സുഹൃത്തുക്കളേ,

ഇന്ന് ജൂലൈ എട്ട് ശനി.മേഖലാട്രഷറർമാരുടെ പരിശീലനപരിപാടിക്ക് ഐ.ആർ.ടി.സിയിലേയ്ക്ക് പോകുംവഴി പാലരുവി എക്സ്പ്രസ്സിലിരുന്നാണ് ഇതെഴുതുന്നത്.ജൂലൈ ആദ്യം ചേർന്ന നിർവ്വാഹകസമിതി യോഗത്തിനുശേഷം ജില്ലാകമ്മിറ്റികളും പ്രവർത്തകയോഗങ്ങളും ഇന്നുതുടങ്ങുകയാണ്.ഇന്നും നാളെയുമായി മിക്ക ജില്ലാക്കമ്മിറ്റികളും യോഗം ചേരും.ഈ മാസം ഒന്നിലധികം ജില്ലകളിൽ സംഘടനാവിദ്യാഭ്യാസക്യാ മ്പുകളോ പ്രവർത്തകയോഗങ്ങളോ ആസൂത്രണം ചെയ്തിട്ടുണ്ട്.അതുകൂടാതെയാണ് രണ്ടുദിവസങ്ങളിലായി മേഖ ലാട്രഷറാർമാരുടെ പരിശീലനവും കോഴിക്കോട് വച്ച് വിജ്ഞാനോത്സവത്തിന്റെ ആലോചനായോഗവും ചേരു ന്നത്.കഴിഞ്ഞദിവസങ്ങളിൽ ഈ യോഗങ്ങളുടെ സംഘാടനത്തിലും അംഗത്വപ്രവർത്തനങ്ങൾ പൂർത്തീകരി ക്കുന്ന തിരക്കിലുമായിരുന്നു സംഘടനയാകെ.യഥാർത്ഥത്തിൽ പരിഷത്ത്പ്രവർത്തരാകെത്തന്നെ കഠിനമാ യി പണിയെടുത്തുകൊണ്ടിരുന്ന നാളുകളാണ് പിന്നിട്ടത്.

വരാനിരിക്കുന്ന ദിനങ്ങളോ?നിർവ്വാഹകസമിതിയുടെ തീരുമാനങ്ങൾ കണ്ടിട്ട് ഇത്രയധികം പ്രവർത്ത നങ്ങളോ എന്ന വിസ്മയം മുതിർന്ന പ്രവർത്തകരിൽ പോലും ഉണ്ടാകുന്നുണ്ട്.അത് ശരിയുമാണ്.അമ്പത് പ്രാദേ ശികപഠനങ്ങളും പതിനാല് സെമിനാറുകളും ഇരുപത് സ്വയംപര്യാപ്തഗ്രാമങ്ങളുടെ രൂപകൽപ്പനയും നാൽപ്പത് ദിവസം നീണ്ടുനിൽക്കുന്ന കേരളപദയാത്രയും വികസനവുമായി ബന്ധപ്പെട്ട് നമ്മൾ ആലോചിക്കുന്നു.വിജ്ഞാ നോത്സവം സമയബന്ധിതമായി നടക്കേണ്ടതുണ്ട്.ഔഷധവിലവർദ്ധനവിനെതിരായ പ്രചരണപരിപാടികൾ മാറ്റിവയ്ക്കാനാവില്ലല്ലോ?സിൽവർലൈൻ പഠനറിപ്പോർട്ടിന്റെ പ്രസിദ്ധീകരണം അടിയന്തിരമായി നടത്തിയേ പറ്റൂ.മുപ്പത്തിയഞ്ചുവയസ്സിൽ താഴെ പ്രായമുള്ള മുഴുവൻ പരിഷത്തംഗങ്ങളേയും സംഘടനയുടെ മുഖ്യധാരയിലേ യക്ക് കൊണ്ടുവരുന്നതിനും പരിഷത്തിന്റെ വിവിധഘടകങ്ങളിലെ ചുമതലകൾ ഏറ്റെടുക്കാൻ അവരെ സജ്ജ രാക്കുന്നതിനുമുള്ള ഒരു ബൃഹത്പരിപാടിയാണ് യുവസമിതി സബ്കമ്മിറ്റി ആലോചിക്കുന്നത്.ജന്റർ,ബാല വേദി,മാസിക,പ്രസിദ്ധീകരണം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങളും നമുക്ക് ഒട്ടും മാറ്റിവയ്ക്കാവുന്നതല്ല. ഗ്രിഗർമെൻഡലിന്റെ ജന്മവാർഷികവുമായി ബന്ധപ്പെട്ട അതിവിപുലമായ പരിപാടികളുമായി ലൂക്ക മുന്നോട്ടു പോകുന്നു.എല്ലാവരും ലൂക്ക വായിക്കുന്നുണ്ടാവുമെന്ന് കരുതുന്നു.ഇല്ലെങ്കിൽ ഇന്നുതന്നെ വായിച്ചുതുടങ്ങണേ.

