കുരുന്നില വിതരണം – കോലഴി മേഖലാപ്രഖ്യാപനം

0

കുട്ടികളുടെ ചിന്തയ്ക്ക് ചിറക് മുളക്കാൻ അവസരം നൽകണം : പ്രൊഫ.സി.രവീന്ദ്രനാഥ്

23/08/23 തൃശ്ശൂർ

         അറിവിന്റെ പ്രകാശസ്രോതസ്സിലേക്ക് കുട്ടിയുടെ മനസ്സിനെ തുറന്നുകൊടുക്കുന്ന ആളാകണം അധ്യാപകൻ എന്ന് മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. കോലഴി മേഖലയിൽ 5 പഞ്ചായത്തുകളിലെ മുഴുവൻ അങ്കണവാടികളിലേക്കുമുള്ള 3 ലക്ഷം രൂപയുടെ കുരുന്നില എന്ന സചിത്ര പുസ്തകസഞ്ചയം വിതരണം ചെയ്തതിന്റെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. സാമ്പ്രദായികവിദ്യാഭ്യാസം അധ്യാപകകേന്ദ്രീകൃതമായിരുന്നെങ്കിൽ ആധുനികവിദ്യാഭ്യാസം ശിശുകേന്ദ്രീകൃതമാണ്. കുട്ടികളുടെ സർഗശേഷിയും നാനാവിധ കഴിവുകളും അഭിരുചിയും തിരിച്ചറിഞ്ഞ് അവ വികസിപ്പിക്കുന്ന മാർഗദർശികളാണ് ഇന്നത്തെ അധ്യാപകർ എന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് അങ്കണവാടി അധ്യാപകർക്കുള്ള പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
             പരിഷത്ത് കോലഴി മേഖലാപ്രസിഡണ്ട് എം.എൻ. ലീലാമ്മ അധ്യക്ഷത വഹിച്ചു. കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ, പൊതുമേഖലാ സ്ഥാപനമായ FACTയുടെ മുൻ സി.എം.ഡി വി.ജി.ശങ്കരനാരായണൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. കോലഴി, മുളങ്കുന്നത്തുകാവ്, അവണൂർ, കൈപ്പറമ്പ്, തോളൂർ എന്നീ 5 പഞ്ചായത്തുകളിലെ 151 അങ്കണവാടികൾക്കും 7 പ്രീസ്കൂളുകൾക്കുമാണ് 1800 രൂപ വീതം വില വരുന്ന പുസ്തകക്കൂട്ടം സൗജന്യമായി നൽകിയത്. ഉദാരമതികളായ വ്യക്തികളുടെ സ്പോൺസർഷിപ്പിലൂടെയാണ് ഇതിനാവശ്യമായ പണം കണ്ടെത്തിയത്.
             തോളൂർ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.രഘുനാഥ്, മുളങ്കുന്നത്തുകാവ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മെറീന ബാബു, പരിഷത്ത് ജില്ലാപ്രസിഡണ്ട് സി.വിമല, പരിഷത്ത് ജില്ലാകമ്മിറ്റി അംഗങ്ങളായ പി.വി.സൈമി, സി.ബാലചന്ദ്രൻ , മേഖലാസെക്രട്ടറി ഐ.കെ. മണി, മേഖലാകമ്മിറ്റി അംഗം ടി.ഹരികുമാർ , അങ്കണവാടി അധ്യാപിക ടി.ബി.പ്രിയ എന്നിവർ പ്രസംഗിച്ചു. രേഷ്മ രാജൻ പരിഷത് ഗാനം ആലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *