പരിഷത്തിന് അറുപത് വയസ്സ് പൂർത്തിയാകുന്നു. കഴിഞ്ഞ വാർഷികസമ്മേളനം കടയിരുപ്പിൽ ചേർന്നപ്പോൾ ഈ വർഷം ചെയ്യേണ്ട പ്രധാനപരിപാടികളെക്കുറിച്ച് നമ്മൾ വിശദമായി ചർച്ച ചെയ്തിരുന്നു. അതിലെ പ്രധാനമായ ഒന്നായിരുന്നു ജനകീയശാസ്ത്രപ്രസ്ഥാനത്തിന്റെ സമകാലികപ്രസക്തിയെക്കുറിച്ച് വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരികപ്രവർത്തകരുമായി സംവദിക്കുകയെന്നത്. ഈ പരിപാടി ജില്ലാതല ത്തിലാണ് നടക്കേണ്ടത്. തുടർന്ന് മേഖലാതലത്തിൽ വേണ്ടിവരും. ജില്ലാതലത്തിൽ മറ്റ് രാഷ്ട്രീയസാമൂഹ്യ പ്രവർത്തകരുടെ ഒരു ചെറുയോഗം വിളിച്ച് ചേർക്കുകയാണ് ഇതിൽ വേണ്ടത്. വർഗ്ഗീയസംഘടനകള ഒഴിച്ച് മറ്റെല്ലാവരേയും വിളിക്കാം എന്നാണ് നമ്മുടെ ഇപ്പോഴത്തെ ധാരണ. ഒരു 15-20 ആളുകൾ മതിയാകും.ഒപ്പം 10-15 പരിഷത്ത് പ്രവർത്തകരും. ഇത്രയും പേർക്ക് ഇരിക്കാൻ പറ്റുന്ന ഒരു സ്ഥലം കണ്ടത്തണം.അവരോട് താഴെ ത്തന്നിട്ടുള്ള വിഷയം അവതരിപ്പിക്കണം. അവതാരകരെ നിർവ്വാഹകസമിതിയിൽ നിന്ന് നല്കും.എന്നാലും നമ്മുടെ പരമാവധി ജില്ലാക്കമ്മിറ്റി അംഗങ്ങൾ ഇതു മുൻകൂട്ടി വായിച്ചുനോക്കണം.സെപ്റ്റംബറിൽ ജില്ലാക്കമ്മി റ്റിയോഗം ചേരാൻ നിശ്ചയിച്ചിട്ടുണ്ടല്ലോ? അവിടെ ഈ കുറിപ്പ് ഒന്ന് വായിച്ച് അവതരിപ്പിക്കണം.വിഷയം അവതരിപ്പിക്കുന്നതിന് ആമുഖമായി വന്നിരിക്കുന്നവരോട് പരിഷത്തിനെ പരിചയപ്പെടുത്തിക്കൊണ്ട് ലഘുവാ യ ഒരു സംസാരം വേണം. അത് വിഷയാbതാരക/ൻ തന്നെയോ മറ്റൊരാളോ ആവാം.പരിഷത്ത് എന്താണ് എന്ന് പറയണം.നമ്മുടെ മാസികകളെ പരിചയപ്പെടുത്തണം.നമ്മൾനടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങ ളെക്കുറിച്ചും വരാൻ പോകുന്ന വികസനകാമ്പയിനെക്കുറിച്ചും പറയണം.അതിനുശേഷം വിഷയാവതരണം. അതിന്മേൽ പങ്കെടുക്കുന്നവരുടെ പ്രതികരണങ്ങൾ വാങ്ങണം.യോഗനടപടികൾ പൂർണ്ണമായും മിനുട്ട് ചെയ്യണം. ചർച്ച പൂർണ്ണമായും സൗഹൃദപൂർവ്വമായിരിക്കണം. വാക്കുതർക്കങ്ങൾ ഒഴിവാക്കണം.നമ്മൾ പറയുന്നത് ശരിയെന്ന് അതിഥികളെ ബോദ്ധ്യപ്പെടുത്തുകയല്ല ആത്യന്തിക ലക്ഷ്യം.പരസ്പരം ആശയങ്ങൾ പങ്കുവയ്ക്കുക യാണ്. മിനുട്ട് ചെയ്ത ചർച്ച നിർവ്വാഹകസമിതിക്കുവേണ്ടി ജനറൽ സെക്രട്ടറിക്ക് അയച്ചുതരണം.


ജനകീയശാസ്ത്രപ്രസ്ഥാനത്തിന്റെ സമകാലികപ്രസക്തി.

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയിലേയ്ക്കും ശാസ്ത്രസാഹിത്യ പരിഷത്ത് അറുപതാം വാര്‍ഷികത്തിലേയ്ക്കും കടന്നിരിക്കയാണ്.ഈയവസരത്തില്‍ ഇന്ത്യയിലേയും കേരളത്തിലേയും ശാസ്ത്ര സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ മാറ്റങ്ങളെ മുന്‍നിര്‍ത്തി പരിഷത്തിന്റെ പ്രസക്തിയും പരിമിതികളും സാധ്യതകളും കേരളസമൂഹവുമായി സംവദിക്കണമെന്ന് കരുതുന്നു.അത്തരം സംവാദങ്ങളിലൂടെ കേരളസമൂഹം പരിഷത്തിനെ എങ്ങനെ നോക്കിക്കാണുന്നുവെന്ന് മനസ്സിലാക്കാനും തദനുസൃതമായ മാറ്റങ്ങള്‍ വരുത്തി പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താനും ഉദ്ദേശിക്കുന്നു.

ജനകീയശാസ്ത്രപ്രസ്ഥാനങ്ങള്‍ പൊതുവേ സമൂഹത്തിൽ ചില സവിശേഷധര്‍മങ്ങൾ നിര്‍വഹിച്ചു പ്രവര്‍ത്തിക്കുന്ന സംഘടനകളാണ്. ശാസ്ത്രബോധത്തോടെയുള്ള ജീവിതരീതി പിന്തുടരുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയാണ് ഇവയുടെ ലക്ഷ്യം.അതിനായി ബഹുമുഖമായ പ്രവർത്തനങ്ങളും ബോധവത്കരണ ശ്രമങ്ങളും മാത്രമല്ല ശാസ്ത്രനേട്ടങ്ങളെ വികസനരംഗങ്ങളില്‍ പ്രയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ ജനപക്ഷത്തു നിന്ന് പരിശോധിക്കാനും പരിഹരിക്കാനും ജനകീയശാസ്ത്രപ്രസ്ഥാനങ്ങള്‍ ശ്രമിക്കുന്നു. ഇന്ത്യയെപ്പോലുള്ള ദരിദ്രരാജ്യങ്ങളില്‍ ഇത്തരം ബഹുമുഖ ഇടപെടലുകൾ കൂടുതല്‍ പ്രസക്തമാണ്.കാരണം അവിടങ്ങളില്‍ ഭരണ കൂടം ഏര്‍പ്പെടുത്തുന്ന ഔപചാരിക വിദ്യാഭ്യാസസംവിധാനങ്ങളുടെയും വിജ്ഞാനപ്രചാരണത്തിന്റെയും സൗകര്യങ്ങള്‍ തീരെ അപര്യാപ്തമാണ്.അത്തരം ഭരണകൂടസംവിധാനങ്ങൾ പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്നുള്ള വസ്തുനിഷ്ഠപരിശോധനകൾക്കും ഇടപെടലുകൾക്കും വിധേയയമാമാക്കപ്പെടുന്നുമില്ല. ചുരുക്കത്തിൽ ഒരു പുതിയസമൂഹത്തെ സൃഷ്ടിക്കാനുള്ള വിമർശനപരമായ ബോധനരീതിയുടെ അഭാവം പ്രകടമാണ്.അതി നാല്‍ ശാസ്ത്രീയമായ അറിവുകളും ശാസ്ത്രത്തിന്റെ രീതിയും ജനങ്ങളുടെ ഇടയിൽ പ്രചരിപ്പിക്കുന്ന സംഘടനകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത് ശാസ്ത്രപ്രവര്‍ത്തകരില്‍ മാത്രമല്ല ജനങ്ങൾക്കിടയിലും ശാസ്ത്രബോധം വ്യാപിപ്പിക്കാനും ശാസ്ത്രപ്രചാരണം വഴി സമൂഹത്തില്‍ നടക്കേണ്ട ജനാധിപത്യമതേതരവല്‍കരണത്തിന് അനുകൂലമായ അന്തരീക്ഷമൊരുക്കാനും കഴിയുന്നു.

 

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പുനര്‍നിര്‍മാണത്തിലേക്കായി ശാസ്ത്രസംവിധാനങ്ങളുടെയും വിവിധ സ്ഥാപനങ്ങളുടെയും രൂപീകരണം, രാജ്യത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭരായ ശാസ്ത്രജ്ഞരെ കണ്ടെത്തി അതിനുള്ള ഉത്തരവാദിത്തം ഏല്പിക്കല്‍, സര്‍വോപരി ശാസ്ത്രബോധം പ്രചരിപ്പിക്കല്‍ എന്നിവയൊക്കെ ഔദ്യോഗിക ശാസ്ത്രനയ (1958)ത്തിന്റെയും പിന്നീട് ഭരണഘടനയുടെയും (1976) ഭാഗമാക്കി നടപ്പാക്കിയ രാജ്യമാണ് ഇന്ത്യ. ആദ്യപ്രധാനമന്ത്രി ജഹവര്‍ലാല്‍ നെഹൃവിന്റെ ഈ രംഗത്തെ സംഭാവനകളും ശ്രദ്ധേയ മാണ്.ശാസ്ത്രീയ മനോഭാവം എന്നൊരു പുതിയ പ്രയോഗം തന്നെ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ഭരണഘടന യുടെ രൂപീകരണത്തിൽ ഉൾച്ചേർന്നിരുന്ന ശാസ്ത്രബോധവും മതനിരപേക്ഷതയുമാണ് പിൽക്കാലത്ത് ആമുഖ ത്തിൽ എഴുതി ചേർക്കപ്പെട്ടതും നിർദേശകതത്വങ്ങൾ ഉൾക്കൊള്ളുന്ന ഭരണഘടനയുടെ അനുച്ഛേദം 51 (A)(h)ല്‍ ശാസ്ത്രാവബോധവും മാനവികതയും അന്വേഷണാത്മകതയും പരിഷ്‌കരണവാഞ്ചയും വളര്‍ത്തുക എന്നത് ഇന്ത്യയിലെ ഏതൊരു പൗരന്റേയും കടമയാണ്എന്നു കൂട്ടിച്ചേർക്കപ്പെട്ടതും.

ശാസ്ത്രസംവിധാനങ്ങളുടെ കാര്യത്തില്‍ സ്വതന്ത്രഇന്ത്യ ഏറെ മുന്നേറിയിട്ടുണ്ട്.എന്നാല്‍ ശാസ്ത്രത്തിന്റെ രീതി ജീവിതത്തില്‍ ഉള്‍ക്കൊള്ളുന്നതും ജീവിതവീക്ഷണമാക്കുന്നതും ഒരു അക്കാദമിക ചര്‍ച്ചാവിഷയമെന്ന തിലുപരി സമൂഹത്തിലേക്ക് ഇനിയും ഇറങ്ങിവന്നിട്ടില്ല.അതുകൊണ്ടുതന്നെ ജനങ്ങളുടെ പൊതുമനോഭാവം അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൂടിക്കുഴഞ്ഞാണ് രൂപപ്പെടുന്നത്. ഇതിന്റെ ഫലമായി ഭരണഘടനയു ടെ പിന്‍ബലമുള്ള മതേതരചിന്തകള്‍ക്ക് പകരം മതാധിഷ്ഠിത രാഷ്ട്രീയത്തിന്റെയും ക്രമത്തില്‍ മതാധിഷ്ഠിത ഭര ണത്തിന്റെ തന്നെയും പ്രതിസ്ഥാപനത്തിന്ന് കളമൊരുങ്ങുകയാണ്.ഡോ.പുഷ്പ ഭാര്‍ഗവ പറഞ്ഞതുപോലെ ശാസ്ത്രീയപരിഹാരം വേണ്ട സാമൂഹ്യപ്രശ്‌നങ്ങളില്‍ ഇടപെടാന്‍ തയ്യാറാവാത്ത ഇന്ത്യയിലെ ശാസ്ത്രസമൂഹ ത്തിന് ഈ മാറ്റത്തില്‍ ഒരു പങ്കുണ്ടെങ്കിലും,” പ്രധാന പങ്ക് ഭരണകൂടത്തിന്റെ പിന്‍ബലത്തോടെയുള്ള ശാസ്ത്ര വിരുദ്ധതയുടെ നിര്‍വഹണവും അന്ധവിശ്വാസങ്ങളുടെ പ്രചാരണവും തന്നെയാണ്.