മേൽപ്പറഞ്ഞവ കൂടാതെ ജില്ലകളും മേഖലകളും യൂണിറ്റുകൾ തന്നെയും വിവിധങ്ങളായ തനത് പരി പാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.അവയ്ക്കൊന്നും തടസ്സം വരാത്തരൂപത്തിലാവണം സംസ്ഥാനതലകാമ്പ യിനുകൾ നടക്കേണ്ടത്.

കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം ഏറെ ശബ്ദമുഖരിതമാണ്.ആ കോലാഹലങ്ങൾ കാണുമ്പോൾ ജീവിതത്തിന് ഷേക്സിപിയറുടെ ദുരന്തനായകൻ നല്കിയ നിർവചനം ഓർത്തുപോകുന്നു.അതങ്ങനെയാവാൻ പാടില്ല.കൂടുതൽ മെച്ചപ്പെട്ട ഒരു കേരളം നമ്മൾ ആഗ്രഹിക്കുന്നു.എല്ലാവർക്കും തൊഴിലുള്ള, പ്രാദേശിക ഉത്പ്പാദനത്തെ ശക്തിപ്പെടുത്തുന്ന,മാതൃഭാഷയിലോ വീട്ടുഭാഷയിലോ പഠിക്കാൻ കഴിയുന്ന വിദ്യാലയങ്ങളു ള്ള,ഇനിയുമേറെ പരിസ്ഥിതിസൗഹൃദമായ,ലിംഗനീതിപുലർത്തുന്ന,പൊതുമേഖലയിൽ പാവപ്പെട്ടവർക്ക് താങ്ങാവുന്ന ചെലവിൽ മെച്ചപ്പെട്ട യാത്രാസൗകര്യങ്ങളുള്ള,ഭാവിയെക്കുറിച്ച് ആശങ്കകളില്ലാതെ വളരുന്ന ബാല്യകൗമാരങ്ങളുള്ള ഒരു കേരളമാണ് നമ്മുടെ സ്വപ്നം.ആ സ്വപ്നം പൊതുസമൂഹവുമായി പങ്കുവയ്ക്കുവാൻ ലക്ഷ്യമിട്ടുള്ളതാണ് ഇക്കൊല്ലം നമ്മൾ ആസൂത്രണം ചെയ്തിട്ടുള്ള എല്ലാപ്രവർത്തനങ്ങളും.പ്രിയപ്പെട്ട ഡോ.എം.പിയുടെ ആത്മകഥ,കാലഹരണമില്ലാത്ത സ്വപ്നങ്ങൾ ഒരുവട്ടം കൂടി വായിച്ചു.കാലഹരണപ്പെടാത്ത ഒരായിരം സ്വപ്നങ്ങളുമായി നമ്മൾ ഇനിയും മുന്നോട്ട് പോകണം.അടുത്ത ദിവസങ്ങളിലെ കൂടിച്ചേരലുകളും ക്യാമ്പുകളും പരിശീലങ്ങളുമൊക്കെ അതിനുള്ള ഊർജ്ജം പകർന്ന് തരികതന്നെ ചെയ്യും.എല്ലാവർക്കും തിരക്കുപിടിച്ചതും സന്തോഷകരവുമായ പരിഷത്ത് ദിനങ്ങൾ ആശംസിക്കുന്നു.

ജോജി കൂട്ടുമ്മേൽ

ജനറൽ സെക്രട്ടറി.

Leave a Reply

Your email address will not be published. Required fields are marked *