“മിത്തുകൾ ശാസ്ത്രമൊ കപടശാസ്ത്രമൊ അല്ല : ഡോ.സി.ജോർജ് തോമസ്”

21/08/23 തൃശ്ശൂർ

              മിത്തുകൾ ശാസ്ത്രമൊ കപടശാസ്ത്രമൊ അല്ലെന്നും അവ മനുഷ്യഭാവന മാത്രമാണെന്നും കേരള ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ.സി.ജോർജ് തോമസ് പറഞ്ഞു.
              നരേന്ദ്ര ധബോൽക്കറിന്റെ സ്മരണാർത്ഥം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ ശാസ്ത്രാവബോധ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശാസ്ത്രാവബോധദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തിന്റെ രീതികളും ശാസ്ത്രാവബോധവും എന്ന വിഷയത്തിലാണ് അദ്ദേഹം സംസാരിച്ചത്. ഒരു കാര്യം ശാസ്ത്രമാണെന്ന അവകാശ വാദമുന്നയിക്കുന്നവർ ശാസ്ത്രത്തിന്റെ രീതിശാസ്ത്രമനുസരിച്ച് അത് തെളിയിക്കാൻ ബാധ്യസ്ഥരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അസത്യവൽക്കരണം (falsifiability) ഉൾപ്പെടെയുള്ള പ്രക്രിയകൾക്ക് അവ വിധേയമാക്കണം.
              ആധുനികസമൂഹത്തിൽ അന്ധവിശ്വാസങ്ങൾക്കെതിരായ നിയമനിർമാണത്തിന്റെ ആവശ്യകതയിൽ ഊന്നി അഖിലേന്ത്യാ ലോയേഴ്സ് യൂണിയൻ വനിതാ ഉപസമിതി ജില്ലാകൺവീനർ അഡ്വ.കെ.എൻ. സിനിമോൾ സംസാരിച്ചു. അന്ധവിശ്വാസചൂഷണ നിരോധന നിയമം നാളിതുവരെ പാസ്സാക്കാൻ കഴിയാത്തത് കേരളീയർക്ക് അപമാനകരമാണെന്ന് അവർ പറഞ്ഞു.
              പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് ഡോ.സി.എൽ.ജോഷി അധ്യക്ഷത വഹിച്ചു. നരേന്ദ്ര ധബോൽക്കറെ പരിഷത്ത് ശാസ്ത്രാവബോധ സമിതി ജില്ലാകൺവീനർ സി.ബാലചന്ദ്രൻ അനുസ്മരിച്ചു. ഗോപികാസുരേഷ്, സഹോദരൻ അയ്യപ്പന്റെ സയൻസ് ദശകം ആലപിച്ചു. ഡോ.ബേബി ചക്രപാണി, ഫസീല തരകത്ത്, അംബിക സോമൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *