വനിതാദിനാചരണം: പരിപാടികളുമായി പെരിഞ്ഞനം

വനിതാദിനാചരണം: പരിപാടികളുമായി പെരിഞ്ഞനം

തൃശ്ശൂർ: അന്തർദ്ദേശീയ വനിതാദിനം മതിലകം മേഖലയിലെ പെരിഞ്ഞനം യൂണിറ്റ് വിവിധ പരിപാടികളോടെ ആഘോഷിച്ചു.
സുമിത്ര ജോഷി, സ്മിത സന്തോഷ്, പി അജിത്ത്, എം ഡി ദിനകരൻ എന്നിവർ ചേർന്നാലപിച്ച കരിവെള്ളൂർ മുരളിയുടെ “ഞാൻ സ്ത്രീ” എന്ന പരിഷദ് ഗാനത്തോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ബീന മുരളി സ്വന്തമായി രചിച്ച കവിതയും സലില സിനിമാഗാനവും രമണി നാടൻ പാട്ടും മെഹ്റിൽ ഒരു കുട്ടിപ്പാട്ടും അവതരിപ്പിച്ചു.
മേഖല സെക്രട്ടറി കെ കെ കസീമ അദ്ധ്യക്ഷയായ പരിപാടിയിൽ യൂണിറ്റ് സെക്രട്ടറി ജിസി രഘുനാഥ് സ്വാഗതം പറഞ്ഞു. ജില്ലാ ജന്റർ വിഷയ സമിതി ചെയർപേഴ്സൺ സി വിമല ടീച്ചർ “ലിംഗ നീതിയും ശാസ്ത്രബോധവും” എന്ന വിഷയമവതരിപ്പിച്ച് സംസാരിച്ചു. ശാസ്ത്രവിഷയം പഠിച്ചതുകൊണ്ടോ ശാസ്ത്രജ്ഞനായതുകൊണ്ടോ ശാസ്ത്രാവബോധമുണ്ടാവണമെന്നില്ലെന്ന് അവർ പറഞ്ഞു.
അമേരിക്കൻ ആക്ടീവിസ്റ്റായ കരോലിൻ എ കെന്നാർഡ് വനിതാ രംഗത്തെ തന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര ബലം ലഭിക്കുന്നില്ല എന്ന പരാതി പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിനോട് പങ്കുവച്ച സന്ദർഭത്തിൽ അദ്ദേഹം പറഞ്ഞ മറുപടി “സ്ത്രീകൾ സദാചാരപരമായി പുരുഷനേക്കാൾ മുൻപന്തിയിലാണെങ്കിലും ബുദ്ധിപരമായി പുരുഷനേക്കാൾ ഏറെ പിന്നിലാണ്. ഇത് മറിച്ചിടാൻ ശ്രമിക്കുന്നത് കുടുംബ ഘടനയേയും സാമൂഹ്യഘടനയേയും പ്രതികൂലമായി ബാധിക്കുമെന്നതിനാൽ അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുന്നതായിരിക്കും ശരി” എന്നാണ്. കരോലിൻ ഇത് അംഗീകരിച്ചില്ല. സ്ത്രീയെ ചെറുപ്പം മുതൽ പരുവപ്പെടുത്തിയെടുക്കുന്നത് കുടുംബം പരിപാലിക്കുന്നതിനു മാത്രമാണ്. അവൾക്ക് ബൗദ്ധികമായി ഉയർന്നു വരുവാനുള്ള അന്തരീക്ഷം ഒരിക്കലും സൃഷ്ടിക്കുന്നില്ല. അവസര നിഷേധങ്ങളിലൂടെ ബോധപൂർവ്വം സ്ത്രീകളെ ബുദ്ധിപരമായി പിന്നോട്ടടിപ്പിക്കുകയാണെന്ന് അവർ വാദിച്ചു. അന്നും ഇന്നും എന്നും ലോക പ്രശസ്തനായ ഒരു ശാസ്ത്രജ്ഞന്റെ വികലമായ ലിംഗാവബോധത്തിനു ഉത്തമ ഉദാഹരമാണിതെന്ന് ടീച്ചർ ചൂണ്ടിക്കാട്ടി.
മേരി ക്യൂറിയുടെ ജീവചരിത്രത്തെ ആസ്പദമാക്കിയുള്ള പുസ്തകത്തിന്റെ അവതരണം സ്മിതാ സന്തോഷ് നടത്തി. വനിതാ സാഹിത്യ കൂട്ടായ്മയ്ക്ക് ഏറ്റെടുക്കാവുന്ന ഭാവി പ്രവർത്തനങ്ങൾ എം ജി ജയശ്രീ അവതരിപ്പിച്ചു.വിപഞ്ചികയുടെ നാടോടി നൃത്തം, നിരഞ്ജൻ ശ്രീലക്ഷ്മിയുടെ മോണോ ആക്റ്റ് തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി.

Share

Leave a Reply

Your email address will not be published. Required fields are marked *