വിടപറഞ്ഞത് നന്മയുടെ പൂമരം – പി.എം.ഗംഗാധരന്‍ മാസ്റ്റര്‍ക്ക് ആദരാ‍ഞ്ജലികള്‍

0

ഒഞ്ചിയത്തിന്റെയും പരിസരപ്രദേശങ്ങളിലെയും ശാസ്ത്ര, സാമൂഹ്യ, കലാ-സാംസ്‌കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം തന്നെ നിറസാന്നിധ്യമായിരുന്ന വ്യക്തിയായിരുന്നു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒഞ്ചിയം മേഖലാ സെക്രട്ടറിയായിരുന്ന പി.എം. ഗംഗാധരന്‍ മാസ്റ്റര്‍.(58) നാടിന്റെ നന്മ കാക്കുന്നതിനും പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ ഏവരുടെയും സ്‌നേഹാദരങ്ങള്‍ നേടുന്നതിനും തന്റെ സൗമ്യശീലമായ പ്രവര്‍ത്തനംകൊണ്ട് അടയാളപ്പെടുത്താന്‍ പി.എം.ജി.ക്കു കഴിഞ്ഞിട്ടുണ്ട്.
പരേതനായ കണ്ണന്റെയും ജാനുവിന്റെയും മകനാണ് പി.എം. ഗംഗാധരന്‍മാസ്റ്റര്‍. ജി.വി.എച്ച്.എസ്.എസ്. ചെറുവണ്ണൂരിലെ വല്‍സല ടീച്ചര്‍ ഭാര്യയും ആതിര, ആര്യ എന്നിവര്‍ മക്കളുമാണ്. കണ്ണൂക്കരയിലെ വിപിന്‍രാജ് മരുമകനാണ്.
ജനകീയാസൂത്രണം, സാക്ഷരതയജ്ഞം എന്നിവയുടെ മുന്‍നിരപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു അദ്ദേഹം. താന്‍ ഏര്‍പ്പെടുന്ന മണ്ഡലങ്ങളിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും വിജയം കാണുംവരെ വിശ്രമമില്ലാതെ തികഞ്ഞ ആത്മാര്‍ത്ഥതയോടെ പിന്നില്‍ നിന്ന് നേതൃത്വം നല്‍കുന്ന സവിശേഷ സാമര്‍ഥ്യം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. സി.എച്ച്. അശോകന്‍ സ്മാരക ട്രസ്റ്റ്, ഒഞ്ചിയം രക്തസാക്ഷി സ്മാരക കലാവേദി പ്രസിഡന്റ്, ടി.സി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക സമിതി സെക്രട്ടറി, പൊയില്‍ ബാലന്‍ മാസ്റ്റര്‍ സ്മാരക വിദ്യാഭ്യാസ സമിതി സെക്രട്ടറി, സിപിഐ(എം) ബ്രാഞ്ച് അംഗം തുടങ്ങിയ വേദികളിലെല്ലാം തന്നെ പാരിഷത്തികമായ സ്പര്‍ശനത്തോടെ പ്രവര്‍ത്തിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മാഷുടെ ആകസ്മികമായ നിര്യാണത്തില്‍ ഒരു നാടൊന്നാകെ നിറമിഴികളോടെ അനുശോചിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു.
രാത്രി ഏറെവൈകുംവരെ മേഖലയിലെ ശാസ്ത്രകലാജാഥയ്ക്ക് സ്വീകരണം നല്‍കുന്നതിനുള്ള മുന്നൊരുക്കപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിലേക്കെത്തിക്കുന്നത്. തുടര്‍ന്ന് ജനുവരി 18 ശനിയാഴ്ച വൈകീട്ട് 7 മണിയോടെ അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. ശാരീരിക വൈഷമ്യങ്ങള്‍ക്ക് വിലകൊടുക്കാതെ, വിശ്രമമില്ലാതെയുള്ള അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തന സന്നദ്ധത ആ പ്രദേശമൊന്നാകെ വിതുമ്പലോടെ ഓര്‍മിച്ചു. സംസ്‌കാരാനന്തരം വീട്ടിനടുത്തുചേര്‍ന്ന് അനുശോചനയോഗത്തില്‍ വിപി ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു
സി.കെ. നാണു എം.എല്‍.എ, ആര്‍. ഗോപാലന്‍, ഇ.എം. ദയാനന്ദന്‍, അഡ്വ. എം.കെ. പ്രേംനാഥ്, കെ.ടി രാധാകൃഷ്ണന്‍, പി.കെ. സതീശന്‍, പ്രൊഫ. കെ. പാപ്പൂട്ടി, മണലില്‍ മോഹനന്‍, കെ.പി. കുമാരന്‍, എം.എം. സുദര്‍ശന കുമാര്‍, വി.പി. ജിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *