പരിസരദിന കുറിപ്പ് -2024 ജൂണ്‍ 5
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പരിസരദിന കുറിപ്പ് -2024 ജൂണ്‍ 5
പശ്ചാത്തലം
1.ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ 1972 ജൂണ്‍ 5നാണ് ലോകമെമ്പാടുമുള്ള പരിസരപ്രശ്‌നങ്ങള്‍ക്ക് പരിഹാരംതേടി ആദ്യമായി ഒരാഗോളസമ്മേളനം നടത്തിയത്. ലോകരാജ്യങ്ങളിലെ നേതാക്കന്മാരും ശാസ്ത്രജ്ഞരും പങ്കെടുത്ത അതിവിപുലമായ ഒരു യോഗമായിരുന്നു അത്. തുടര്‍ന്നിങ്ങോട്ട് തുടര്‍ച്ചയായി ഓരോ ദശകത്തിലും പിന്നെ ആവശ്യമായ സന്ദര്‍ഭങ്ങളിലും ഇത്തരം പരിസ്ഥിതിസമ്മേളനങ്ങള്‍ ചേര്‍ന്നി ട്ടുണ്ട്. ആദ്യസമ്മേളനം ആരംഭിച്ചതിന്റെ സ്മാരകം എന്ന നിലക്കാണ് ജൂണ്‍ 5 ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നത്. 1974ല്‍ ആദ്യത്തെ പരിസ്ഥിതിദിനാചരണം നടന്നു. പിന്നീട് എല്ലാവര്‍ഷവും ജൂണ്‍ 5ന് പരിസ്ഥിതിദിനാചരണം നടത്തുന്നു. ഇത് അമ്പതാമത്തെ ലോക പരിസ്ഥിതിദിനാചരണമാണ്. ഓരോവര്‍ഷവും ഭൂഗോളം നേരിടുന്ന പരിസ്ഥിതിപ്രശ്‌നത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങളും സാമൂഹിക, രാഷ്ട്രീയപ്രസ്ഥാനങ്ങളും ശാസ്ത്രലോകവും വിദ്യാര്‍ത്ഥിസമൂഹവും അങ്ങനെ സര്‍വ്വരും പരിസ്ഥിതിപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഒരു ദിനമായാണ് ജൂണ്‍ 5 ആചരിക്കപ്പെടുന്നത്.
2. 2024 വര്‍ഷത്തെ പരിസരദിനാചരണത്തില്‍ ലോകമെമ്പാടും ചര്‍ച്ചചെയ്യുന്നത് Our Land Our Future -Desertification, Restoration and Resilience എന്ന വിഷയമാണ്. അതായത്, ‘നമ്മുടെ ഭൂമി, നമ്മുടെ ഭാവി’ മരുവല്‍ക്കരണം, തിരിച്ചുപിടിക്കല്‍/പുനഃസ്ഥാപനം, പ്രതിരോധശേഷി ഉയര്‍ത്തല്‍.
