കണ്ണൂര്‍ : പുനരുപയോഗ്യമായ ഊര്‍ജ സാധ്യതകള്‍ കേരളം പ്രയോജനപ്പെടുത്തണമെന്ന് അന്തര്‍ദേശീയ സൗരോര്‍ജ വിദഗ്ധനും മലയാളിയുമായ പ്രൊഫ.വി.കെ.ദാമോദരന്‍ അഭിപ്രായപ്പെട്ടു. പരിഷത്തിന്റെ 54-ാം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള ജില്ലാ ഊര്‍ജ ശില്പശാല കണ്ണൂര്‍ കാടാച്ചിറയില്‍ “ഊര്‍ജം സര്‍വദേശീയ – ദേശീയരംഗം, സൗരോര്‍ജത്തിന്റെ സാധ്യതകള്‍” എന്ന സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. കാറ്റ്, സൗരോര്‍ജം, ബയോമാസ്, ബയോഗ്യാസ്, തിരമാല, വേലിയേറ്റം, സമുദ്രതാപം, ഫ്യുവല്‍ സെല്‍ എന്നിവയാണ് ഇവയില്‍ ഉള്‍പ്പെടുന്നത്. കേരളത്തില്‍ അനന്ത സാധ്യതകളാണ് സൗരോര്ജത്തിനുള്ളത്. ജലവൈദ്യുത നിലയങ്ങളെ മാത്രം ആശ്രയിച്ച് ഭാവി കേരളത്തിന് മുന്നോട്ടുപോകാനാകില്ല. അലക്ഷ്യ പദ്ധതികളാണ് സൗരോര്‍ജ മേഖലയില്‍ ഇന്നുള്ളത്. ഇവ പരിഷ്കരിക്കണം. പുരപ്പുര സൗരോര്‍ജ പരിപാടി സാര്‍വത്രികവും വ്യാപകവുമാക്കണം. സൗരോര്‍ജ കമ്പനികള്‍ ലാഭം കൊയ്യുന്ന സബ്സിഡി പദ്ധതി ഒഴിവാക്കി പലിശരഹിത ലോണ്‍ സൗകര്യം ലഭ്യമാക്കണം. 5 വര്‍ഷം കൊണ്ട് കേരളത്തിന് ആവശ്യമായ ഊര്‍ജത്തിന്റെ പ്രധാനഭാഗം ഇതില്‍ നിന്നും ലഭ്യമാക്കാം. ചൈന, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ക്ക് സൗരോര്‍ജ സാങ്കേതിക ഉപദേശം നല്കുന്ന വിദഗ്ധനാണ് പ്രൊഫ.വി.കെ.ദാമോദരന്‍. പരിഷത്തിന്റെ മുന്‍ സംസ്ഥാന പ്രസിഡണ്ടുമായിരുന്നു. ശില്പശാലയില് കടമ്പൂര് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ശ്രീധരന്, കെ.വിനോദ്കുമാര്‍, യു.ജനാര്ദനന്, ടി.പി.ഗംഗാധരന്, എ.വി.സുരോന്ദ്രന്‍, പട്ടന് ഭാസ്കരന് എന്നിവര്‍ സംസാരിച്ചു.
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിപാടികൾ
- Home
- ജില്ലാ വാര്‍ത്തകള്‍
- പുനരുപയോഗ്യമായ ഊര്‍ജ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം പ്രൊഫ. വി.കെ.ദാമോദരന്‍