അംഗത്വപ്രവര്‍ത്തനത്തിനിറങ്ങുമ്പോള്‍…
അംഗത്വം 2023 എങ്ങനെ ചിട്ടയുള്ള സംഘടനാപ്രവര്‍ത്തമാക്കാം? പ്രവര്‍ത്തകര്‍ക്കും സംഘടനാ ഘടകങ്ങള്‍ക്കുമായി ചില മാര്‍ഗനിര്‍ദേശങ്ങള്‍.
തയാറാക്കിയത് : പി.പി. ബാബു (സംസ്ഥാന ട്രഷറര്‍)
അംഗത്വപ്രര്‍ത്തനം ഒരു സംഘടനാപ്രവര്‍ത്തനം
ഒരു സംഘടനയുടെ ഏറ്റവും അടിസ്ഥാനമായ പ്രവർത്തനമാണ് അംഗത്വ പ്രവർത്തനം. അത് ശാസ്ത്രീയവും ചിട്ടയുമായി നടക്കുമ്പോഴാണ് മികച്ച സംഘടനാ പ്രവർത്തകരുണ്ടാകുന്നതും കാലിക പ്രസക്തിയുള്ള പ്രവർത്തന പരിപാടികൾ ഉണ്ടായി സംഘടന അതിന്റെ പ്രവർത്തന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതും. രണ്ടു വർഷം കൂടുമ്പോള്‍ ഭാരവാഹികൾ മാറണം എന്ന രീതി ഇതിന് അനുപൂരകമായ ഒന്നാണ്. എന്നാൽ പ്രവർത്തകരെ സൃഷ്ടിക്കുന്നതിലും പുതുമയും കാലിക പ്രസക്തിയുമുള്ള പരിപാടികൾ രൂപപ്പെടുത്തുന്നതിലും സംഘടനക്ക് പഴയതുപോലെ സാധിക്കുന്നില്ല. ഇതിന്റെ അടിസ്ഥാന കാരണം തേടിച്ചെല്ലുമ്പോൾ നാം എത്തുക, പ്രധാനമായും നിലവിലെ അംഗത്വ പ്രവർത്തനത്തിലെ ദൗർബല്യങ്ങളിലേക്കാണ്.
എന്തെല്ലാമാണ് ആ ദൗര്‍ബല്യങ്ങള്‍ …..
1. പരിഷത്തിൽ അംഗമാകുന്നവരില്‍ ചുരുക്കം പേരെങ്കിലും താല്പര്യപൂർവ്വം അംഗത്വമെടുക്കുന്നവരോ സംഘടനയെ ചലിപ്പിക്കുന്നവരോ അല്ല. അതേസമയം, പരിഷത്തിൽ പ്രവർത്തിക്കണമെന്ന് കരുതുന്ന ചിലര്‍ക്കെങ്കിലും വഴി കിട്ടാത്തതിനാൽ പരിഷത്തിൽ അംഗമാകാൻ കഴിയുന്നുമില്ല.
2. പരിഷത്തിന്റെ അംഗത്വവും പ്രവർത്തനങ്ങളും നടക്കുന്ന യൂണിറ്റുകളുടെ പ്രവർത്തനപരിധി കണക്കാക്കിയാൽ കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ ചെറിയൊരു ഭാഗമേ വരൂ.
3. പരിഷത്തിൽ യുവാക്കളും സ്ത്രീകളും അംഗങ്ങളായി എത്തി പ്രവർത്തകരാകുന്നത് കുറവാണ്.
4. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വിദൂരസ്ഥലങ്ങളിൽ പഠിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്നതിനാൽ പലര്‍ക്കും, പ്രത്യേകിച്ച് യുവാക്കള്‍ക്ക്, പ്രാദേശിക യൂണിറ്റുകളിൽ അംഗമാകാനോ പ്രവർത്തിക്കാനോ കഴിയുന്നില്ല.
5. പ്രാദേശിക യൂണിറ്റുകളിൽ വിവിധ വിഷയങ്ങളിൽ വൈദഗ്ധ്യവും സർഗ്ഗാത്മകതയുമുള്ളവർ ആകർഷിക്കപ്പെടാത്തതിനാൽ പുതിയ പരിപാടികൾ രൂപപ്പെടുത്തുന്നതിനും ആശയ പ്രചരണത്തിനുമുള്ള പ്രാപ്തി കുറയുന്നു. ജില്ല– മേഖലാകമ്മിറ്റികൾ നിർദേശിക്കുന്ന, കേവലമായ സന്നദ്ധ പ്രവർത്തനം മാത്രമായി സംഘടനാപ്രവർത്തനം ചുരുങ്ങുന്നു.
എന്തൊക്കെ ചെയ്യാം?
1. യൂണിറ്റുകളെ പുനർനിശ്ചയിക്കുക. പഞ്ചായത്തിൽ ഒരു യൂണിറ്റ് മാത്രമേ ഉള്ളുവെങ്കിൽ യൂണിറ്റ് പ്രവർത്തന പരിധി പഞ്ചായത്തും ആസ്ഥാനം യൂണിറ്റുണ്ടായിരുന്ന പ്രദേശവുമായി മാറ്റുക. പഞ്ചായത്തിൽ ഒന്നിലേറെ യൂണിറ്റുകളുണ്ടെങ്കിൽ പഞ്ചായത്തിലെ (മുൻസിപ്പാലിറ്റി, കോർപറേഷൻ) മുഴുവൻ വാർഡുകളും എല്ലാ യൂണിറ്റുകൾക്കുമായി വീതിച്ചു നല്കുക. പുതിയ യൂണിറ്റ് പരിധിയിലെ ആർക്കും ആ യൂണിറ്റിൽഅംഗത്വത്തിനായി സമീപിക്കാം. ഒരു യൂണിറ്റിന് മേഖലാ കമ്മിറ്റിയുടെ സഹായത്തോടെ അടുത്ത വാർഡുകളിൽ പുതിയ യൂണിറ്റ് വളർത്തി എടുക്കാം.
2. അംഗത്വ പോസ്റ്റർ, യൂണിറ്റ്/ മേഖലാ സെക്രട്ടറിയുടെ നമ്പർ സൂചിപ്പിച്ച്, പ്രചരിപ്പിക്കുക. നമ്മൾ സമീപിക്കാത്തവർക്കും അംഗത്വത്തിനായി സംഘടനയെ സമീപിക്കാൻ ഇത് ഗുണകരമാവും. അച്ചടിച്ച പോസ്റ്ററും സോഷ്യല്‍മീഡിയ പോസ്റ്ററും വേണം.
3. പരിഷത്തിൽ ഉണ്ടാകണമെന്ന് നമ്മൾ ആഗ്രഹിക്കുന്ന, വിവിധ രീതിയിൽ പരിഷത്തിന് വിവിധ തലങ്ങളിൽ സംഭാവന നല്കാനാവുന്നവരുടെ പട്ടിക തയ്യാറാക്കി അംഗത്വത്തിനായി സമീപിക്കുക. സ്വന്തമായി വരുമാനമുള്ളവരോട് ശാസ്ത്രഗതി/ ശാസ്ത്രകേരളം വരിസംഖ്യ നല്കാൻ കൂടി സ്നേഹപൂര്‍വം ആവശ്യപ്പെടാം.
4. അംഗത്വത്തിന് ഓൺലൈനായി അപേക്ഷിക്കാനും സൗകര്യമുണ്ടാവണം. ഇതിനായി നവമാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചരണം നടത്താം.
5. ഓൺലൈനിൽ അപേക്ഷിച്ചവർ കേരളത്തിലെ ഏതെങ്കിലും പ്രദേശത്ത് സ്ഥിരതാമസമാണെങ്കിൽ അവരെ ആ പഞ്ചായത്തിലെ യൂണിറ്റുമായി ബന്ധപ്പെടുത്തുക. എന്തെങ്കിലും കാരണവശാല്‍ പ്രാദേശിക യൂണിറ്റുമായി ബന്ധപ്പെടാനാവാത്ത സ്ഥിതിയുണ്ടെങ്കിൽ മേഖലയിലേയോ ജില്ലയിലേയോ ഓൺലൈന്‍ യൂണിറ്റിൽ നിലനിർത്താം.
6. വിദ്യാഭ്യാസത്തിനോ തൊഴിലിനോ വേണ്ടി വിദേശത്തോ കേരളത്തിനു പുറത്തോ താമസിക്കുന്നവർക്കാണ് തങ്ങളുടെ നാട്ടിലെ മേഖലാ കേന്ദ്രത്തിന്റെ പേരിലുള്ള ഓൺലൈൻ യൂണിറ്റിൽ അംഗത്വം നല്കുന്നത്. കേരളത്തിൽ തന്നെ മറ്റൊരിടത്ത് ജോലി/വിദ്യാഭ്യാസം ചെയ്യുകയും അവിടുത്തെ പ്രാദേശിക / സ്ഥാപനയൂണിറ്റുകളിൽ ബന്ധപ്പെടാനാവാത്തവര്‍ക്കും ഓൺലൈൻ യൂണിറ്റിൽ അംഗത്വമാകാം.
7. ഓണ്‍ലൈന്‍ അംഗത്വത്തിനായി ജില്ലാ ഐ.റ്റി കൺവീനറുടെ മുന്‍കൈയില്‍ ഒരു പരിപാടി തയ്യാറാക്കാം.
8. കോളേജുകൾ, യൂണിവേഴ്സിറ്റികൾ, മറ്റു ഗവേഷണസ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സ്ഥാപന യൂണിറ്റുകള്‍ ഉണ്ടാവണം.
9. അംഗത്വത്തിന് അപേക്ഷിക്കുന്നവർക്ക് നല്കാൻ പ്രസിഡണ്ടിന്റെ / ജനറല്‍ സെക്രട്ടറിയുടെ ഒരു കത്തുണ്ടാകണം. പരിഷത്തിന്റെ കേരളസമൂഹത്തിലെ റോള്‍, പരിഷത്തിൽ അംഗമാകാനുള്ള ഉപാധി, പരിഷത്തംഗങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്ന കാര്യങ്ങൾ, അംഗങ്ങളുടെ അവകാശങ്ങൾ എന്നിവ അതിൽ പ്രതിപാദിക്കണം. ഗൃഹസന്ദർശനത്തിനുള്ള കത്ത് ഇതിനായി പ്രയോജനപ്പെടുത്താം.
10. അംഗത്വത്തിന് അപേക്ഷ അംഗീകരിക്കുന്നതിന് ഓൺലൈൻ സംവിധാനം ഉണ്ടാവണം. ജില്ലാ ട്രഷറർ അപ്രൂവ് ചെയ്യാം.
11. പരിഷത്തിന്റെ മിക്ക യൂണിറ്റുകളിലും സന്നദ്ധ പ്രവർത്തകരുംസംഘാടകരും മാത്രമാണുള്ളത്. വിവിധ വിഷയങ്ങളിൽ വൈദഗ്ധ്യമുള്ളവർ, ആശയപ്രചരണത്തിൽ മികവ് കാണിക്കുന്നവർ, സർഗ്ഗവൈഭവം ഉള്ളവര്‍ എന്നിവരെല്ലാം കൂടി ഉൾപ്പെടുമ്പോഴാണ് പരിഷത് രസതന്ത്രം പ്രവർത്തിക്കൂ. അതിനാൽ അത്തരക്കാരെ കൂടി യൂണിറ്റിൽ അംഗമാക്കാൻ ബോധപൂർവ്വം ശ്രമിക്കണം.
12. യുവാക്കളേയും വനിതകളേയും അംഗമാക്കുന്നത് പ്രത്യേകമായി ലക്ഷ്യം വെക്കണം.
13. ഈ വര്‍ഷത്തെ (2023) അംഗത്വ പ്രവർത്തനം ജൂൺ / ജൂലായ് മാസം കൊണ്ട് പൂർത്തിയാക്കാം. അംഗത്വ പ്രവര്‍ത്തനം ഒരോ അംഗത്തേയും നേരിൽ കണ്ട് തന്നെയാവണം.
14. പുതിയ അംഗങ്ങളെ കണ്ടെത്തലും ഒരോ മേഖലയിലും പുതുതായി യൂണിറ്റ് രൂപികരിക്കുന്ന പ്രവര്‍ത്തനങ്ങളും ജൂലായ് മാസം തന്നെ പൂർത്തികരിക്കണം.
പ്രവർത്തന പരിപാടി : ജൂൺ– ജൂലായ് മാസം ഗൃഹസന്ദർശനം, ജൂൺ മാസം പുതുക്കൽ, ജൂലായ് മാസം പുതിയ അംഗത്വം ചേര്‍ക്കലും പുതിയ യൂണിറ്റുകള്‍ക്ക് രൂപം നല്‍കലും ഓൺലൈൻ യൂണിറ്റുകളും.
15. ഈ വര്‍ഷത്തെ നമ്മുടെ അംഗത്വ ലക്ഷ്യം – 1ലക്ഷമാണ്.
ഓൺലൈൻ അംഗത്വം എന്ത് ? എങ്ങനെ? ??
വിവിധ കാരണങ്ങളാൽ പ്രാദേശിക യൂണിറ്റുകളുമായി ബന്ധപ്പെട്ട് അംഗത്വമെടുക്കാനും പ്രാദേശിക പരിഷത്ത് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും കഴിയാത്ത, എന്നാൽ പരിഷത്തിനെ അനുഭാവപൂർവ്വം വീക്ഷിക്കുകയും ഏതെങ്കിലും വിധത്തിൽ സഹകരിക്കാൻ സന്നദ്ധതയുള്ളതുമായ വ്യക്തികൾക്ക് പരിഷത്തിലേക്കുള്ള വാതിലാണ് ഓൺലൈൻ അംഗത്വം.
-
ജില്ലാ /മേഖലാ പരിധിയിൽ താമസിച്ച് ജോലി / പഠനാവശ്യം പുറത്ത് താമസിക്കുന്നവര്‍, അക്കാദമിക്ക് മേഖലയിൽ ഇടപെടുന്നുവരും സംഭാവന നൽകുവാൻ കഴിയുന്നവരുടെയുമായി ഒരു ജില്ലയിൽ / മേഖലയിൽ ഒരു പ്രവാസി യൂനിറ്റ്
-
ഇപ്രകാരമുള്ള യൂനിറ്റിൽ എല്ലാ സംഘടനാ പ്രവർത്തനവും ഓൺലൈനായി നിർവഹിക്കാം.
-
നിരവധി പേര്‍ ഇക്കാലത്ത് ആഗോള മലയാളികളായി മാറിയിട്ടുണ്ട്. ഇവരെ ശാസ്ത്രബോധ പ്രചരണത്തിനും നവകേരളത്തിന് രൂപം നല്‍കുന്നതിനുമുള്ള സാധ്യതകൾക്കുമായി പ്രയോജനപ്പെടുത്താം.
-
ഒരു മേഖലയിലോ ജില്ലയിലോ ഒരു പുതിയ യൂണിറ്റ് ഇപ്രകാരം സാധ്യമാണോ എന്ന് പരിശോധിക്കാം. പ്രത്യേകം ചുമതലകൾ ഐ.റ്റി കൺവീനർക്ക് നൽകി പ്രവര്‍ത്തന പരിപാടികള്‍ക്ക് രൂപം നല്‍കാം.
-
ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുടെ പൂർണ്ണമായ ഏകോപനം ജില്ലാ /മേഖലാ കമ്മിറ്റികൾക്ക് തന്നെ.
-
ഇപ്രകാരമുളള ഒരു യൂണിറ്റ് രൂപപ്പെടുത്തിയെടുക്കുന്നതിന് ജില്ലാ കമ്മിറ്റി അംഗങ്ങളും മേഖലാ കമ്മിറ്റികളും നേരിട്ട് നേതൃത്വം നൽകണം.
-
ഇപ്രകാരം രൂപപ്പെടുന്ന യൂണിറ്റുകളിലും അംഗത്വ പ്രവർത്തനം, സംഘടനാ വിദ്യാഭ്യാസ പരിശീലനങ്ങൾ, വിവിധ ക്ലാസ്സുകൾ, വാർഷികങ്ങൾ തുടങ്ങിയവയെല്ലാം നടത്താം.
പി.പി. ബാബു
സംസ്ഥാന ട്രഷറര്‍
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് – അംഗത്വം 2023
പ്രവര്‍ത്തകര്‍ക്കും സംഘടനാ ഘടകങ്ങള്‍ക്കുമായി ചില മാര്‍ഗനിര്‍ദേശങ്ങള്‍. pdf version വായിക്കാം.
ഈ ലിങ്ക് ക്ലിക് ചെയ്യൂ Membership letter treasurer