്ഷരങ്ങൾ കൊണ്ട് അറിയപ്പെടുന്നവർ. ബാലവേദി പ്രവർത്തനവും സജീവമാണ്. അതിൽ പങ്കെടുക്കുക വഴി കിട്ടിയ അനുഭവങ്ങൾ വളരെ വലുതാണ്. ഇതിനിടയിൽ എപ്പഴോ ആരോ മെമ്പർഷിപ്പ് തന്നു എന്നു മാത്രം അറിയാം.

1985ലാണ് എം പി യുടെ പ്രഖ്യാപനം: ഒരതിഥി വരുന്നുണ്ട്. പ്രധാനിയാണ്. സ്വീകരണം നൽകണം. പേര് ഹാലി ധൂമകേതു. 75- 76 കൊല്ലം കൂടുമ്പോഴേ വരൂ. സംഭവം നാലു പേരറിയണം. കുട്ടികൾക്ക് ജ്യോതിശ്ശാസ്ത്ര ക്വിസ്സ് നടത്തി മികച്ച സ്കൂളുകൾക്ക് ടെലിസ്കോപ്പ് സമ്മാനമായി നൽകണം. നെയ്യാർ ഡാമിൽ വെച്ച് വാനനിരീക്ഷകർക്ക് പരിശീലനം- ത്രിദിന ക്യാമ്പ്. കോഴിക്കോട്ടെ ആകാശത്തിന്റെ ചുമതലക്കാരൻ എന്ന നിലയ്ക്ക് ഞാനും പോയി. പ്രമുഖരുണ്ട് ക്ലാസ്സെടുക്കാൻ. ഏറെ സ്വാധീനിച്ച രണ്ടു പേർ – ഒന്ന് എം പി തന്നെ. മറ്റേയാൾ ബാബു എന്നെല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന ഡി. കൃഷ്ണവാര്യർ. ബാബുവിന്റേത് ക്ലാസ്സല്ല, വർത്താനാണ്. ‘ഞാനെന്തറിഞ്ഞു’ എന്ന മട്ടിലാണത്. അപാരമായ അറിവുണ്ടെന്ന് ചികഞ്ഞു നോക്കിയാലേ അറിയൂ. (ബാബുവും ഞാനും കൂടിയാണ് പിന്നീട് ‘അച്ചുതണ്ടിന്റെ ചരിവളക്കാം’ എന്ന കുഞ്ഞു പുസ്തകം രചിച്ചത്. ബാബു സമീപകാലത്ത് നമ്മെ വിട്ടു പിരിഞ്ഞു.)

മാനത്തെ നക്ഷത്രങ്ങൾക്കെല്ലാം പേരുണ്ടെന്നും ജന്മനക്ഷത്ര സങ്കല്പത്തിനു പിന്നിൽ ഒരു കലണ്ടർ ഒളിഞ്ഞിരിപ്പുണ്ടെന്നും ഒക്കെ മനസ്സിലായത് നെയ്യാർ ഡാമിൽ വെച്ചാണ്.

തുടർന്ന് അടുത്ത ഘട്ടം പരിശീലനം. വടക്കൻ ജില്ലകളുടെ ചുമതല എനിക്ക്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ വെച്ച് പരിശീലനം. നൂറു കണക്കിന് വാനനിരീക്ഷകർ തയ്യാർ. ഹാലി വന്നു- ’85 ഒടുവിൽ. നാട്ടുകാർ മികച്ച സ്വീകരണമാണ് ഒരുക്കിയത്. പക്ഷേ ഹാലിക്ക് ഒരു നാണം. വാലു പിന്നോട്ട് പിടിച്ച് മുഖം മാത്രം കാണിച്ചാണ് നിൽപ്പ്. എന്നാലും എല്ലാർക്കും നല്ലൊരനുഭവമായി.

