പരിഷത്ത് പ്രവർത്തകർക്ക് അംഗീകാരത്തിന്റെ പൂക്കാലം 

0

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തകർക്ക് കേരളസമൂഹത്തിൽ നിരവധി അംഗീകാരങ്ങൾ ലഭിക്കുന്ന വാർത്തകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വന്നുകൊണ്ടിരിക്കുന്നത്. കേരള സമൂഹത്തിന്റെ ഉള്ളിൽ ശാസ്ത്രീയതയുടെയും പുരോഗമനത്തിന്റെയും പ്രവർത്തനങ്ങൾക്ക് ഒരു രാസത്വരകമായി പ്രവർത്തിക്കുക എന്ന ചരിത്രപരമായ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഇനിയും മുന്നോട്ടു പോകാൻ നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുകയാണ് പരിഷത്ത്പ്രവർത്തകർക്ക് ലഭിക്കുന്ന ഈ അംഗീകാരങ്ങളെല്ലാം.

കോട്ടയം
23.6.2023
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രവർത്തകർക്ക് കേരളസമൂഹത്തിൽ നിരവധി അംഗീകാരങ്ങൾ ലഭിക്കുന്ന വാർത്തകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി വന്നുകൊണ്ടിരിക്കുന്നത്. പരിഷത്തിന്റെ സംസ്ഥാന പ്രസിഡണ്ടും ജനറൽ സെക്രട്ടറിയുമായിരുന്ന, ഇപ്പോൾ നമ്മുടെ മുതിർന്ന പ്രവർത്തകനുമായ ഡോ. കാവുമ്പായി ബാലകൃഷ്ണനെ കാലിക്കറ്റ് സർവ്വകലാശാലയുടെ സിൻഡിക്കേറ്റിലേക്ക് കേരള സർക്കാർ നാമനിർദേശം ചെയ്ത വാർത്തയാണ് ഈ പരമ്പരയിൽ ആദ്യം വന്നത്.  പരിഷത്തിന്റെ  മുൻ കേന്ദ്ര നിർവാഹകസമിതിയംഗവും ഇപ്പോൾ മലപ്പുറം ജില്ലാ സെക്രട്ടറിയുമായ വി വി മണികണ്ഠന് മികച്ച അധ്യാപകനുള്ള  കേരളസർക്കാരിന്റെ പുരസ്കാരം ലഭിച്ച വാര്‍ത്തയാണ് രണ്ടാമത്തത്. കാലിക്കറ്റ് സർവ്വകലാശാലയുടെ സെനറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പരിഷത്തിന്റെ കേന്ദ്ര നിർവാഹകസമിതയംഗം ഡോക്ടർ ബി.ഹരികുമാർ, സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.വി.കെ ബ്രിജേഷ് എന്നിവർ വ്യത്യസ്ത മണ്ഡലങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതാണ് പിന്നീട് വന്ന സന്തോഷകരമായ വർത്തമാനം. സി എഫ് ജോർജ്ജ് മാസ്റ്റർ സ്മാരക പരിസ്ഥിതി പുരസ്കാരം പരിഷത്തിന്റെ കേന്ദ്ര നിർവാഹസമിതിയംഗം വി മനോജ് കുമാറിന് ലഭിച്ച വാർത്തയും തുടർന്ന് വരികയുണ്ടായി. കുന്നംകുളം നഗരസഭയുടെ മാലിന്യസംസ്കരണ പരിപാടിക്ക് നേതൃത്വം നൽകിയതാണ് മനോജ് കുമാറിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഏറ്റവും ഒടുവിൽ, കേരള യുക്തിവാദി സംഘം നൽകുന്ന പവനൻ സെക്കുലർ പുരസ്കാരം പരിഷത്തിന്റെ മുൻസംസ്ഥാന പ്രസിഡണ്ടും കേരളത്തിലെ ജനകീയ ഡോക്ടറുമായ ഡോ. ബി. ഇക് ബാലിന് ലഭിച്ച വാർത്തയും വന്നിരിക്കുന്നു. പരിഷത്തിൻ്റെ മുതിർന്ന പ്രവർത്തകരിലൊരാളും എക്കാലത്തും നമ്മുടെ മാർഗ്ഗദർശിയുമാണ് ഡോ.ബി.ഇക് ബാല്‍.