നാം ജീവിക്കുന്ന ഇടമാണ് നമ്മുടെ സ്ഥലം അഥവാ നമ്മുടെ ഭൂമി. നമ്മുടെ ജീവിതത്തെയും നമ്മെയും അടയാളപ്പെടുത്തുന്ന പ്രധാന ഘടകവും അതുതന്നെ. നാം ജീവിതം കരുപ്പിടിപ്പിക്കുന്നത് അവിടെയാണ്. ഏത് ജീവിക്കും അതിന്റേതായ ഇടമുണ്ട്; ചിലതിന് കര. കരയില്‍ തന്നെ പ്രത്യേക അതിരുകളോടെയുള്ള ഇടം. ചിലതിന് വെള്ളം. മറ്റുചിലതിന് വായുവും ആകാശവും. ഈയിടത്തില്‍ ജീവിക്കാന്‍ അനുകൂലമായ എല്ലാ സാഹചര്യങ്ങളും നിലനില്‍ക്കുന്നിടത്തോളം മാത്രമേ നമുക്ക് ഇവിടെ ജീവിക്കാന്‍ സാധിക്കു. ശുദ്ധജലം ഉണ്ടാവണം, ശുദ്ധവായുവുണ്ടാവണം, ഭക്ഷണവും വസ്ത്രവും എല്ലാം തരാന്‍ ഈ ആവാസവ്യവസ്ഥയ്ക്ക് കഴിയണം. നമ്മെ രോഗഗ്രസ്തമാക്കുന്ന രോഗാണുക്കളും കീടജാതികളും ഉണ്ടാകാനും പെരുകാനുമുള്ള സാഹചര്യം ഉണ്ടാകരുത്. ആവശ്യത്തിന് മഴയും വെയിലും സൂര്യപ്രകാശവും ലഭ്യമായിരിക്കണം. നമുക്ക് കൃഷിചെയ്യാനും മറ്റു വരുമാനമാര്‍ഗങ്ങള്‍ തേടാനും കഴിയുന്നതായിരിക്കണം. നമുക്ക് ആവശ്യമായി വരുന്ന മറ്റു പലകാര്യങ്ങളുമുണ്ട്. അവയെല്ലാം തരാന്‍ ആ സ്ഥലത്തിന് സാധിക്കണം. അതിനുപറ്റിയ ഹൃദ്യമായ കാലാവസ്ഥയും ഭൂപ്രകൃതിയും വേണം. ഇതെല്ലാം ഉള്‍പ്പെട്ടതാണ് നമ്മുടെ സ്ഥലം. ഇവയുടെ (കാലാവസ്ഥയുടെയും ഭൂപ്രകൃതിയുടെയും) സന്തുലിതാവസ്ഥയെയും സുസ്ഥിരതയെയും ആശ്രയിച്ചാണ് നമ്മുടെ നിലനില്‍പ്പും നമ്മുടെ ഭാവിയും എന്ന് നമുക്ക് ബോധ്യമുണ്ട്. വൈവിധ്യമാര്‍ന്ന ഒട്ടനവധി ഘടകങ്ങളുടെ സംയോജനത്തിലൂടെയാണ് നിലനില്‍പ്പ് സാധ്യമാകുന്നത്. കാലാവസ്ഥ, മഴയുടെ വിതരണം, ചൂട്, ചൂടിന്റെ ഏറ്റക്കുറച്ചിലുകള്‍, കാറ്റ്, വൃക്ഷങ്ങളും ചെടികളും മറ്റു ജീവജാതികളും, വന സാന്നിധ്യം, കടല്‍സാന്നിധ്യം, പുഴകളും അരുവികളും…തുടങ്ങി നാനാവിധ ഘടകങ്ങളുടെ സംയോജനവും പരസ്പരാശ്രിതത്വവും അനുസരിച്ചാണ് എന്നും നമ്മുടെ നിലനില്‍പ്പ്. അതിനെ ആശ്രയിച്ചു തന്നെ യാണ് നമ്മുടെ ശോഭനമായ ഭാവിയും. നിലനില്‍പ്പിന്റെ പാരിസ്ഥിതികദര്‍ശനം ഇതാണ്.