ഹാലി തിരിച്ചു പോയിട്ടും ക്ലാസ്സുകൾ തുടർന്നു, ഇന്നും തുടരുന്നു. ജ്യോതിശ്ശാസ്ത്രം ക്ലാസ്സെടുക്കാൻ ചെല്ലുന്നിടത്തൊക്കെ ആളുകൾ ജ്യോതിഷത്തെ സംബന്ധിച്ച സംശയങ്ങൾ നിരന്തരം ചോദിച്ചു. അറിയില്ല എന്ന് എത്ര കാലം പറയും? അതുകൊണ്ട് ജ്യോതിഷ പുസ്തകങ്ങൾ വായിച്ചു. പല പ്രാചീനഗ്രന്ഥങ്ങളും (ഉദാ: വേദാംഗ ജ്യോതിഷം, ബൃഹജ്ജാതം). പൂർണ രൂപം ഇവിടെ കിട്ടാനില്ല. അതുകൊണ്ട് മൂന്നാഴ്ച ഒസ്മാനിയ യൂനിവേഴ്സിറ്റിയിലെ അസ്‌ട്രോണമി ഡിപ്പാർട്ടുമെന്റിൽ പോയി ചെലവഴിച്ചു. അങ്ങനെ ‘ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും’ എന്ന പുസ്തകം തയ്യാറാക്കി. ഇത്തിരി കഷ്ടപ്പെട്ടെങ്കിലും അതു ഗുണം ചെയ്തു.

ഞാൻ കഥ പറയൽ വേഗം തീർക്കാം. ’86 ലാണെന്നു തോന്നുന്നു നിർവാഹക സമിതിയിലെത്തിയത്. 90 ൽ സമ്പൂർണ സാക്ഷരതാ യജ്ഞത്തിൽ ജില്ലാ കോ ഓർഡിനേറ്റർ. 91 ൽ വിജ്ഞാന പരീക്ഷ മാറ്റി വിജ്ഞാനോത്സവമാക്കിയപ്പോൾ അതിന്റെ കൺവീനർ (തുടർച്ചയായി 3 കൊല്ലം), യുറീക്കയിൽ മാഷോടു ചോദിക്കാം എന്ന കുട്ടികളിഷ്ടപ്പെട്ട പംക്തി, ശാസ്ത്രകേരളത്തിന്റെ പത്രാധിപർ, 2003 മുതൽ രണ്ടു കൊല്ലം പരിഷത്തിന്റെ പ്രസിഡണ്ട്, പിന്നെ യുറീക്കാ പത്രാധിപർ… ഇങ്ങനെ എന്തൊക്കെയോ പണികൾ സംഘടനയ്ക്കു വേണ്ടി ചെയ്തു. ചിലത് ആസ്വദിച്ചു ചെയ്തു (ഉദാ. ഹാലിയ്ക്ക് വരവേൽപ്പ്, മാഷോടു ചോദിക്കാം, വിജ്ഞാനോത്സവം) ചിലത് അല്ലാതെയും (പ്രസിഡന്റ്ഷിപ്പ്, യുറീക്ക പത്രാധിപ സ്ഥാനം etc).

ഞാൻ തുടക്കത്തിൽ പറഞ്ഞതു പോലെ പരിഷത്തുക്കാരായി ജനിച്ചിട്ടും (അഥവാ ജന്മനാ പാരിഷത്തികത ഉണ്ടായിട്ടും) പരിഷത്തിലെത്താതെ ഒരുപാടു പേർ പുറത്തുണ്ട്. അവരിൽ പലരും നല്ല അറിവുള്ളവരും സാങ്കേതികവിദഗ്ദരും ശാസ്ത്രജ്ഞരുമൊക്കെയാവും. അവരെ കണ്ടെത്തി അംഗങ്ങളാക്കുക എന്ന വലിയ പണി ചെയ്യാൻ ബാക്കിയുണ്ട്. ശാസ്ത്രവും ശാസ്ത്രബോധവും കടുത്ത വെല്ലുവിളി നേരിടുകയാണ്. ശാസ്ത്രബോധം നൽകാതെ എങ്ങനെ കുഞ്ഞുങ്ങളെ ശാസ്ത്രം പഠിപ്പിക്കാം എന്നതിന്റെ പരീക്ഷണമാണ് നമ്മുടെ വിദ്യാലയങ്ങളിൽ നടക്കുന്നത്. പരിഷത്തിനു ചെയ്യാനുള്ള പണി വളരെ വലുതാണ്. അതിനുള്ള ആവേശം സൃഷ്ടിക്കാൻ കഴിഞ്ഞാൽ നടക്കും. ആളു വരും, പുത്തൻ സാങ്കേതിക വിദ്യകളുമായി. ലൂക്ക ഒരു പ്രതീക്ഷയാണ്. അത്തരം വേറെയും ഇടങ്ങൾ തുറന്നു വരും എന്നു പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *