(2022 ലെ മേഖലാസമ്മേളനങ്ങളിൽ ചർച്ചയ്ക്കുള്ള സംഘടനാരേഖ)

ശാസ്ത്രത്തിന് പരിമിതിയുണ്ടോ?

അറുപതാംവാർഷികത്തിന്റെ നിറവിലാണ് പരിഷത്ത്.ഏതാണ്ട് ഒന്നരദശകം മുമ്പാണ് നമ്മള്‍ ശാസ്ത്ര ബോധം പൊതുബോധമാക്കുക എന്ന ആശയത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയത്.അരനൂറ്റാണ്ട് മുമ്പ് തന്നെ ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യം പരിഷത്ത് അംഗീകരിച്ചിരുന്നു. ആ മുദ്രാവാക്യത്തെ നമ്മള്‍ പലതലങ്ങളിൽ വ്യാഖ്യാനിച്ചിട്ടുണ്ട്.ഏത് വ്യാഖ്യാനവും അന്തിമമായിഎത്തിച്ചേരുന്നത് സമൂഹത്തിലെ ദരിദ്ര വത്ക്കരണധനികവത്ക്കരണപ്രക്രിയയെ കീഴ്മേൽ മറിക്കുന്നതിന് ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുക എന്ന തിലേയ്ക്കാണ്. അന്ന് കേരളസമൂഹത്തിലെ ഭൂരിപക്ഷവും ദരിദ്രരോ ദരിദ്രവത്ക്കരണത്തിന്റെ വക്കിൽ നിൽക്കു ന്നവരോ ആയിരുന്നു.ഒരു ന്യൂനപക്ഷം ധനികരും. ഈ സ്ഥിതി മാറണം എന്ന കാര്യത്തിൽ ആരും എതിരഭി പ്രായം പറഞ്ഞിരുന്നില്ല. എന്നാൽ സാമൂഹ്യയാഥാർത്ഥ്യങ്ങള്‍ ആ ആഗ്രഹത്തെ ഫലവത്താക്കുന്ന തരത്തിലാ യിരുന്നില്ല.ദരിദ്രർ പിന്നെയും ദരിദ്രരാവുകയും ധനികർ പിന്നെയും ധനികരാവുകയും ചെയ്തുകൊണ്ടിരുന്നു. ആ പ്രക്രിയയെയാണ് കീഴ്മേൽ മറിക്കണം എന്ന് നമ്മളാഗ്രഹിച്ചത്.എന്നാൽ സംഭിവിച്ചത് മറിച്ചാണ്. അഖിലേന്ത്യാസ്ഥിതിയെടുക്കകയാണെങ്കിൽ രാജ്യത്തെ ദേശീയ വരുമാനത്തിന്‍റെ 22 ശതമാനവും രാജ്യത്തെ ഒരുശതമാനം ആളുകളിലെന്ന് ആഗോള അസമത്വറിപ്പോർട്ട് 2022പറയുന്നു.രാജ്യത്തെ സാമ്പത്തിക സ്ഥിതിയില്‍ ഏറ്റവും പിന്നിലുള്ള ആളുകള്‍ സമ്പാദിക്കുന്നതിനേക്കാള്‍ 20 ശതമാനത്തോളം അധികമാണ് രാജ്യത്തെ സമ്പന്നരുടെ പക്കലുള്ളതെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.ആസ്തിയുടെ കാര്യം വരുമ്പോള്‍ അസമ ത്വം കൂടുതല്‍ വ്യക്തമാവുന്നു. സാമ്പത്തികമായി ആദ്യ പത്ത് ശതമാനത്തിന്റെ പക്കൽ 65 ശതമാനം ആസ്തിയും ആദ്യ ഒരു ശതമാനത്തിന്റെ പക്കൽ 33 ശതമാനം ആസ്തിയുമാണ് ഉള്ളത്.ലിംഗവ്യത്യാസത്തെ അടിസ്ഥാന മാക്കിയുള്ള അസമത്വത്തിലും ഇന്ത്യ മുന്നിലാണ്.

ദാരിദ്ര്യം എന്നത് സാമൂഹ്യസാമ്പത്തിക രാഷ്ട്രീയഘടകങ്ങള്‍ ഉള്‍പ്പെട്ട ഒരു ബഹുമുഖ സങ്കല്പമാണ്അത് വെറും പണത്തിന്റെ അഭാവമല്ലെന്നും ഒരു മനുഷ്യജീവി എന്ന നിലയില്‍ ഒരാളുടെ മുഴുവന്‍ കഴിവുകളും സാക്ഷാത്കരിക്കാനുള്ള ശേഷി ഇല്ലാതിരിക്കുക എന്നതാണെന്നും ഡോ.അമർത്യാസെൻ നിരീക്ഷിക്കുന്നു. ലോകബാങ്കിന്റെ കണക്കനുസരിച്ച് അഞ്ച് ഇന്‍ഡ്യക്കാരില്‍ ഒരാള്‍ വീതം ദരിദ്രരും അതില്‍ 80 ശതമാനവും ഗ്രാമീണമേഖലയിലുമാണ്.ദാരിദ്ര്യത്തിന്റെ തോത് ഏറ്റവും കൂടുതലുള്ളത് പട്ടികവര്‍ഗ്ഗ വിഭാഗത്തിലും തുടര്‍ന്ന് പട്ടികജാതി വിഭാഗത്തിലുമാണ്. (സാമ്പത്തികാവലോകനം 2017). ഭൂപരിഷ്കരണം,വിദ്യാഭ്യാസത്തിന്റെയും ആരോഗ്യസംരക്ഷണത്തിന്റെയും വ്യാപനം, വികേന്ദ്രീകൃതാസൂത്രണം, പെന്‍ഷന്‍ പദ്ധതികള്‍, പൊതുവിതരണ സമ്പ്രദായം, കുടുംബശ്രീ, ആസൂത്രണ പദ്ധതികളിലൂടെയുള്ള ഏകീകൃതമായ ശ്രമങ്ങള്‍ എന്നിവയിലൂടെ കേവ ലദാരിദ്ര്യത്തിന്റെ തോത് കുറഞ്ഞിട്ടുണ്ട്.എന്നാൽ ഇതിനൊരു പരിമിതിയുണ്ട്.ഗോത്രവർഗക്കാരുടെയും മത്സ്യ ബന്ധനത്തൊഴിലാളികളുടെയും പോലെയുള്ള ചില പ്രദേശങ്ങളിൽ കേവല ദാരിദ്ര്യത്തിന്റെ പരിധി ഉയർന്ന താണ്.അങ്ങനെ ദാരിദ്ര്യത്തിന്റെ തുരുത്തുകള്‍ സൃഷ്ടിക്കപ്പെടുന്നു.

ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന മുദ്രാവാക്യം അംഗീകരിക്കുന്ന കാലത്ത് അത്യന്തം പ്രതീക്ഷാ നിർഭരവും പ്രത്യാശാഭരിതവുമായ ഒരു ലോകത്തിലായിരുന്നു നാം ജീവിച്ചിരുന്നത്. നാളത്തെ ലോകം സ്ഥിതിസമത്വത്തിലും നീതിയിലും അധിഷ്ടിതമായിരിക്കുമെന്ന സ്വപ്നമായിരുന്നു പുരോഗമനചിന്താഗതിക്കാരെ പൊതുവിലും പരിഷത്ത് പ്രവർത്തകരെ വിശേഷിച്ചും അന്ന് നയിച്ചിരുന്നത്.”ഇന്നിവിടെക്കാണുമീ ദുരിതങ്ങള്‍ക്കപ്പുറം ഒരു സ്വർഗ്ഗമുണ്ടൊട്ടു ദൂരെ എന്ന് പാടാൻ നമ്മെ പ്രേരിപ്പിച്ചത് ആ ശുഭാപ്തിവിശ്വാസമായിരുന്നു. എന്നാൽ ആ മഹത്തായ സ്വപ്നം ഉടഞ്ഞ് പോകുന്നതിന് സാക്ഷ്യം വഹിച്ച ഒരു തലമുറയാണ് ഇന്ന് മദ്ധ്യവയ സ്സിലെങ്കിലും എത്തിനിൽക്കുന്നത്. അവരാണ് പരിഷത്തിലെ മഹാഭൂരിപക്ഷവും.ഇന്നത്തെ യുവത്വമാകട്ടെ അതിന് ശേഷമുള്ള പ്രതീക്ഷയറ്റ മുതലാളിത്തകാലത്ത് പിറന്ന് വീണവരുമാണ്.ആ അർത്ഥത്തിലും തലമുറ കള്‍ തമ്മിലുള്ള വിടവ് പ്രകടമായി നമ്മള്‍ അനുഭവിക്കുന്നുണ്ട്.

സാമൂഹ്യവീക്ഷണത്തിൽ മാത്രമല്ല ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യകളുടേയും കഴിവിലും ഒരുപക്ഷേ അളവിൽ കവിഞ്ഞ ശുഭാപ്തിബോധമാണ് 1970കളിലെ സമൂഹത്തെ നയിച്ചിരുന്നത്.മാനവസമൂഹം നേരിടുന്ന എല്ലാത്തരം പ്രതിസന്ധികളേയും സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി മുറിച്ചുകടക്കാമെന്ന് ആത്മാർത്ഥ മായിത്തന്നെ അന്നത്തെ സമൂഹം കരുതിയിരുന്നു.ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലെത്തിയപ്പോഴേ യ്ക്കം ലോകം വളർച്ചയുടെ പരിമിതി കണ്ടെത്തുകയും വ്യവസായവിപ്ലവത്തിന് ശേഷം നടന്നത് പോലെയുള്ള വളർച്ച നിലനിർത്തണമെങ്കിൽ ഒന്നിലധികം ഭൂമി(ഗ്രഹ)കള്‍ വേണം എന്ന തിരിച്ചറിവിലേയ്ക്ക് എത്തുകയും എത്തുകയും ചെയ്തു.സാങ്കേതികവിദ്യയുടെ ഈ പരിമിതി ലോകത്തെ മാറ്റിമറിക്കാനാഗ്രഹിച്ചവർക്ക് ബോദ്ധ്യ പ്പെടാൻ സോവിയറ്റുയൂണിയന്റെ തകർച്ചയോളം കാത്തിരിക്കേണ്ടി വന്നു.

വൈരുദ്ധ്യങ്ങളുടെ കൂമ്പാരം

എന്നാൽ എഴുപതുകളിലെ ധനികവത്ക്കരണ ദരിദ്രവത്ക്കരണ പ്രക്രിയ അതിനേക്കാള്‍ പലമടങ്ങ് രൂക്ഷമായ സ്ഥിതിയിലാണ് 1990 ന് ശേഷം ലോകമെന്ന് ഇന്ന് നമുക്കറിയാം.പ്രതിസന്ധി രൂക്ഷമായി തുടരു കയും പ്രതീക്ഷ പൊലിഞ്ഞുപോവുകയും ചെയ്ത നിരാശാഭരിതമായ കാലം നാല് പതിറ്റാണ്ടിലധികം നീണ്ട് നിൽക്കുന്നു. ഇതിന്റെയർത്ഥം ലോകമാകമാനം ഒരു നിരാശത ചൂഴ് ന്നു നിൽക്കുന്നു എന്നല്ല.പ്രതിസന്ധി മറിക ടക്കാൻ പുതിയ പല വഴികളും അന്വേഷിക്കപ്പെട്ടിട്ടുണ്ട്. പുതിയവിജ്ഞാനപദ്ധതികള്‍ പലതും ഉയർന്നുവന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വൈരുദ്ധ്യത്തെക്കുറിച്ചുള്ള ചർച്ചകള്‍ ഇക്കാലത്താണ് ഉയർന്നുവന്നത്മനുഷ്യനും മനുഷ്യനും തമ്മിുള്ള വൈരുദ്ധ്യങ്ങള്‍ പരിഹരിക്കാൻ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വൈരു ദ്ധ്യങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ട്.ഇന്നത്തെമാതിരി മാനവരാശിക്ക് മുന്നോട്ട് പോകാൻ ഒരു ഭൂമി മതിയാവില്ലെന്ന തിരിച്ചറിവിൽ നിന്നാണ് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വൈരുദ്ധ്യത്തെക്കുറിച്ചുള്ള ചർച്ചകള്‍ തുടങ്ങിയത്.നവീനമായ പരിസ്ഥതിസിദ്ധാന്തങ്ങള്‍ ഇതിൽ നിന്ന് രൂപപ്പെട്ടുമനുഷ്യൻ ഒരു ഏകശിലാ രൂപമാർന്ന സംജ്ഞയല്ലെന്നും അതിനുള്ളിൽ മുമ്പ് കണ്ടെത്തിയ വർഗ്ഗവൈരുദ്ധ്യം കൂടാതെ നിരവധി വൈരു ദ്ധ്യങ്ങള്‍ നിലനിൽക്കുന്നെണ്ടന്നും സമ്മതിക്കേണ്ടി വന്നു. ആദ്യം ലിംഗപരമായ ആൺ പെൺ വൈരു ദ്ധ്യവും പിന്നീട് ലിംഗപരമായ രണ്ടിലധികം ശാരീരികാവസ്ഥകളുണ്ടെന്നും ലോകം അംഗീകരിച്ചു.സാംസ്ക്കാരികവും സ്വത്വപരവുമായ അനേകം വൈവിദ്ധ്യങ്ങള്‍ മാനവരാശിയിൽ തന്നെയുണ്ടെന്ന കാഴ്ച്ചപ്പാടും പ്രബലമായി. അങ്ങനെ വൈരുദ്ധ്യങ്ങളുടെ ഒരു കൂമ്പാരത്തിലേയ്ക്ക് മാനവസമൂഹം എടുത്തെറിയപ്പെട്ടു.ഒരു ജീവിവർഗ്ഗമെന്ന നിലയിൽ ജീവശാസ്ത്രപരമായി മാനവസമൂഹം ഏകമായിരിക്കുമ്പോള്‍ തന്നെ അതിനുള്ളിൽ പരിഹരിക്കാൻ കഴിയാത്ത അനേകം വൈരുദ്ധ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഈ പിളർപ്പിന് കാരണം ജൈവികം മാത്രമല്ല സാമൂഹ്യ ശാസ്ത്രപരവുമാണ്.ഇങ്ങനെ പ്രത്യക്ഷപ്പെട്ട എല്ലാ പിളർപ്പുകളും യഥാർത്ഥമായിരുന്നില്ല. മുതലാളിത്തത്തിന്റെ അനന്തമായ ചൂഷണം സുസ്ഥിരമാക്കുന്നതിനായി സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ബോധപൂർവ്വമായ പ്രവർത്ത നങ്ങളുംനടന്നു. ഇങ്ങനെ യഥാർത്ഥവും വ്യാജവുമായ അനേകം പിളർപ്പുകളിൽ ഉള്‍പ്പെടുന്ന വ്യത്യസ്ഥ ഘടക ങ്ങള്‍ക്കിടയിൽ വ്യത്യസ്ഥവും പലപ്പോഴും വിരുദ്ധങ്ങളുമായ താത്പ്പര്യങ്ങളുമുണ്ടായി.

ഇത്തരം താത്പ്പര്യങ്ങളിൽ ഏത് ശരി,ഏത് തെറ്റ് എന്ന് എങ്ങനെ തീരുമാനിക്കും? അങ്ങനെ എല്ലാ വർക്കും സമ്മതമായ ശരിതെറ്റുകളില്ലെന്നും ഓരോ സവിശേഷ സാഹചര്യത്തിലും അതത് കാലത്തിന്റേയും ഉള്‍പ്പെട്ടിരിക്കുന്ന കക്ഷികളുടെ താത്പ്പര്യങ്ങളുടേയും അടിസ്ഥാനത്തിലുള്ള ശരിതെറ്റുകള്‍ മാത്രമേയുള്ളൂവെന്നും ഒരു വാദമുണ്ട്. പക്ഷേ സമാനസാഹചര്യങ്ങളിൽ ഏത് വിഭാഗത്തിൽ പെട്ടവർക്കും ബോദ്ധ്യപ്പെടാവുന്ന ശരി/തെറ്റ് സംബന്ധിച്ച തത്വങ്ങള്‍ ഉണ്ടായേ പറ്റൂ. അങ്ങനെ സാദ്ധ്യമാകുന്ന അന്വേഷണരീതി,ഇപ്പോള്‍ നമ്മു ടെ അറിവിലുള്ളത് ശാസ്ത്രം മാത്രമാണ്. നിരീക്ഷണം,അതിന്റെ അടിസ്ഥാനത്തിലുള്ള സിദ്ധാന്തരൂപ വത്ക്കര ണം,സിദ്ധാന്തം തെളിയിക്കാനുള്ള പരീക്ഷണം,സിദ്ധാന്തത്തിന്റേയും തെളിവുകളുടേയും പ്രസിദ്ധീകരണം, സിദ്ധാന്തം തെറ്റാണെന്ന് തെളയിക്കാനുള്ള പരീക്ഷണങ്ങള്‍ തുടങ്ങിയ സവിശേഷമായ ഘടനയുള്ള ഒരു രീതിസമ്പ്രദായമാണ് ശാസ്ത്രം.അതുകൊണ്ട് തന്നെ അതിലൂടെ ഒരുത്തരത്തിൽ എത്തിച്ചേരണമെങ്കിൽ മുൻ കൂട്ടി അതിന്റെ വിശ്വാസിയാകേണ്ടതില്ല. യോജിക്കുന്നവർക്കും വിയോജിക്കുന്നവർക്കും ഈ രീതിയിലൂടെ ഒരേ നിഗമനത്തിൽ എത്താം.ഒരർത്ഥത്തിൽ ഏറ്റവും ജനാധിപത്യപ്രയോഗം ശാസ്ത്രത്തിലാണ് അടങ്ങിയിട്ടുള്ളത്. കാരണം അതിൽ ഏതെങ്കിലും തരത്തിലുള്ള പ്രാമാണികന്മാർ ഇല്ല. അധികാരിക്കും പുരോഹിതനും പോലെ തന്നെ സാധാരണക്കാർക്കും ഈ രീതി പിന്തുടരുകയും നിഗമനങ്ങളിൽ എത്തുകയും ചെയ്യാം.

ശാസ്ത്രത്തിന്റ രീതിയിൽ എത്തിച്ചേർന്ന ഒരു നിഗമനത്തെ അധികാരം കൊണ്ടോ പൗരോഹിത്യം കൊണ്ടോ റദ്ദ് ചെയ്യാനാ വില്ല എന്നതാണ് അതിലെ ജനാധിപത്യപ്രയോഗം.

എന്താണ് പൊതുബോധം?

ഒരു സവിശേഷപ്രശ്നം ഉയർന്നുവരുമ്പോള്‍ ശാസ്ത്രത്തിന്റെ രീതിയിൽ അതിനെ വിശകലനം ചെയ്യാ നുള്ള സന്നദ്ധതയാണ് ശാസ്ത്രബോധം.ശാസ്ത്രത്തിന്റെ രീതിയുടെ അടിസ്ഥാനത്തിലുള്ള ജീവിതരീതിയാണത്. ഇതാണ് ശാസ്ത്രബോധത്തിന്റെ പ്രസക്തി.സമൂഹത്തെ നയിക്കേണ്ടത് ശാസ്ത്രബോധമാണെന്ന് പരിഷത്ത് കരു തുന്നു.എന്നാൽ നമ്മുടെ സമൂഹത്തെ നയിക്കുന്നത് ശാസ്ത്രബോധമല്ല.മിക്കവാറും ആ ചുമതല നിർവഹിക്കുന്നത് സമൂഹത്തിന്റെ പൊതുബോധമാണ്. ക്ലാസ്സുമുറിയിൽ ജനാധിപത്യം വേണമെന്ന് പറയുമ്പോള്‍,”അതെങ്ങനെ കുട്ടികള്‍ അദ്ധ്യാപകരെ അനുസരിക്കേണ്ടവരല്ലേ“, എന്ന ചോദ്യം വരുന്നത് പൊതുബോധത്തിൽ നിന്നാണ്. കുടുംബത്തിൽ ജനാധിപത്യം വേണമെന്ന് വാദിക്കുമ്പോള്‍,”അതെങ്ങനെ പുരുഷനല്ലേ ഗൃഹനാഥൻ“,എന്ന് സാധാരണ മനുഷ്യർപോലും ചോദിക്കുന്നത് അങ്ങനെയൊരു പൊതുബോധം നിലനിൽക്കുന്നത് കൊണ്ടാണ്. അസാമാന്യവും അനിതരസാധാരണവുമായ ഭരണപാടവം പ്രകടിപ്പിച്ച ഒരു ഭരണാധികാരി വനിതയായതി നാൽ ജനനായിക എന്ന് വിശേഷിപ്പിക്കുന്നതിന് പകരം ടീച്ചറമ്മ എന്ന് വിളിക്കുന്നത് സമൂഹത്തില്‍ സ്ത്രീകള്‍ക്കുള്ള സ്ഥാനത്തെക്കുറിച്ചും അവരുടെ കഴിവുകളെക്കുറിച്ചുമുള്ള പൊതുബോധം അത്തരത്തിൽ നിലനിൽക്കുന്ന തുകൊണ്ടാണ്.വികസനം,അക്രമം,രാഷ്ട്രീയം,സദാചാരം,നല്ല ഗുണങ്ങള്‍,പെരുമാറ്റശീലങ്ങള്‍ എന്നിവയെക്കുറി ച്ചെല്ലാം ഇത്തരത്തിൽ പൊതുബോധമുണ്ട്.

പൊതുബോധമുണ്ടാകുന്നത് പല കാരണങ്ങള്‍ കൊണ്ടാവാം.ഒന്നാമതായി മതവും പൗരോഹിത്യവും മുന്നോട്ട് വയ്ക്കുന്ന സദാചാരസങ്കൽപ്പങ്ങളും ജീവിതശൈലിയുമൊക്കെ അതിന് കാരണമാകുന്നുണ്ട്.ഓരോ കാല ഘട്ടത്തിലും നിലനിൽക്കുന്ന ഉപരിവർഗ്ഗത്തിന്റെ താത്പ്പര്യങ്ങള്‍ സംരക്ഷിക്കാൻ ആവശ്യമായ പൊതുബോധം നിർമ്മിച്ചെടുക്കാറുണ്ട്.അതിനനുസൃതമായ സാഹിത്യം,കല,മറ്റ് സർഗ്ഗാത്മകസൃഷ്ടികള്‍,അമ്മൂമ്മക്കഥകള്‍ എന്നിവയൊക്കെ രൂപപ്പെടാറുണ്ട്.അവയിലൂടെയും പൊതുബോധം നി‍ർമ്മിക്കപ്പെടുകയും തലമുറകളിലേയ്ക്ക് കൈമാറുകയും ചെയ്യാറുണ്ട്. ഉത്സവങ്ങള്‍,ഐതീഹ്യങ്ങള്‍,മിത്തുകള്‍,ഭാഷ,എന്നിവയൊക്കെ പൊതുബോധ നിർമ്മിതിക്ക് കാരണമായിട്ടുണ്ട്.ജനങ്ങളുടെ അനുഭവത്തിൽ നിന്നും പൊതുബോധമുണ്ടാകാം.എന്നാൽ അവ ആവർത്തിച്ചുള്ള അനുഭവങ്ങളുടെ സാമാന്യവത്ക്കരണത്തിൽ നിന്നുമല്ലെങ്കിൽ അത്തരം ബോധം ശാസ്ത്രീയ മാവുകയില്ല.ദീർഘകാലാടിസ്ഥാനത്തിൽ നിലനിൽക്കുന്ന പൊതുബോധം കൂടാതെ സവിശേഷകാലങ്ങളിൽ സംഘടിത മാദ്ധ്യമങ്ങള്‍ പോലെയുള്ള സ്ഥാപനങ്ങളും പൊതുബോധം നിർമ്മിച്ചെടുക്കാറുണ്ട്.മാദ്ധ്യമങ്ങള്‍ ഇ ങ്ങനെ പൊതുബോധം നിർമ്മിച്ചെടുക്കുന്നതെങ്ങനെയെന്നതിന് സമീപകാലകേരളത്തിൽ തന്നെ നിരവധി ഉ ദാഹരണങ്ങളുണ്ട്.വിമോചനസമരം,ജനകീയാസൂത്രണവിവാദം തൂടങ്ങിയ ഘട്ടങ്ങളിലൊക്കെ ഇത് നാം കണ്ട താണ്.നോബൽ സമ്മാനജേതാവായ നോം ചോംസ്കിയും എഡ്വേർഡ് ഹെർമ്മനും ചേർന്നെഴുതിയ Manufacturing Consent: The Political Economy of the Mass Media എന്ന ഗ്രന്ഥത്തിൽ മാദ്ധ്യമങ്ങള്‍ ബഹുജനങ്ങളുടെ സമ്മതം നിർമ്മിച്ചെടുക്കുന്നതെങ്ങനെ എന്ന് വിശദീകരിക്കുന്നണ്ടല്ലോ?

വ്യക്തിപരവും സാമൂഹ്യവുമായ പ്രശ്നങ്ങള്‍ വിശകലനം ചെയ്യുന്നതിലും നിഗമനത്തിലെത്തുന്നതിലും പൊതുബോധത്തിന്റെ സ്വാധീനമുണ്ടാവുന്നത് സമൂഹത്തെ അശാസ്ത്രീയവും അയുക്തികവുമായ തീരുമാനങ്ങ ളിലേയ്ക്ക് നയിക്കാൻ കാരണമാകും. ഇത് മിക്കവാറും നിലനിൽക്കുന്ന ഉപരിവർഗ്ഗതാത്പ്പര്യങ്ങള്‍ക്ക് അനുഗുണ മായിരിക്കുകയും ചെയ്യും. എന്നാൽ പൊതുബോധം ഒരു യാഥാർത്ഥ്യമാണ്.അതിനെ ഇല്ലാതാക്കാൻ കഴിയില്ല. പൊതുബോധമെന്നത് അനേകകാലംകൊണ്ട് ഉറഞ്ഞ്കൂടിയ സാമൂഹ്യശീലങ്ങളാണ്.വ്യക്തികള്‍ക്കെന്ന പോ ലെ സമൂഹത്തിനും ശീലങ്ങളിൽ നിന്ന് മോചനം നേടാനാവില്ല.

ഹന്ത,പഴകിയ ശീലം പോലൊരു ബന്ധന മുണ്ടോ ലോകത്തിൽഎന്ന് വൈലോപ്പിള്ളി ശ്രീധരമേനോൻ ചോദിച്ചത് ഈയർത്ഥത്തിലും കൂടിയാണ്. അതുകൊണ്ട് ശാസ്ത്രബോധത്തെ പൊതുബോധമാക്കിമാറ്റുകയേ കരണീയമായിട്ടുള്ളൂ.ഇതാണ് ശാസ്ത്രബോധ ത്തെ പൊതുബോധമാക്കുക എന്ന ആശയം കൊണ്ട് അർത്ഥമാക്കുന്നത്.

ശാസ്ത്രബോധവും ശാസ്ത്രവിവരങ്ങളെ സംബന്ധിച്ച ബോധവും

എന്നാൽ എന്താണ് ശാസ്ത്രബോധം എന്ന ചോദ്യത്തെ നാമിവിടെ അഭിമുഖീകരിക്കേണ്ടിവരും.നേര ത്തെ പറഞ്ഞത് പോലെ അതൊരു ജീവിതശൈലിയാണ്.പ്രശ്നങ്ങളെ വിശകലനം ചെയ്യാൻ ശാസ്ത്രത്തിന്റെ രീതി സ്വീകരിക്കുന്ന ജീവിതശൈലി.എന്നാൽ നമ്മള്‍ യഥാർത്ഥത്തിൽ അകപ്പെട്ടുപോകുന്ന ഒരു വർത്തമാന കാല പ്രതിസന്ധിയുണ്ട്.ശാസ്ത്രബോധവും ശാസ്ത്രവിവരങ്ങള്‍ സംബന്ധിച്ച ബോധവും തമ്മിൽ വിവേചിച്ചറിയാ ൻ കഴിയാതെ വരുന്നതാണത്. ശാസ്ത്രബോധത്തിൽ നിന്ന് തുലോം വ്യത്യസ്ഥമാണ് ശാസ്ത്രവസ്തുതകള്‍ സംബ ന്ധിച്ച അറിവ്.കൊറോണ എന്നാലെന്താണ്,ആ വൈറസിന്റെ ജനിതകഘടനയെന്താണ്,കോവി‍ട് ബാധി ച്ചാൽ കൈ കഴുകേണ്ടത് എങ്ങനെയാണ്,സാനിറ്റൈസർ വൈറസിനെ നശിപ്പിക്കുന്നതെങ്ങനെയാണ് തുടങ്ങിയ ധാരാളം കാര്യങ്ങള്‍ ഇന്ന് നമുക്കറിയാം.ഇവയെല്ലാം ശാസ്ത്രവിവരങ്ങളാണ്.ഇതെല്ലാം അറിയുന്ന ഒരാള്‍ക്ക് അതുകൊണ്ടുമാത്രം ശാസ്ത്രബോധമുണ്ടെന്ന് പറയാനാവില്ല.അയാളുടെ ബോധത്തെ ശാസ്ത്രവിവരബോധം എന്ന് ചിലർ വിശേഷിപ്പിക്കാറുണ്ട്.സൂര്യൻ ഭൂമിയിൽ നിന്ന് എത്ര അകലത്തിലാണ്,ഒരു പ്രകാശവർഷം എ ത്ര കിലോമീറ്ററാണ്,പ്രപഞ്ചം വികസിക്കുന്നു എന്ന് പറയാൻ കാരണമെന്താണ് എന്നൊക്കെ നമ്മളിൽ പല രും പഠിച്ചു വച്ചിട്ടുണ്ട്.അതുപോലെ പരിണാമത്തെക്കുറിച്ചും ക്രോമോസോമുകളുടെ ഘടനയെക്കുറിച്ചും പാരമ്പ ര്യസ്വഭാവങ്ങള്‍ അടുത്ത തലമുറയിലേയ്ക്ക് പകരുന്നതിനെക്കുറിച്ചുമെല്ലാം പരിഷത്ത് പ്രവർത്തകർ ക്ലാസ്സുകളെ ടുക്കുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്യാറുണ്ട്.ഈ അറിവുകളെല്ലാം മറ്റാരോ കണ്ടെത്തിയത് തന്നെയാ ണ്.നമ്മള്‍ അവ ശേഖരിച്ച് പഠിച്ച് മറ്റുള്ളവരോട് പറയുന്നു.ഇത്തരം പ്രവർത്തനങ്ങളിലും നമ്മെ നയിക്കുന്നത് ശാസ്ത്രബോധമാവണമെന്നില്ല, ശാസ്ത്രവിവരങ്ങളെക്കുറിച്ചുള്ള അറിവാണ്. ശാസ്ത്രവിവരങ്ങള്‍ ശേഖരിക്കുകയും മറ്റു ള്ളവരെ പഠിപ്പിക്കുകയും ചെയ്യുകയെന്നതാണ് ശാസ്ത്രവിവരബോധത്തിന്റെ പ്രധാനപ്രവർത്തനം.ഇത് വർത്ത മാനകാല സമൂഹത്തിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ്.ഇന്റര്‍നെറ്റിന്റെ വരവോട് കൂടി വിജ്ഞാ നം വിരൽത്തുമ്പിൽ എന്ന പ്രയോഗം സാർത്ഥകമായിട്ടുണ്ട്.ഇന്ന് ആര്‍ക്കും ഏത് വിവരവും അതിവേഗം ലഭി ക്കും.അതുപയോഗിച്ച് ശാസ്ത്രീയവിവരങ്ങള്‍ ശേഖരിച്ച് പ്രചരിപ്പിക്കാൻ കഴിയും.അതിന്ന് ധാരാളം പേ‍ർ ചെയ്യു ന്നുമുണ്ട്.

ഒരർത്ഥത്തിൽശാസ്ത്രബോധമെന്നത് ശാസ്ത്രത്തിനുള്ളിലുള്ള ഒരു സംഗതിയല്ല. ശാസ്ത്രം പഠിച്ച അനേകം പേർ ശാസ്ത്രബോധമില്ലാതെ പെരുമാറുന്നത് നാം കാണുന്നുണ്ട്. യുദ്ധവിമാനം വാങ്ങുമ്പോള്‍ വൈമാനികൻ അ തിൽ നാരങ്ങയും മുളകും കെട്ടിത്തൂക്കുന്നതും ബഹിരാകാശ ഗവേഷകർ‍ റോക്കറ്റിന്റെ മാതൃക തിരുപ്പതിക്ഷേത്ര ത്തിൽ കാണിക്കവയ്ക്കുന്നതും ഉപഗ്രഹവിക്ഷേപണത്തിന് ജ്യോതിഷപ്രകാരമുള്ള നല്ലനേരം നോക്കുന്നതുമെ ല്ലാം ശാസ്ത്രബോധമില്ലായ്മകൊണ്ടാണ്. എന്നാൽ ഇവർക്കെല്ലാം ശാസ്ത്രവിവരങ്ങളറിയാം എന്ന കാര്യത്തിൽ ത‍ർക്കമൊന്നുമില്ല.ശാസ്ത്രത്തിന്റെ രംഗത്തിലല്ല ശാസ്ത്രബോധത്തിന്റെ പ്രയോഗം കൂടുതലായി വേണ്ടിവരുക,മറിച്ച് ശാസ്ത്രേതരസാമൂഹ്യമേഖലകളിലാണ്. നിത്യജീവിതത്തെ യുക്തിസഹമായി സമീപിക്കുകയും, പ്രശ്നങ്ങളെ ശാ സ്ത്രീയമായി അപഗ്രഥിക്കുകയും ചെയ്യുന്ന സമീപനം ശാസ്ത്രബോധത്തിന്റെ ലക്ഷണമാണെന്ന് പറഞ്ഞു. സമൂഹ ത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍,അനാചാരങ്ങള്‍,ജാതീയവും വര്‍ഗ്ഗീയവും ലിംഗപരവുമായ വിവേ ചനങ്ങള്‍ എന്നിവക്കെല്ലാം അറുതിവരുത്താന്‍ ശാസ്ത്രബോധം വ്യപകമാകുന്നതിലൂടെ സാധിക്കും.അവിടെ ശാസ്ത്രം യുക്തിചിന്തയുമായി കൂടിക്കലരുന്നു.യുക്തിചിന്ത രണ്ടുരൂപത്തിലാവാം.ഒന്നാമത്തേത് ഊഹാധിഷ്ടിത യുക്തിചിന്തയാണ്.രണ്ടാത്തേത് പ്രായോഗികയുക്തിചിന്തയാണ്. വ്യത്യസ്ഥഭാരമുള്ള രണ്ട് വസ്തുക്കള്‍ ഒരേ ഉയ രത്തിൽ നിന്ന് താഴേയ്ക്കിട്ടാൽ ഭാരം കൂടിയ വസ്തു ആദ്യം താഴെയെത്തും എന്നത് അരിസ്റ്റോട്ടിൽ ഊഹാധിഷ്ടി തയുക്തിചിന്തയിലൂടെ കണ്ടെത്തിയതാണ്.അതുപക്ഷേ ശരിയായിരുന്നില്ല.ഒരേ ഉയരത്തിൽ നിന്ന് താഴേയ്ക്ക് വീഴുന്ന വസ്തുക്കളെ നിരീക്ഷിച്ച് കൊണ്ട് മാത്രമേ പ്രായോഗികയുക്തിചിന്ത പ്രയോഗിക്കാൻ കഴി യൂ.ഊഹാ ധിഷ്ടിതയുക്തിയിൽ നിന്ന് പ്രായോഗിക യുക്തിചിന്തയിലേയ്ക്ക് സമൂഹത്തെ എത്തിക്കുന്നത് ശാസ്ത്രബോധമാ ണ്.

മൂലകാരണം അന്വേഷിക്കുന്ന ബോധമേത്?