നാം ഒഴികെ മറ്റൊരു ജീവജാതിയും ഈ സന്തുലനത്തെ(ആവാസവ്യവസ്ഥയെ) താറുമാറാക്കുന്നവിധം ഇവിടെ ജീവിക്കുന്നില്ല. അത്തരത്തിലുള്ള പ്രവണതകള്‍ അധികരിച്ചാല്‍ പ്രകൃതി തന്നെ അവയെ ഉന്മൂലനം ചെയ്യും. എന്നാല്‍ മനുഷ്യരുടെ ഇടപെടലാകട്ടേ ഈ അടുത്തകാലത്തായി പ്രതികൂലമാംവിധം പെരുകിയിരിക്കുന്നു. പ്രകൃതി വീണ്ടെടുപ്പ് നടത്തുമ്പോള്‍ അപരിഹാര്യമായ നഷ്ടമുണ്ടാകുന്നത് അധികവും മനുഷ്യജീവിതങ്ങള്‍ക്കാണ്. ചുരുക്കത്തില്‍ മനുഷ്യവംശത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലായിവരുന്നെന്ന് ചുരുക്കം. ഇതാണ് ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നമെന്ന് ശാസ്ത്രം പറയുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സര്‍വ്വരുടെയും ശ്രദ്ധ ആഗോളമായി ആവശ്യമായിട്ടുള്ള ആഗോളതാപനവും കാലാവസ്ഥാമാറ്റവുമാണ്. ഈ പ്രശ്‌നത്തിന്റെ തീക്ഷ്ണതയും ഗൗരവവും നമ്മുടെ ശ്രദ്ധയില്‍പ്പെട്ടിട്ട് കേവലം രണ്ടുമൂന്നു ദശകങ്ങളായി. ആദ്യം ശാസ്ത്രജ്ഞര്‍ ഇക്കാര്യങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടുത്തി. നമ്മുടെ അന്തരീക്ഷതാപനില വര്‍ഷംതോറും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അതിന്റെ കാരണം അന്തരീക്ഷത്തിലേക്ക് നമ്മുടെതന്നെ പ്രവര്‍ത്തനംമൂലം വമിക്കുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ ആധിക്യമാണെന്നും അവര്‍ കണ്ടെത്തി. കാര്‍ബണ്‍ ഡയോക്‌സൈഡ് അന്തരീക്ഷത്തിലെ ചൂട് വര്‍ധിപ്പിച്ച് നമ്മുടെ എല്ലാ സ്വാഭാവികപ്രവര്‍ത്തനങ്ങളേയും തകര്‍ക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ലോകസമൂഹവും രാജ്യാധികാരികളും അത് ഒട്ടും ഗൗരവത്തിലെടുത്തില്ല. നിരവധി സമ്മേളനങ്ങളും ചര്‍ച്ചകളും നടത്തിയെങ്കിലും പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് അത് പരിഹരിക്കാനുള്ള നടപടികള്‍ ഇന്നുമില്ല.
നമ്മുടെ പലവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്കും എല്ലാതരം ഉല്‍പാദന വ്യാവസായികാവശ്യങ്ങള്‍ക്കും ഊര്‍ജം ആവശ്യമുണ്ട്. അതിന് ഏറ്റവും ലളിതമായ മാര്‍ഗം കല്‍ക്കരിയോ പെട്രോളോ ഡീസലോ കത്തിച്ച് വൈദ്യുതി ഉണ്ടാക്കുക എന്നതാണ്. ഈ പ്രക്രിയമൂലം കാര്‍ബണ്‍ ഡയോക്‌സൈഡ് അന്തരീക്ഷത്തില്‍ വര്‍ധിച്ചു. അന്തരീക്ഷത്തില്‍ അതിപ്പോള്‍ വ്യാപിക്കുന്നു. ഇന്നത്തെ അവസ്ഥയില്‍ ഇനിയുമിത് കൂടിക്കൊണ്ടേയിരിക്കും. വന്‍തോതില്‍ വ്യവസായവല്‍ക്കരണം വരുന്നതിന് മുമ്പുള്ളതിന്റെ ഏതാണ്ട് ഇരട്ടിയോളം കാര്‍ബണ്‍ ഡയോക്‌സൈഡ് ഇപ്പോഴേ അന്തരീക്ഷത്തിലുണ്ട്. 270 ppmല്‍ നിന്ന് 440ppm ആയി വര്‍ധിച്ചു. ഫോസില്‍ ഇന്ധനം കത്തിച്ച് ഊര്‍ജം ഉണ്ടാക്കുന്നത് കുറക്കണമെന്ന നിര്‍ദേശങ്ങള്‍ ആരും കാര്യമായി പരിഗണിച്ചില്ല. ഇതിന്റെ ഫലമാണ് കാലാവസ്ഥാമാറ്റം മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍. അവ ഇങ്ങനെ സംഗ്രഹിക്കാം:
• നീണ്ടുനില്‍ക്കുന്ന വേനല്‍ക്കാലം, വേനല്‍ക്കാലത്ത് ഉയര്‍ന്ന താപനില, വര്‍ധിച്ച വരള്‍ച്ച, വരള്‍ച്ച മൂലം മരുവല്‍ക്കരണം, കാട്ടുതീ, മഞ്ഞുരുകല്‍, താപതരംഗം, നിര്‍ജലീകരണം, ഉഷ്ണകാലരോഗങ്ങള്‍, പുതിയ രോഗങ്ങളുടെ ആവിര്‍ഭാവം, വിളനാശം, കൃഷിനാശം….