ഇവരെല്ലാവരും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അദ്വിതീയമായ സ്ഥാനം അലങ്കരിക്കുന്നവർ തന്നെയാണ്. അവരുടെ വ്യക്തിപരമായ മികവിനാണ് ഈ അംഗീകാരങ്ങളൊക്കെയും ലഭിച്ചിരിക്കുന്നത്. ഡോ. ഹരികുമാർ, ഡോ. ബ്രിജേഷ് എന്നിവർ അവർ പ്രവർത്തിക്കുന്ന അധ്യാപക സംഘടനയുടെ സ്ഥാനാർത്ഥികളായാണ് മത്സരിച്ചതും ജയിച്ചതും. എങ്കിൽ പോലും മേൽപ്പറഞ്ഞ മുഴുവൻ പ്രവർത്തകരെയും അവരുടെ ഇന്നത്തെ നിലയിലേക്ക് രൂപകൽപ്പന ചെയ്യുന്നതിൽ അവരുടെ പരിഷത്തനുഭവങ്ങൾ തീർച്ചയായും സഹായകരമായിട്ടുണ്ട് .ആ നിലയ്ക്ക് ഇവയെല്ലാം പരിഷത്തിനു കൂടി കിട്ടുന്ന അംഗീകാരമാണ് .പരിഷത്ത് പ്രവർത്തനം എന്നത് സംഘടനയുടെ കാമ്പയിനുകൾ സംഘടിപ്പിക്കുക  മാത്രമല്ല, പരിഷത്ത് ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ വ്യക്തിതലത്തിൽ  സ്വാംശീകരിക്കുയെന്നതു കൂടിയാണ് . അത് മാത്രമല്ല, തങ്ങൾ പ്രവർത്തിക്കുന്ന മണ്ഡലങ്ങളിൽ പരിഷത്തിന്റെ ആശയവും ശൈലിയും എത്തിക്കുന്നതും പരിഷത്ത് പ്രവർത്തകരുടെ കടമയും ചുമതലയുമാണ് . അതുകൊണ്ടാണ് നമുക്ക് ചുറ്റുമുള്ള സമസ്ത മേഖലകളിലേക്കും ശാസ്ത്രീയതയുടെ കാറ്റും വെളിച്ചവും എത്തിക്കുകയാണ് പരിഷത്തിന്റെ ധർമ്മം എന്ന് മുമ്പേ തന്നെ നമ്മൾ പറഞ്ഞത്. ഇതിന്റെയെല്ലാം അർത്ഥം പരിഷത്ത് പ്രവർത്തകർ തങ്ങൾ പ്രവർത്തിക്കുന്ന മേഖലകളിൽ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ ശൈലിയും സംസ്കാരവും പ്രകടിപ്പിക്കുന്നുണ്ട് എന്ന് തന്നെയാണ് . അതുകൊണ്ടാണ് ഉയർന്ന ഉത്തരവാദിത്തങ്ങൾ പരിഷത്ത് പ്രവർത്തകരെ ഏൽപ്പിക്കുന്നതിനും അവർ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുന്നതിനും കേരളസമൂഹം തയ്യാറാകുന്നത് . പരിഷത്തിന്റെ സംഘടനാപരമായ സജീവത കൂടി ഇത് കാണിക്കുന്നുണ്ട് . ഈ  സന്ദർഭത്തിൽ കൂടുതൽ ആവേശത്തോടെയും കൂടുതൽ ഊർജ്ജസ്വലതയോടെയും പരിഷത്ത്പ്രവർത്തനങ്ങൾ ഏറ്റെടുക്കുക എന്ന ചുമതലയാണ് നമുക്ക് ഓരോരുത്തർക്കും നിർവഹിക്കാനുള്ളത് . കേരള സമൂഹത്തിന്റെ മുന്നിൽ വ്യക്തിപരമായി, സംഘടനാപരമായി , നിലപാടുകളുടെ അടിസ്ഥാനത്തിൽ , ഒക്കെ പുതിയ മാതൃകകൾ അവതരിപ്പിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ് നാം ചെയ്യേണ്ടത് . ഇപ്പോൾ നമ്മൾ നടത്തിക്കൊണ്ടിരിക്കുന്ന, അംഗങ്ങളെ നേരിട്ടു കാണുന്ന പ്രക്രിയ ഈ പ്രവർത്തനത്തെ കൂടുതൽ ശക്തിപ്പെടുത്തും. കേരള സമൂഹത്തിന്റെ ഉള്ളിൽ ശാസ്ത്രീയതയുടെയും പുരോഗമനത്തിന്റെയും പ്രവർത്തനങ്ങൾക്ക് ഒരു രാസത്വരകമായി പ്രവർത്തിക്കുക എന്ന ചരിത്രപരമായ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഇനിയും മുന്നോട്ടു പോകാൻ നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുകയാണ് പരിഷത്ത്പ്രവർത്തകർക്ക് ലഭിക്കുന്ന ഈ അംഗീകാരങ്ങളെല്ലാം. ഈ  ഉത്തരവാദിത്വം വിനയപൂർവ്വം ഏറ്റെടുക്കുവാൻ തയ്യാറാവുക.
അഭിവാദനങ്ങളോടെ,
ജോജി കൂട്ടുമ്മേൽ
ജനറൽ സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *