കൂവേരി മാധവൻ മാസ്റ്റർ
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഗ്രാമതല പ്രവർത്തനങ്ങളുടെ ഒരു യുഗം കൂവേരി മാധവൻ മാഷുടെ മരണത്തോടെ അവസാനിക്കുന്നു. ഇന്ന് മെയ് 6 ന് രാവിലെ, 7 മണിയോടെ ദേഹാസ്വാസ്ഥ്യം തോന്നായതിനാൽ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു. അനായാസേന മരണം. തൃച്ചംബരത്തെ കെ.വി. കാർത്യായനിയാണ് ഭാര്യ. റിട്ട. അധ്യാപിക ഗീത, കൽക്കത്തയിൽ MRI സ്കാൻ ടെക്നിഷ്യനായി ജോലി ചെയ്യുന്ന യശ്പാൽ, കേരള പോലീസിൽ ഉദ്യോഗസ്ഥനായ സജീവ്, തളിപ്പറമ്പ് സഹകരണാശുപത്രിയിലെ ജീവനക്കാരനും യുവകവിയുമായ കെ.വി. ബൈജു എന്നിവർ മക്കൾ. രൂച്ചംബരത്ത് അക്ഷരയിലാണ് കുറക്കാലമായി താമസിക്കുന്നത്. 81 വയസ്സുള്ള മാധവൻ മാസ്റ്റർ, 1939 ൽ തലശ്ശേരി മണ്ണയാട്ടാണ് ജനിച്ചത്. വയനാട് ജില്ലയിൽ അധ്യാപകനായാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. പിന്നീട് തളിപ്പറമ്പിനടുത്ത ചപ്പാരപ്പടവ് പഞ്ചായത്തിലെ കൂവേരിയിൽ താമസമാക്കി. 1964 മുതൽ യുക്തിവാദി സംഘത്തിന്റെ പ്രവർത്തകൻ. 1973 മുതലാണ് ശാസ്ത്ര സാഹിത്യ പരിഷത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. പരിഷത്തിൽ, സംസ്ഥാന – ജില്ലാതലങ്ങളിൽ പല ചുമതലകളും വഹിച്ചു. മരിക്കുമ്പോഴും പരിഷത്തെ ടക്കം 17 സംഘടനകളിൽ സജീവമായിരുന്നു ഈ സംഘടനാ മനുഷ്യൻ.
മുൻ ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡണ്ട്, ചപ്പാരപ്പടവ് എൽപി സ്കൂൾ ഹെഡ്മാസ്റ്റർ, ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന സെക്രട്ടറി പുരോഗമന കലാ സാഹിത്യ സംഘം ജില്ലാകമ്മറ്റിയംഗം എന്നിങ്ങനെ വിവിധ തലങ്ങളിൽ ദീർഘകാല പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ മാധവൻ മാഷ്
തളിപ്പറമ്പിന്റെയും കൂവേരിയുടെയും എല്ലാ മിടിപ്പുകളുടെയും ഭാഗമായിരുന്നു അദ്ദേഹം. പിന്നീട് കേരളം മുഴുവൻ വ്യാപിച്ച ഗ്രാമശാസ്ത്ര സമിതി എന്ന ആശയം ആദ്യമായി പ്രാവർത്തികമാക്കിയത് 1974 ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കൂവേരിയിലായിരുന്നു. ഒരു സാമൂഹ്യ പ്രവർത്തകന്റെ നാൾവഴികൾ, മധുരിക്കും ഓർമ്മകൾ, വൃദ്ധവിചാരം, അസി ( ഇത് കൂവേരിയിൽ അദ്ദേഹം തുടങ്ങിയ കൈയെഴുത്ത് മാസികയുടെ പേരാണ് ) കഴിഞ്ഞ മൂന്ന് വർഷങ്ങളായി അസുഖം കാരണം ദീർഘയാത്ര ചെയ്യാറില്ല.
1989ൽ ശാസ്ത്ര യുടെ പ്രഥമ സാമൂഹ്യ പ്രവർത്തക പുരസ്ക്കാരം ലഭിച്ചു. 2007 ൽ സമാധാനത്തിനും വിദ്യാഭ്യാസത്തിനുമുള്ള IAEWP യുടെ അവാർഡും 2008 ൽ തളിപ്പറമ്പ് റോട്ടറി കൂബ്ബിന്റെ വൊക്കേഷനൽ എക്സലൻസ് അവാർഡും 2018 ൽ കേരള സാഹിത്യ അക്കാദമി അവാർഡും അതേവർഷം തന്നെ, കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ അവാർഡും കേരള സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ വയോരത്നപുരസ്ക്കാരവും ലഭിച്ചു. സീനിയർ സിറ്റിസൻ ഫോറത്തിന്റെ സ്ഥാപക നേതാവും സംസ്ഥാന സിക്രട്ടറിയുമായിരുന്നു.
പരിഷദ് വാർത്തയുടെ ആദരാഞ്ജലികൾ