• പേമാരി, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, മഴയുടെ വിതരണത്തില്‍ ക്രമക്കേട്
• അകാലത്ത് മഴ, അസ്ഥാനത്ത് മഴ, തീവ്രമഴ, മഴ ഇല്ലായ്മ, പത്തോ പതിനഞ്ചോ ദിവസം പെയ്തു കൊണ്ടിരുന്ന മഴ ഒന്നോ രണ്ടോ ദിവസംകൊണ്ട് പെയ്യുക..
• ഹിമപാതം. ആര്‍ട്ടിക്കിലും അന്റാര്‍ട്ടിക്കിലും ഹിമസാനുക്കളിലും മഞ്ഞുരുകല്‍, കടല്‍വിതാനം ഉയരല്‍, തീരദേശങ്ങളില്‍ കടലേറ്റം, ജനവാസകേന്ദ്രങ്ങളില്‍ കടലാക്രമണം, സമുദ്രത്തിന്റെ അമ്ലവല്‍ക്കരണം, പവിഴപ്പുറ്റുകളും പ്ലവകങ്ങളും സമുദ്രജീവികളും വന്‍തോതില്‍ നശിക്കുക, മത്സ്യസമ്പത്തിന്റെ നാശം, ഉപ്പുവെള്ളം കയറി തീരദേശം നശിക്കുക. ……
• മഴയുടെ താളംതെറ്റുന്നതോടെ കാര്‍ഷിക ഉല്‍പാദനം ഗണ്യമായി കുറയുക, വന്‍തോതില്‍ കൃഷിനാശം, ഭക്ഷ്യസുരക്ഷ അപകടത്തില്‍, ദാരിദ്ര്യവും പട്ടിണിയും വര്‍ധിക്കുന്നു……
• സാംക്രമികരോഗങ്ങള്‍ പെരുകുന്നു, പുതിയ രോഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു, രോഗകീടങ്ങളുടെ പെരുകല്‍..
ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത പ്രശ്‌നങ്ങള്‍ ലോകമെമ്പാടും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലാകട്ടെ 7000ത്തോളം കിലോമീറ്റര്‍ നീളത്തിലുള്ള സമുദ്രതീരം മുഴുവന്‍ ക്ഷയിച്ചുകൊണ്ടിരി ക്കുന്നു. ഹിമാലയസാനുക്കളില്‍ നിന്ന് മഞ്ഞുരുകി മലഞ്ചെരിവുകളിലും ഗംഗയിലും വെള്ളപ്പൊക്കങ്ങളും മറ്റ് നാശനഷ്ടങ്ങളും ഉണ്ടാകുന്നു. ഗംഗാതീരങ്ങളില്‍ കാര്‍ഷികോത്പാദനം ഗണ്യമായി കുറയുന്നു, കേരള ത്തിലും മറ്റ് സമാനപ്രദേശങ്ങളിലുമുള്ള മലഞ്ചെരിവില്‍ നടക്കുന്ന ഉരുള്‍പൊട്ടല്‍ വലിയ ഭീഷണിയാണ് ജനജീവിതത്തിന് സൃഷ്ടിക്കുന്നത്.
