സത്യപ്രതിജ്ഞാ ചടങ്ങ് മാതൃകാപരമായി നടത്തുക

0

സത്യപ്രതിജ്ഞാ ചടങ്ങ് മാതൃകാപരമായി നടത്തുക

കോഴിക്കോട്: കോവിഡ് വ്യാപനം അതീവ ഗുരുതരമായ സാഹചര്യത്തിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഏറ്റവും അത്യാവശ്യമുള്ളവരെ മാത്രം പങ്കെടുപ്പിച്ചു നടത്തണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചു. കേരളത്തിലും പുറത്തുമുള്ള എല്ലാവർക്കും ദൃശ്യമാധ്യമങ്ങളിലൂടെയും ഓൺലൈനായും ചടങ്ങ് തത്സമയം
വീക്ഷിക്കാനും അഭിവാദ്യങ്ങൾ അർപ്പിക്കാനും സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യാം.
സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള ചില ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൌണും മറ്റു സ്ഥലങ്ങളിൽ ലോക്ഡൌണും അടക്കമുള്ള കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കി വരികയാണ്. രോഗനിയന്ത്രണത്തിന് സംസ്ഥാന സർക്കാര്‍ ‍സ്വീകരിക്കുന്ന നടപടികള്‍ സ്വാഗതാര്‍ഹമാണ്.
അതീവ ഗുരുതരമായ ഈ സാഹചര്യത്തിൽ ആളുകൾ ഒത്തുചേരുന്നത് പരമാവധി നിരുത്സാഹപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശമാവണം സംസ്ഥാന സർക്കാരിൽ നിന്നും ജനങ്ങൾക്ക് ലഭിക്കേണ്ടത്. മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കൂടുതലാളുകൾ പങ്കെടുത്ത് നടത്തുന്നത് അത്തരമൊരു സന്ദേശത്തിനു വിരുദ്ധമാകും. മറിച്ച്, സത്യപ്രതിജ്ഞാ ചടങ്ങുതന്നെ മാതൃകാപരമായി നടത്തിയാൽ അത് രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ പ്രോത്സാഹനമായിരിക്കും.
പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുമെന്നും ഏതാണ്ട് 750- ഓളം പേർ അതിൽ പങ്കെടുക്കുമെന്നുമാണ് പല മാധ്യമങ്ങളിലൂടെയും അറിയാന്‍ കഴിയുന്നത്. ഇത്തരത്തിൽ സത്യപ്രതിജ്ഞ നടത്താന്‍ ആലോചനയുണ്ടെങ്കിൽ അത് ഒഴിവാക്കണമെന്നും ഏറ്റവും അത്യാവശ്യമുള്ളവരെ മാത്രം പങ്കെടുപ്പിച്ച് നടത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സർക്കാറിനോട് അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *