ശാസ്ത്രാവബോധം – സംസ്ഥാനതല ഏകദിന ശില്പശാല
കോഴിക്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധ സമിതിയുടെ നേതൃത്വത്തിൽ സി.വി.രാമന്‍ ജന്മദിനത്തില്‍ (നവംബർ 7) ആരംഭിച്ച് ഒരു മാസക്കാലം സംസ്ഥാനതലത്തില്‍ നടക്കുന്ന ശാസ്ത്ര ക്ലാസ്സുകളുടെ വിശദാംശങ്ങൾ രൂപപ്പെടുത്താനും ക്ലാസ്സുകളുടെ മോഡ്യൂൾ തയാറാക്കാനും സംസ്ഥാനതല ഏകദിന ശില്പശാല കണ്ണൂർ പരിഷത്ത് ഭവനിൽ 2024 ജൂലൈ 27 ന് നടന്നു.
ശാസ്ത്രമാണ് മനുഷ്യ കുലത്തിന്റെ പുരോഗതിക്കാധാരം. പഠിക്കാനും പഠിപ്പിക്കാനും താൽപര്യമുള്ളവരാണ് മലയാളികൾ. സയൻസാണ് എല്ലാം മുന്നേറ്റത്തിനും കാരണം. സയൻസിനെ ഉപയോഗിച്ച് അന്ധവിശ്വാസം വളർത്താനും ശ്രമം നടക്കുന്നു. പുതിയ സാഹചര്യത്തിൽ ശാസ്ത്രപഠന മാധ്യമം സാധ്യതകൾക്കനുസരിച്ച് ഉപയോഗിച്ച് സാധാരണ ജനങ്ങൾക്കിടയിൽ സയൻസിനെ കുറിച്ച് കൂടുതൽ ബോധം ഉണ്ടാക്കണം. ഏത് കാര്യത്തിലും ശുഭാപ്തി വിശ്വാസം ഉണ്ടാകണം – ഏകദിന ശില്പശാല ഉദ്ഘാടനം നിര്‍വഹിച്ച് ഡോ.കെ.പി അരവിന്ദന്‍ സംസാരിച്ചു.
ശാസ്ത്രാവബോധ സമിതി സംസ്ഥാന ചെയർമാൻ പ്രൊഫ.കെ പാപ്പൂട്ടിയുടെ അധ്യക്ഷതയില്‍ സംസ്ഥാന കൺവീനർ പി കെ ബാലകൃഷ്ണന്‍ സ്വാഗതം ആശംസിച്ചു. ശാസ്ത്രമാസം പരിപാടി – എം ദിവാകരൻ, ബിരുദ കോഴ്‌സുകളിലെ പ്രോജക്റ്റുകളുടെ പരിശീലനം – ഡോ. പ്രസാദ് അലക്‌സ്, ഡോ. സുമോദൻ, ഓൺലൈൻ കോഴ്‌സുകളുടെ രീതി- സി റിസ്വാൻ, ശാസ്ത്രവിനിമയത്തിന്റെ വൈവിധ്യവൽക്കരണ സാധ്യതകൾ – അരുൺ രവി എന്നിവർ അവതരണങ്ങള്‍ നടത്തി. തുടര്‍ന്ന് പ്രതിനിധികള്‍ നാല് ഗ്രൂപ്പുകളായിതിരിഞ്ഞ് ചര്‍ച്ചചെയ്ത് ക്ലാസ്സുകളുടെ വിശദാംശങ്ങൾ രൂപപ്പെടുത്തി. വിവിധ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് ശ്രീനിവാസൻ ചെറുകുളത്തൂര്‍, സുധാകരൻ പി കെ, ബേബി ലത, ഹരീഷ് ഹർഷ എന്നിവര്‍ ഗ്രൂപ്പചര്‍ച്ചകള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് സംഘടനാവിദ്യാഭ്യാസ സംസ്ഥാന കണ്‍വീനര്‍ പി.രമേഷ് കുമാർ ചര്‍ച്ചകള്‍ ക്രോഡീകരിച്ച് സംസാരിച്ചു. സമൂഹത്തിൽ ശാസ്ത്രചിന്തയും യുക്തി ചിന്തയും വളർത്താൻ വ്യാപകമായ ശാസ്ത്രബോധന പരിപാടി സംഘടിപ്പിക്കാൻ ശിൽപ്പശാല തീരുമാനിച്ചു
ശില്പശാലയിൽ വിവിധ ജില്ലകളില്‍ നിന്നായി ശാസ്ത്രാവബോധ സമിതി അംഗങ്ങൾ, യുവസമിതി കൺവീനർമാർ, ലൂക്ക എഡിറ്റോറിയൽ ബോഡ് അംഗങ്ങൾ, സംഘടനാ വിദ്യാഭ്യാസ ചുമതലക്കാർ, ബാലവേദി ചുമതലക്കാർ എന്നിവർ ഏകദിന ശില്പശാലയില്‍ പങ്കാളികളായി.