ശാസ്ത്രം അറിഞ്ഞത് കൊണ്ട് മാത്രം ശാസ്ത്രബോധമുണ്ടാവണമെന്നില്ലെന്ന് നേരത്തെ പറഞ്ഞല്ലോ?ഒരേ പ്രശ്നത്തെത്തന്നെ ശാസ്ത്രബോധമുള്ളവരും ശാസ്ത്രം പഠിച്ചെങ്കിലും ശാസ്ത്രബോധം ലഭിച്ചിട്ടില്ലാത്തവരുമായ രണ്ട് വിഭാഗം ആളുകള്‍ രണ്ട് തരത്തിലായിരിക്കും വിശകലനം ചെയ്യുക.നമുക്ക് കോവിഡ്,നിപ്പ തുടങ്ങിയ രോഗങ്ങളെത്തന്നെ ഉദാഹരണമായി എടുക്കാം.ഇവ വ്യാപിക്കുമ്പോള്‍ ശാസ്ത്രഅറിവ് അഥവ ശാസ്ത്രവിവര ബോധം ഉള്ളവർ എങ്ങനെയാവും പ്രതികരിക്കുക?നേരത്തെ പറഞ്ഞത് പോലെ രോഗാണുക്കളെപ്പറ്റിയും അവ ശരീരത്തിൽ കടന്ന് കൂടിയാൽ ഉണ്ടാകുന്ന രോഗത്തിന്റെ സ്വഭാവത്തെപ്പറ്റിയും അത് വരാതെ നോക്കുന്ന തെങ്ങനെയെന്നതിനേക്കുറിച്ചും ഒക്കെ അവർ മനസ്സിലാക്കും.അക്കാര്യം ജനങ്ങള്‍ക്കിടയിൽ പ്രചരിപ്പിക്കും. തീ‍ർച്ചയായും അത് വളരെ പ്രധാനപ്പെട്ട ഒരു ബഹുജനവിദ്യാഭ്യാസ പ്രക്രിയതന്നെയാണ്.അത് അനിവാര്യവു മാണ്.ശാസ്ത്രവിജ്ഞാനപ്രചരണം ആവശ്യമില്ല എന്ന ധാരണയിലല്ല നാമിത് ചർച്ച ചെയ്യുന്നത്.എന്നാൽ ശാസ്ത്രബോധമുള്ളവർ ശാസ്ത്രവിജ്ഞാനപ്രചരണത്തിനൊപ്പം മറ്റൊരു ചോദ്യം കൂടി ചോദിക്കും.അത് ഇതിനു മുമ്പും വൈറസ്സുകളും അവയെ മനുഷ്യനിലേയ്ക്ക് പടർത്തുന്ന വവ്വാലും പന്നിയും പോലുള്ള ജീവികളും ഭൂമിയിലു ണ്ടായിരുന്നല്ലോ,എന്നിട്ടും ഇപ്പോള്‍ മാത്രമെന്താണ് രോഗം പടരാനുള്ള കാരണം എന്നായിരിക്കും.സത്യത്തി ൽ ഈ ചോദ്യം കേരളത്തിലെ ഒരു രാഷ്ട്രീയനേതാവ് ഉന്നയിച്ചിരുന്നു.എന്നാൽ അദ്ദേഹം അതിനുത്തരമായി പ്രചരിപ്പിക്കാൻ ശ്രമിച്ചത് സംസ്ഥാനസർക്കാരിന്റെ എന്തോ ദോഷം കൊണ്ട് ഇപ്പോള്‍ രോഗം വന്നു എന്ന മട്ടിലായിരുന്നു.അതുകൊണ്ട് തന്നെ ആ ചോദ്യവും അതേത്തുടർ‍ന്നുള്ള ച‍ർച്ചകളും പരിഹാസ്യമോ ബാലിശ മോ ആയിപ്പോയി.എന്നാൽ യഥാ‍ർത്ഥത്തിൽ മേൽപ്പറഞ്ഞ ചോദ്യം ശാസ്ത്രബോധമുള്ള ഒരാള്‍ ചോദിക്കേണ്ട ത് തന്നെയാണ്.ഇന്ന് ഈ ചോദ്യം ഉന്നയിക്കപ്പെട്ടിട്ടുണ്ട്.അതിന്റെ ഫലമായി ജീവികളുടെ ആവാസവ്യവസ്ഥ യിലേയ്ക്കുള്ള മനുഷ്യന്റെ കടന്നുകയറ്റത്തേക്കുറിച്ചുള്ള പുതിയ തിരിച്ചറിവുകള്‍ ലോകത്താകെ ഉണ്ടായിട്ടുമുണ്ട്. അത്തരം തിരിച്ചറിവുകളാണ് ഏകലോകം ഏകാരോഗ്യംഎന്ന ആശയത്തിലേയ്ക്ക് ശാസ്ത്രലോകത്തെ എത്തി ച്ചത്.ആഗോളതലത്തിൽ ഗവേഷകർ ഇത്തരമൊരാശയത്തിലേയ്ക്കെത്തിയത് കോവിഡിന്റെ വ്യാപനത്തെത്തു ടർന്നാണ്.എന്നാൽ പരിഷത്താകട്ടെ ആരോഗ്യം എന്നാൽ ഡോക്ടറും മരുന്നും ആശുപത്രിയുംകൊണ്ട് നേടാവു ന്ന ഒന്നല്ലെന്നും അത് മനുഷ്യനും ചുറ്റുപാടും തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തിൽ നിന്ന് രൂപപ്പെടുന്ന താണെന്നും നേരത്തെ തന്നെ പറയുകയും അത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.ഏകലോകം ഏകാരോഗ്യം എന്ന ആശയത്തിന്റെ ആദ്യാങ്കുരങ്ങള്‍ ഇതിലുണ്ടെന്നതാണ് വാസ്തവം.ഈയൊരു നിലപാടിലേയ്ക്കെത്തുവാൻ നമുക്ക് കഴിഞ്ഞത് ശാസ്ത്രവിവരങ്ങള്‍ സംബന്ധിച്ച അറിവിനൊപ്പം ശാസ്ത്രബോധവും കൂടിയുണ്ടായിരുന്നതി നാലാണ്.

വൈദ്യശാസ്ത്രം പോലെയുള്ള സങ്കീർണ്ണമായ രംഗങ്ങളിൽ മാത്രമല്ല,ഏത് മേഖലയിലും ഈ വ്യത്യാ സം കാണാം.തെരുവുകളിൽ വാഹനത്തിരക്ക് വർദ്ധിക്കുന്നു എന്ന പ്രശ്നമെടുക്കുക.ശാസ്ത്രവിവരബോധമുള്ളവർ എങ്ങനെയാവും അതിനോട് പ്രതികരിക്കുന്നത്.അവർ കുറച്ച് കൂടി വീതിയുള്ള റോ‍ഡുകള്‍ നിർമ്മിക്കാൻ ശ്രമി ക്കും.അല്ലെങ്കിൽ സമാന്തരമായി മറ്റൊരു യാത്രാസംവിധാനം ഉണ്ടാക്കാൻ ശ്രമിക്കും.കുറച്ചുകൂടി കൂടുതൽ ശാസ്ത്ര വിവരം കയ്യിലുള്ളവരാണെങ്കിലോ? അതനുസരിച്ചുള്ള പരിഹാരം നിർദ്ദേശിക്കും.എന്നാൽ ശാസ്ത്രബോധമുള്ളവ‍ർ എങ്ങനെയാണ് ഇതിനോട് പ്രതികരിക്കുന്നത്?എന്തുകൊണ്ട് വാഹനപ്പെരുപ്പമുണ്ടാകുന്നു, എന്തുകൊണ്ട് ജനങ്ങള്‍ കൂടുതലായി യാത്രചെയ്യേണ്ടിവരുന്നു എന്നൊക്കെയാവും അവർ ചോ‍ദിക്കുക.അവ നമ്മെ പൊതു ഗതാഗത സംവിധാനത്തിന്റെ അപര്യാപ്തതയെക്കുറിച്ചോ പുതിയ കാലത്തെ ജീവിതശൈലിയുടെ സവിശേ ഷതകളെക്കുറിച്ചോ ഒക്കെ ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കും.

ഈ രണ്ടുദാഹരണങ്ങളിലും നമ്മള്‍ രണ്ട് തരം പ്രതികരണങ്ങള്‍ കണ്ടു.ഇവ തമ്മിലുള്ള വ്യത്യാസം നമുക്ക് ഏറ്റവും ചുരുക്കി ഇങ്ങനെ മനസ്സിലാക്കാം.ശാസ്ത്രബോധം ഒരു പ്രശ്നത്തിന്റെ മൂലകാരണത്തെ അന്വേഷി ക്കുകയും അത് പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.ആ അന്വേഷണവും പരിഹാരശ്രമവും ഒട്ടും എളുപ്പമല്ലെ ന്ന് ശാസ്ത്രബോധമുള്ള ഒരാള്‍ക്കറിയുകയും ചെയ്യാം.എന്നാൽ ശാസ്ത്രവിവരവിജ്ഞാനം മാത്രമുള്ളവർ പ്രശ്നത്തിന് സാങ്കേതികവിദ്യ കൊണ്ടുള്ള ഒരു ഉടൻ പരിഹാരമാണ് നി‍ർദ്ദേശിക്കുന്നത്.അത് രണ്ടുതരം അപകടം സൃഷ്ടി ക്കും.ഒന്നാമത്തേത് എല്ലാ പ്രശ്നങ്ങള്‍ക്കും അങ്ങനെ പരിഹാരം കാണാനാവില്ലെന്നത് മാത്രമല്ല അത്തരം പ്രശ്ന പരിഹാരങ്ങള്‍ പുതുതലമുറപ്രശ്നങ്ങള്‍ക്ക് ജന്മം കൊടുത്തുകൊണ്ടുമിരിക്കുമെന്നതാണ്.അങ്ങനെ എല്ലായ്പ്പോഴും പ്രശ്നങ്ങളോട് മല്ലിട്ടുകൊണ്ടേയിരിക്കുക എന്ന വിധിയിലേയ്ക്ക് അത് മനുഷ്യരാശിയെ തള്ളി വിടും.രണ്ടാമത്തേ ത് നമ്മുടെ എല്ലാ പ്രശ്നങ്ങള്‍ക്കും സാങ്കേതികവിദ്യ വികസിപ്പിച്ച് ശാസ്ത്രം പരിഹാരം കാണും എന്ന ധാരണ രൂപപ്പെടാൻ ഇത് കാരണമാകമെന്നതാണ്.ശാസ്ത്രത്തെ വിഗ്രഹവത്ക്കരിക്കുകയാവും ഇതിന്റെ ഫലം.ഇത്തരം ചിന്താധാരകളെ സയിന്റിസം എന്നാണ് വിളിക്കുന്നത്.മലയാളത്തിൽ നമുക്കതിനെ ശാസ്ത്രമൗലികവാദം എ ന്ന് വിളിക്കാം.2021 ലെ നമ്മുടെ സംസ്ഥാനവാർഷികത്തിൽ ചർച്ച ചെയ്ത സംഘടനാരേഖയിലെ സയന്റിസം സംബന്ധിച്ച പരാമർശങ്ങള്‍ ഓർക്കുമല്ലോ? സയന്റിസത്തിന്റെ പ്രത്യാഘാതമെന്തെന്ന് വച്ചാൽ നിലവിലുള്ള മുതലാളിത്ത ചൂഷണത്തെ അതിന്റെ തെറ്റായ ഫലങ്ങള്‍ ചൂണ്ടിക്കാട്ടി എതിർക്കാനാവാത്ത ഒരവസ്ഥയിലേയ്ക്ക് അത് ലോകത്തെ എത്തിക്കുമെന്നതാണ്.ഉദാഹരണമായി ഇന്നത്തെ അശാസ്ത്രീയവികസനരീതി തുടർന്നാൽ മാനവരാശിക്ക് ജീവിക്കണമെങ്കിൽ ഒന്നലധികം ഭൂമികള്‍ വേണ്ടിവരും എന്ന് ഈ ചർച്ചയുടെ തുടക്കത്തിൽ നമ്മള്‍ കണ്ടിരുന്നു.അത് അസാദ്ധ്യമാണെന്നും അതുകൊണ്ട് അനിയന്ത്രിതമായ പ്രകൃതിചൂഷണം അവസാനി പ്പിക്കണമെന്നും ആവശ്യം ഉയരുമ്പോള്‍ ശാസ്ത്രവിവരബോധത്തിൽ നിന്ന് ശാസ്ത്രമൗലികവാദത്തിലേയ്ക്ക് മുന്നേറിയഒരാള്‍, “അതുകൊണ്ടെന്താ ശാസ്ത്രം ഇതരഗ്രഹങ്ങളിലേയ്ക്കുള്ള യാത്രയാരംഭിച്ചല്ലോ,ഈ ഭൂമി പോരാ തെ വന്നാൽ നമുക്കങ്ങോട്ടു പോകാമല്ലോ“,എന്ന മറുപടി പറഞ്ഞേക്കാം.മറ്റൊരുദാഹരണമെടുത്താൽ അശാസ്ത്രീ യനിർമ്മാണപ്രവർത്തനങ്ങള്‍ കേരളത്തിലെ പാറമടകളെ ഇല്ലാതാക്കുമെന്നും പാറകള്‍ മുഴുവൻ തീ‍രുമ്പോള്‍ അത് നിർമ്മാണമേഖലയെത്തന്നെ സ്തംഭിപ്പിച്ചേക്കാം എന്നുമൊരു വിമർശനം വന്നാൽ ഒരു ശാസ്ത്രമൗലിക വാദി പറയുന്നത് പാറകള്‍ തീ‍ർന്നാൽ അനുയോജ്യമായ മറ്റെന്തെങ്കിലും ഉത്പ്പന്നം ശാസ്ത്രം കണ്ടെത്തിക്കൊ ള്ളുംഎന്നായിരിക്കും.ഇത്തരം വാദങ്ങളൊക്കെ പ്രകൃതിചൂഷണത്തിനായി നിയന്ത്രണമില്ലാതെ കെട്ടഴിച്ച് വിട്ടിരിക്കുന്ന മൂലധനതാത്പ്പര്യത്തിന്റെ പിന്നണിപ്പാട്ടാണ് എന്നതാണ് അതിലെ പ്രധാന അപകടം.

