‍ഞാനും പരിഷത്തും: ടി ഗംഗാധരൻ

0

1981ലാണ് ഞാൻ പരിഷത്തിൽ ഔപചാരികമായി അംഗമാകുന്നത്.

1981ലാണ് ഞാൻ പരിഷത്തിൽ ഔപചാരികമായി അംഗമാകുന്നത്. എന്നാൽ അതിനു വളരെ മുമ്പുതന്നെ പരിഷത്തിനെ പരിചയപ്പെടാനും പരിഷത്തിന്റേതായ ചില പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാനും എനിക്ക് അവസരം ലഭിച്ചിരുന്നു. 1967 ൽ കല്യാശ്ശേരി ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി പരിഷത്തിനെപ്പറ്റി കേട്ടത്. ഞങ്ങളുടെ ശാസ്ത്രാധ്യാപിക എം ആർ കമലാദേവി ടീച്ചർ ഒരിക്കൽ ശാസ്ത്രഗതി മാസിക ക്ലാസിൽ കൊണ്ടുവന്നു പരിചയപ്പെടുത്തി. അതിലെ ബുദ്ധിപരീക്ഷയ്ക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടു. അന്നത്തെ ചോദ്യം ഞാനിപ്പോഴും വ്യക്തമായി ഓർക്കുന്നുണ്ട്. ഒരു ചന്ദ്രക്കലയെ രണ്ട് നേർരേഖകൾ കൊണ്ട് എങ്ങനെ ആറു ഭാഗങ്ങളായി വിഭജിക്കാം എന്നതായിരുന്നു ചോദ്യം. ഒരു പോസ്റ്റ് കാർഡിൽ ചന്ദ്രക്കലയെ വിഭജിക്കുന്ന വിധം ചിത്രം വരച്ച് ഉത്തരമായി അയച്ചു കൊടുക്കണം. ശരിയുത്തരം അയക്കുന്നവരുടെ പേരുകൾ ശാസ്ത്രഗതി ത്രൈമാസികയിൽ പ്രസിദ്ധീകരിക്കും. അങ്ങനെ, ആദ്യമായി എന്റെ പേർ ഒരു പ്രസിദ്ധീകരണത്തിൽ അച്ചടിച്ചു വന്നു.

1974 ലാണ് പരിഷത്തിന്റെ നേതൃത്തിൽ സയൻസ് കോർണറുകളും സയൻസ് ക്ലബ്ബുകളും രൂപീകരിക്കാൻ ആരംഭിച്ചത്. ആ സമയത്ത് എന്റെ സ്ക്കൂളിലും ഒരു സയൻസ് കോർണർ രൂപീകരിക്കുകയും പ്രശസ്തമായ രീതിയിൽ തന്നെ പ്രവർത്തിക്കുകയും ചെയ്തു. സയൻസ് കോർണറിൽ മൂന്ന് പരിഷദ് മാസികകളും വരുത്തിത്തുടങ്ങി. മൂന്ന് പരിഷദ് മാസികകളും വരുത്തുന്ന സ്ഥാപനങ്ങൾക്ക് സ്ഥാപന അംഗത്വം നൽകുന്ന പതിവുണ്ടായിരുന്നു അന്ന്. അങ്ങനെ, എന്റെ സ്ക്കൂൾ പരിഷത്തിലെ സ്ഥാപന അംഗമായി. ഇതിന്റെ ഫലമായി, 1976 ൽ പരിഷത്തിന്റെ സംസ്ഥാന സമ്മേളനം ആദ്യമായി കണ്ണൂരിൽ നടന്നപ്പോൾ ഞങ്ങൾക്കും കിട്ടി ഒരു ക്ഷണക്കത്ത്. ഉദ്ഘാടന സമ്മേളനത്തിലും അനുബന്ധ പരിപാടിയായി നടന്ന ശാസ്ത്ര പാർലിമെന്റിലും ഞാൻ പങ്കെടുത്തു. അന്നത്തെ ശാസ്ത്ര പാർലിമെന്റ് വലിയ ജനശ്രദ്ധ ആകർഷിക്കുകയുണ്ടായി. താൻ അയച്ചു കൊടുത്ത ഒരു ചോദ്യത്തിനുള്ള ഉത്തരം കേൾക്കാനായി വടകരയിൽ നിന്ന് കണ്ണൂരിലെത്തിയ ഒരാളെ അന്ന് പരിചയപ്പെട്ടതായി ഓർക്കുന്നു. തേങ്ങയ്ക്കകത്ത് വെള്ളമുണ്ടാകുന്നതെങ്ങനെ എന്നതായിരുന്നു അയാളുടെ ചോദ്യം.

1976 ൽ കേരളത്തിന്റെ സമ്പത്ത് എന്ന വിഷയത്തിൽ ക്ലാസ്സ് പരമ്പര നടക്കുമ്പോൾ, കല്യാശ്ശേരി ഹൈസ്ക്കൂൾ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന പരിഷദ് യൂനിറ്റ് എന്റെ നാടായ അഞ്ചാംപീടികയിലെ വായനശാലയിൽ ഒരു കേന്ദ്രം നിശ്ചയിച്ചു. അതിന്റെ സംഘാടകനായി എന്നെ ചുമതലപ്പെടുത്തി. ഒരു ക്ലാസ്സ് ഞാനും എടുക്കേണ്ടിവന്നു. അതായിരുന്നു എന്റെ ആദ്യത്തെ പരിഷദ് ക്ലാസ്സ്. 1978 ൽ പരിഷത്തിന്റെ ആദ്യ പ്രീ പബ്ലിക്കേഷൻ വരുന്നു- 10 പുസ്തകങ്ങളുടെ സെറ്റ്. അതിലേക്ക് 15 പേരെ ഞാൻ ചേർത്തു. അങ്ങനെ, അനൗപചാരികമായി ഞാനൊരു പരിഷദ് പ്രവർത്തകനായിക്കഴിഞ്ഞിരുന്നു. അങ്ങനെയിരിക്കെയാണ് 1981 ലെ ശാസ്ത്ര കലാജാഥയ്ക്ക് അഞ്ചാംപീടിക ഒരു കേന്ദ്രമായത്. ഞാനായിരുന്നു സംഘാടക സമിതി കൺവീനർ. കലാജാഥ ഗംഭീരവിജമായി; സംഘാടക സമിതി യൂനിറ്റായി മാറി; ഞാൻ അഞ്ചാംപീടിക യൂനിറ്റിന്റെ ആദ്യ സെക്രട്ടറിയുമായി.

Leave a Reply

Your email address will not be published. Required fields are marked *