ഏ ഡി പത്മാലയ
padmalaya

അന്തരിച്ച ഏ ഡി പദ്മാലയയെക്കുറിച്ച് കെ ബി ജനു എഴുതിയ കുറിപ്പ്.
യുറീക്കയിൽ ഞങ്ങളുടെ പത്മേടത്തി. എഴുത്തുകാർക്കുവേണ്ടി യുറീക്ക നടത്തിയ ഏത് എഴുത്തു ക്യാമ്പിലാണ് പത്മേടത്തി ആദ്യം വന്നത് എന്ന് ഓർക്കുന്നില്ല.തൃശൂരിൽ നിന്നുള്ള പ്രവർത്തകരാണ് അവരെ ക്യാമ്പിലേക്ക് പറഞ്ഞയച്ചത്. 2002 ലോ മറ്റൊ ആണ് എന്നു തോന്നുന്നു. അന്നവർ ടെലഫോൺസിൽ നിന്ന് പിരിഞ്ഞ സമയമാണ്. മൂന്നു നാലു ക്യാമ്പുകളിൽ പത്മേടത്തി ഉണ്ടായിരുന്നു. ശില്പശാലകളിൽ പഴങ്കഥകളും ഓർമ്മകളും പങ്കിട്ടിരുന്ന ഞങ്ങളുടെ പ്രിയപ്പെട്ട മുത്തശ്ശി. പത്മേടത്തി എന്ന പേരിൽ തന്നെയാണ് യുറീക്കയിൽ അവർ എഴുതിയിരുന്നത്.
അസാധാരണമായ ഭാവനാ ശേഷിയായിരുന്നു. അതാണ് ‘പല്ലുവും കൂട്ടുകാരും‘ എന്ന നോവൽ രചനയിലേക്ക് വളർന്നത്.ഒരുപാട് എഡിറ്റിങ്ങുകൾ വേണ്ടി വന്നെങ്കിലും അതിലൊരു ഒറിജിനൽ എഴുത്തു മുത്തശ്ശിയെ കാണാമായിരുന്നു. കഥപറഞ്ഞ് കഥപറഞ്ഞ് വഴിതെറ്റിപ്പോകുന്ന ഒരു മുത്തശ്ശി. തുടർന്ന്, ‘പല്ലുവിന്റെ വിദേശയാത്ര‘ എഴുതിയപ്പോൾ ഈ ഓർമ്മപ്പിശകുകൾ അധികമായിരുന്നു. നേരിട്ടും ഫോണിൽ വിളിച്ചും വിട്ടുപോയ ഇഴകൾ കൂട്ടിച്ചേർത്താണ് അത് പ്രസിദ്ധീകരിച്ചത്. അതിന്റെ എഡിറ്റിംഗ് കാലത്ത് പത്മേടത്തി ഒരു ദിവസം ഇവിടെ ഞങ്ങളുടെ ‘അക്ഷര‘യിൽ വന്നു താമസിക്കുകയും ചെയ്തു . രണ്ടു നോവലുകളും പരിഷത്ത് പുസ്തകമാക്കി പ്രസിദ്ധീകരിച്ചു. രണ്ടാമത്തേത് ‘പല്ലു കടലും കടന്ന്‘ എന്നപേരിൽ.
എറണാകുളം സെന്റ് ആൽബർട്ട്സ് സ്കൂൾ ലൈനിലെ ഹിമഗിരി അപ്പാർട്ട്മെന്റിൽ ഒരിക്കൽ അവരെ പോയി കണ്ടത് ഓർക്കുന്നു. മകൾ സാവിത്രിയുടെ ഫ്ലാറ്റിൽ. അന്നവിടെ മരുമകനും സി പി എം നേതാവുമായ സുരേഷ് കുറുപ്പും ഉണ്ടായിരുന്നു.
ദീർഘകാലം പത്മേടത്തിയുടെ വിളികൾ വന്നിരുന്നു. ഓർമ്മകൾക്ക് താളക്കേട് വന്നതായാരിക്കണം, അതു പിന്നെയെപ്പൊഴോ നിലച്ചു പോയി. എറണാകുളത്ത് പോയപ്പൊഴെല്ലാം ഓർത്തിരുന്നു, പോയി കാണാൻ. പറ്റിയില്ല. പത്മേടത്തി ഓർമ്മയായി. ആദരാഞ്ജലികൾ..