കേരളത്തില്‍ 2018ല്‍, ഒരു നൂറ്റാണ്ടിലെ ഏറ്റവും കൊടിയ പ്രളയം നാം അനുഭവിച്ചു. 400ഓളം പേര്‍ മരണമടയുകയും 40,000 കോടിരൂപയുടെ നാശനഷ്ടം സംഭവിക്കുകയും മറ്റൊട്ടനവധി ദുരിതങ്ങള്‍ ഉണ്ടാ വുകയും ചെയ്തു. ഇതെല്ലാം ഏറിയും കുറഞ്ഞും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇന്നത്തെ രീതിയിലുള്ള കാര്‍ബണ്‍ഉത്സര്‍ജനം തുടര്‍ന്നും നടന്നാല്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അന്തരീക്ഷ താപനിലയുടെ വര്‍ധന 1.50C യോളം എത്തുമെന്നും അത് ഏറ്റവും വിനാശകരമായ അവസ്ഥയാണ് സൃഷ്ടിക്കുക എന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വിഷയം
ലോക പരിസരദിനത്തില്‍ ഇതൊക്കെയാണ് നാം ചര്‍ച്ചചെയ്യേണ്ടതും പരിഹാരങ്ങള്‍ കണ്ടെത്തേണ്ട തുമായ വിഷയങ്ങള്‍. ഇവയില്‍ തന്നെ ഈ വര്‍ഷം മുഖ്യമായും ചര്‍ച്ചചെയ്യേണ്ട വിഷയമാണ് ‘മരുവല്‍ക്ക രണവും ഭൂമിയെ തിരിച്ചുപിടിക്കലും (പുനഃസ്ഥാപനം) ഭൂമിയുടെ പ്രതിരോധശേഷികൂട്ടലും’ എന്ന് ഐക്യരാഷ്ട്രസഭ നിര്‍ദ്ദേശിക്കുന്നു.
മരുവല്‍ക്കരണം ഇന്ന് വലിയ പ്രശ്‌നമായിതീര്‍ന്നിരിക്കുന്ന കാലാവസ്ഥാ മാറ്റത്തിന്റെ അനന്തരഫലം തന്നെയാണ്. ഫലഭൂയിഷ്ഠമായതും കൃഷിയോഗ്യമായതുമായ ഭൂമി വരണ്ട മരുഭൂമിയുടെ സ്വഭാവത്തിലേക്ക് മാറുന്നു എന്നതാണ് മരുവല്‍ക്കരണം. ലോകത്തെ ഉദ്ദേശം അഞ്ചിലൊരു ഭാഗം കരഭൂമിയും മരുവല്‍ക്കരണഭീഷണിയിലാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. മധ്യ ഏഷ്യയിലാകട്ടെ 60% പ്രദേശവും മരുവല്‍ക്കരണഭീഷണിയിലാണത്രേ. ഇന്ത്യയില്‍ 31% പുല്‍മേടുകളിലും (56 ലക്ഷം ഹെക്ടര്‍) മരുവല്‍ക്കരണം നടന്നുകഴിഞ്ഞു. മറ്റൊരു 32% മരുവല്‍ക്കരണഭീഷണിയെ നേരിടുകയുമാണ്. ഈ പ്രശ്‌നത്തെ നേരിടാനുള്ള നടപടികളെക്കുറിച്ച് നാം ചര്‍ച്ചചെയ്യണം. നടപടികള്‍ സ്വീകരിക്കുകയും വേണം.
മരുവല്‍ക്കരണത്തിലേക്ക് നീങ്ങാനുള്ള മുഖ്യ കാരണങ്ങള്‍.
1. കാലാവസ്ഥമാറ്റം
2. ഭൂമിയുടെ പച്ച ആവരണം നശിക്കല്‍
3. വരള്‍ച്ചയും വെള്ളപ്പൊക്കവും
4. ഖനനം-മണ്ണ്, മണല്‍, ചെങ്കല്ല്, പാറ, കളിമണ്ണ്,.…
5. നഗരവല്‍ക്കരണം-വ്യവസായം, വ്യാപാരം, മറ്റ് സേവനങ്ങള്‍ തുടങ്ങിയവ ചില സ്ഥലത്ത് കേന്ദ്രീകരിക്കുകയും അവിടെ ജനങ്ങള്‍ കൂട്ടമായി എത്തുകയും താമസിക്കുകയും ചെയ്യുക,.
6. കുന്നിടിക്കല്‍, മണ്ണ് മാറ്റല്‍,
7. മണ്ണൊലിപ്പ്, ഉരുള്‍പൊട്ടല്‍.
8. പ്രകൃതിദത്ത ചെടികള്‍ക്ക് പകരം വിദേശ ഇനങ്ങള്‍ വളര്‍ത്തുക,…
9. ഭൂമി തരിശിടല്‍
മരുവല്‍ക്കരണത്തിലേക്ക് നീങ്ങുന്ന നമ്മുടെ ഭൂപ്രദേശത്തെ തിരിച്ചുപിടിക്കല്‍ അടിയന്തിര പ്രാധാന്യമുള്ളതാണ്. അതിനുവേണ്ട കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:
1. വനവല്‍ക്കരണം
2. വൃക്ഷവല്‍ക്കരണം
3. ക്ഷയിച്ചു പോയ വനപ്രദേശത്തെ യഥാര്‍ത്ഥ വനമാക്കി മാറ്റുക
4. മണ്ണൊലിപ്പ് തടയുക
5. വൃക്ഷങ്ങള്‍ നടുക
6. ജൈവവൈവിധ്യം സംരക്ഷിക്കുക
7. മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്ന സ്വാഭാവികപ്രക്രിയ ശക്തിപ്പെടുത്തുക
8. ഭൂമിയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുക. മണ്ണിന് പൊതയിടുക, ജലപരിപാലനവും ജല സംരക്ഷണവും നടത്തുക, ജൈവവേലിയും ജൈവ ആവരണവും വര്‍ധിപ്പിക്കുക.
9. മണ്ണില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമ്പൂര്‍ണ്ണമായും മാറ്റുക, ഇനി നിക്ഷേപിക്കാതിരിക്കുക.
10. ഫോസില്‍ഇന്ധനങ്ങള്‍ കത്തിച്ചുണ്ടാക്കുന്ന ഊര്‍ജത്തിന് പകരം മറ്റ് ഊര്‍ജസ്രോതസ്സുകള്‍ സ്വീകരിക്കുക. സൗരവൈദ്യുതി, കാറ്റില്‍നിന്നുണ്ടാക്കുന്ന വൈദ്യുതി, സൂക്ഷ്മ ജലവൈദ്യുതപദ്ധതികള്‍ തുടങ്ങിയവ.
11. ഊര്‍ജ ഉപഭോഗം കുറക്കുന്നതിനുള്ള ജീവിതശൈലിയും സാങ്കേതി കവിദ്യകളും തെരഞ്ഞെടുക്കുക.
12.ഏതൊരു ഉല്‍പന്നത്തിന്റെ പിറകിലും ഊര്‍ജവും വെള്ളവും ഉപയോഗിക്കപ്പെടുന്നതിനാല്‍ അവയുടെ ഉപഭോഗവും പരമാവധി കുറക്കുക.
പരിസരദിനത്തില്‍ ഇതില്‍ ഏതേത് കാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്യാന്‍ കഴിയും എന്ന് മനസ്സിലാക്കി അത് ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ വിശദമായി ആസൂത്രണം ചെയ്യണം. പരിസരദിനാചരണത്തിലൊതുക്കാതെ അത്തരം പ്രവര്‍ത്തനങ്ങള്‍ ഉചിതമാംവിധം മുന്നോട്ടുകൊണ്ടുപോകാന്‍ നമുക്ക് കഴിയണം. സമൂഹത്തിന്റെ പിന്തുണതേടാനും യോജിച്ചപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കൂട്ടായ്മകള്‍ ഉണ്ടാക്കാനും നമുക്ക് കഴിയണം. നമ്മുടെ ജീവിതത്തെ എന്നും നിലനിര്‍ത്തുന്ന മൂല്യബോധമാണ് പരിസരസംരക്ഷണം എന്ന് നാം തിരിച്ചറിയണം. നമ്മുടെ സുരക്ഷിതമായ ഭാവിക്ക് വേണ്ടിയാണ്, അത്യന്താപേക്ഷിതമാണ് ഇപ്പറഞ്ഞതെല്ലാം എന്ന് എന്നുമോര്‍ക്കുക.