സംശയിക്കുന്ന തോമ്മ

പൊതുബോധം ചില ലളിതയുക്തികളെ ഉത്പ്പാദിപ്പിക്കും.ലളിതയുക്തിയെന്നത് സാധാരണ ഉപയോ ഗിക്കുന്ന അർത്ഥത്തിലാണ് ഇവിടെ ഉപയോഗിക്കുന്നത്.അതൊരു സാമൂഹ്യശാസ്ത്രസംജ്ഞയല്ല.ആന്തരീക വൈരുദ്ധ്യങ്ങള്‍ എല്ലാ പ്രതിഭാസങ്ങളിലും ആശയങ്ങളിലും സങ്കീർണ്ണതകള്‍ സൃഷ്ടിക്കും.ഈ വൈരുദ്ധ്യങ്ങളെ കാണാതെ ഋജുരേഖാത്മകമായ നിഗമനങ്ങളുടെ ചങ്ങലകള്‍ സൃഷ്ടിക്കുന്ന രീതിയെയാണ് ലളിതയുക്തി എന്ന ത് കൊണ്ട് അർത്ഥമാക്കുന്നത്.ആദ്യം തന്നെ ഒരു സത്യപ്രസ്താവനയെ അംഗീകരിക്കുകയും പിന്നീട് അതിനെ അടിസ്ഥാനമാക്കിയുള്ള എല്ലാ പ്രസ്താവനകളും ശരിയാണെന്ന് വാദിക്കുകയും ചെയ്യുന്നതാണ് അതിന്റെ രീതി. സാമൂഹ്യാകലം പാലിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നത് ഇത്തരത്തിൽ ഒരു പ്രസ്താവനയാണ്. അതിന്റെയടിസ്ഥാനത്തിൽ വ്യത്യസ്തജാതിസമുദായങ്ങളിൽ പെട്ടവർ അകലം പാലിക്കണമെന്ന ആചാരങ്ങള്‍ ശരിയായിരുന്നു എന്ന നിഗമനത്തിലേയ്ക്ക് എത്തുന്നത് മേൽപ്പറഞ്ഞ ലളിതയുക്തിയുടെ ഉദാഹരണമാണ്. എന്നാൽ അകലം പാലിക്കൽ എന്ന പ്രയോഗത്തിൽ സങ്കീർണ്ണമായ നിരവധികാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ ഈ തെറ്റുണ്ടാവില്ല.മരങ്ങളെക്കൊണ്ട് അനേകം ഗുണങ്ങളുണ്ട്,അവയെ നശിപ്പിക്കരുത് എന്ന വാക്യമെടുക്കുക.ഇതും ശരിയാണ്.അതുകൊണ്ട് മരം വെട്ടേണ്ടി വരുന്ന ഏത് സാഹചര്യവും ഒഴിവാക്ക ണം എന്ന് പറയുന്നതും പണ്ടത്തെ മനുഷ്യർ മരങ്ങളെ ആരാധിച്ചിരുന്നത് ശരിയായിയരുന്നല്ലോ എന്ന് ചോദി ക്കുന്നതും ഈ ലളിതയുക്തി തന്നെ.മരം എന്തിന് വെട്ടുന്നു,അതുകൊണ്ടുണ്ടാകുന്ന നഷ്ടമെന്ത്,മരം വെട്ടി ചെയ്യു ന്ന പുതിയപ്രവർത്തനത്തിന്റെ നേട്ടമെന്ത് എന്നൊക്കെ പരിശോധിക്കുമ്പോള്‍ മരം വെട്ടേണ്ടിയും വരാം എന്ന് മനസ്സിലാകും.വേഗത കുറഞ്ഞ വാഹനങ്ങളേക്കാള്‍ നല്ലതാണ് വേഗത കൂടിയ വാഹനങ്ങള്‍ എന്നതും ഇത്തര ത്തിൽ എല്ലാവരും യോജിക്കുന്ന ഒരു വാക്യമാണ്.അതുകൊണ്ട് വേഗതകൂടിയ ഏത് യാത്രാമാർഗ്ഗവും നല്ലതാ യിരിക്കും എന്ന നിഗമനത്തിലെത്തുന്നത് ലളിതയുക്തിയുടെ മറ്റൊരു ഉദാഹരണമാണ്.എത്ര വേഗതയെന്നും അതിന് പണമായും വിഭവങ്ങളായും നല്കേണ്ട വിലയെന്തെന്നും ആരുടെ ചെലവിൽ ആരുടെ വേഗതയെന്നും ആലോചിക്കുമ്പോള്‍ നാം മറ്റൊരു നിഗമനത്തിലാവും എത്തുക.ഏതൊന്നിലും അടങ്ങിയിട്ടുള്ള വൈരുദ്ധ്യങ്ങ ളെ പരിഗണിക്കണം എന്നാണ് ഇതിന്റെയ‍ർത്ഥം.വൈരുദ്ധ്യങ്ങളെ പരിഗണിക്കുന്നില്ലെങ്കിൽ നമ്മള്‍ കേവല വാദത്തി ന് അടിപ്പെട്ടുപോകും.ഏത് സത്യപ്രസ്താവനയേയും സംശയത്തോടെ വീക്ഷിക്കുക എന്നത് തന്നെയാ ണ് ഇതിന്റെ പരിഹാരം.സംശയിക്കുമ്പോഴാണ് ചോദ്യങ്ങളുണ്ടാവുക.അതാണ് പുതിയ അന്വേഷണങ്ങളിലേ യ്ക്ക് വഴിതുറക്കുന്നത്.ശാസ്ത്രബോധത്തിൽ ഒരു സംശയിക്കുന്ന തോമ്മഉണ്ട്.പൊതുബോധത്തിൽ അതില്ല.അത് നമ്മെ കാണാതെ വിശ്വസിക്കുവാൻപ്രേരിപ്പിക്കുന്നു.

ഒരു വശത്ത് അശാസ്ത്രീയതയും അയുക്തികതയും മറുവശത്ത് ശാസ്ത്രമൗലികവാദവും കേരളത്തിന്റെ പൊതുബോധത്തിൽ വളർന്നുകൊണ്ടിരിക്കുന്നു.അശാസ്ത്രീയതയ്ക്കും അയുക്തികതയ്ക്കം തെളിവ് പെരുകിക്കൊണ്ടി രിക്കുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളും തന്നെ.വികസനം സംബന്ധിച്ച് നടക്കുന്ന ചില ചർച്ചകളിലെ ങ്കിലും ശാസ്ത്രമൗലികവാദത്തിന്റെ അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്.പരിഷത്തിനെതിരേ സമീപകാ ലത്ത് ഉയരുന്ന പ്രധാന ആരോപണങ്ങളിലൊന്ന് പരിഷത്ത് സയൻസ് പറയുന്നില്ല,പകരം രാഷ്ട്രീയമാണ് കൂടു തൽ പറയുന്നതെന്നാണ്.ശാസ്ത്രബോധവും ശാസ്ത്രവിജ്ഞാനസമ്പാദ്യവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാ ത്തവരാണ് ഈ ആക്ഷേപം ഉന്നയിക്കുന്നതെന്ന് പറയേണ്ടിവരും.കാരണം പരിഷത്ത് രൂപം കൊണ്ട കാല ത്തെ ശാസ്ത്രമോ ശാസ്ത്രവിവരസ്രോതസ്സുകളോ അല്ല ഇപ്പോള്‍ ഉള്ളത്.ശാസ്ത്രവിജ്ഞാനം ലഭിക്കുന്നതിന് ഇന്ന് നിരവധിമാർഗ്ഗങ്ങളുണ്ട്.അതേസമയം ശാസ്ത്രബോധം കുറഞ്ഞ് വരികയുമാണ്.സ്വാഭാവികമായും വ്യക്തിസാമൂഹ്യജീവിതം സംബന്ധിച്ച സമസ്തമേഖലകളിലും ശാസ്ത്രത്തിന്റെ രീതിസമ്പ്രദായം വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങള്‍ ഏറ്റെടുക്കേണ്ടി വരും.അശാസ്ത്രീയതയെ നിരാകരിക്കുന്നത് പോലെ തന്നെ സയന്റിസത്തേയും നാം നിരാകരിക്കണം.ശാസ്ത്രബോധം പ്രചരിപ്പിക്കുകയും വേണം. ശാസ്ത്രബോധത്തെ പൊതുബോധ മാക്കുക തന്നെയാണ് അതുവഴി പരിഷത്ത് ലക്ഷ്യമിടുന്നതും


 

Leave a Reply

Your email address will not be published. Required fields are marked *