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ കപടശാസ്ത്രങ്ങള്‍ ഉള്‍ക്കൊള്ളിക്കുക,ശാസ്ത്രത്തിന്റെ ദേശീയവേദികളില്‍ അടിസ്ഥാനരഹിതമായ അവകാശവാദങ്ങള്‍ ഉന്നയിക്കുക,യുക്തിക്ക് നിരക്കാത്ത കാര്യങ്ങളെ ശാസ്ത്രത്തിന്റെ പേരില്‍ പ്രചരിപ്പിക്കുക,ശാസ്ത്രഗവേഷണത്തിന്നുള്ള ധനസഹായം വെട്ടിക്കുറക്കുക,ഗവേഷണങ്ങളെ കമ്പനിക ളുമായി കച്ചവടാടിസ്ഥാനത്തിൽ ബന്ധിപ്പിക്കുക എന്നിവയൊക്കെ ശാസ്ത്രബോധത്തിന്റെ നിരാകരണത്തിനു തന്നെ ഇടയാക്കുന്നു.ശാസ്ത്രബോധത്തെ ഒരു ചിന്താപദ്ധതിയായി ഭരണഘടന അംഗീകരിച്ച ഒരു രാജ്യത്താണ് ഇങ്ങനെയൊക്കെ നടക്കുന്നത്.കേന്ദ്രത്തിന്റെ പരിഗണനയിലിരിക്കുന്ന പുതിയ വിദ്യാഭ്യാസനയം പൂര്‍ണമായി നടപ്പാക്കുന്നതോടെ ഈ പറഞ്ഞ എല്ലാറ്റിന്നും ഔദ്യോഗിക സ്ഥിരീകരണമായേക്കും.ഇന്ത്യയില്‍ ഇങ്ങനെ സംഭവിക്കുന്നത് ലോകജനസംഖ്യയുടെ 20% ത്തിന്റെ വിമര്‍ശനാവബോധത്തെയാണ് ദുര്‍ബലപ്പെടുത്തുകയെ ന്നതും തിരിച്ചറിയണം.അത് ലോകത്തിനുതന്നെ ഉണ്ടാക്കുന്ന സാമൂഹ്യനഷ്ടം വളരെ വലുതായിരിക്കും. മറ്റൊ രർത്ഥത്തിൽ മനുഷ്യരാശിയെ നൂറ്റാണ്ടുകൾ പിന്നോട്ടുനടത്താൻ അതിനാവും.ദുരിതമനുഭവിക്കുന്ന അനവധി തലമുറകളുടെ ഉയർത്തെഴുന്നേല്പിനുള്ള പ്രതീക്ഷകളയിരിക്കും അതുവഴി നിരാകരിക്കപ്പെടുക.

കേരളത്തിലാകട്ടെ അടിത്തട്ടില്‍നിന്ന് വളര്‍ന്നുവന്ന സാമൂഹികപരിഷ്‌കരണപ്രസ്ഥാനങ്ങളും ജാതിവിരുദ്ധ പ്രതിരോധസമരങ്ങളും തൊഴിലാളികര്‍ഷകപ്രസ്ഥാനങ്ങളും ചേര്‍ന്ന് നടത്തിയ പ്രക്ഷോഭങ്ങളിലൂടെയെ ലലാം പൊതുജനാധിപത്യ ഇടങ്ങളുടെ വികാസം ശക്തിപ്പെട്ടിരിക്കുന്നു. ഇതുവഴി നവോത്ഥാനചിന്തകളുടെ വികാ സത്തിന്നും കുറെയൊക്കെ ഇടയായിട്ടുണ്ട്.ഈ മുന്നേറ്റമാണ് തുടർന്നു വന്ന ഭരണസംവിധാനങ്ങൾക്കു വഴികാ ട്ടിയായതും ഒരു പരിധിവരെ നിരവധി സാമൂഹ്യനേട്ടങ്ങൾ ഉണ്ടാക്കുന്നതിനു സംസ്ഥാനത്തെ പ്രാപ്തമാക്കിയ തും.ആ തരത്തിൽ നോക്കുമ്പോൾ നിരവധി സാമൂഹ്യ വികസന സൂചകങ്ങളിൽ കേരളം ഇന്ത്യയിൽ വളരെ മുന്നിലാണെന്നതു കാണാം.വിദ്യാഭ്യാസം,ആരോഗ്യം,വികേന്ദ്രീകൃതവികസനം,സ്ത്രീമുന്നേറ്റം ഇങ്ങനെ വിവിധ മേഖലകളിൽ ഒട്ടേറെ നേട്ടങ്ങൾ കേരളത്തിന് അവകാശപ്പെടാം.ഈ നേട്ടങ്ങൾ ഇന്ത്യയിലെ ഇന്നത്തെ സാമൂഹ്യരാഷ്ട്രീയ സാഹചര്യത്തിൽ പ്രതീക്ഷയുടെ ഒരിടമായി കേരളത്തെ വ്യത്യസ്തമാക്കുന്നുമുണ്ട്.

എന്നാൽ കേരളസമൂഹത്തെ സൂക്ഷ്മമായി വിലയിരുത്തുന്ന ആർക്കും പുറമെയുള്ള ഈ നേട്ടങ്ങൾക്കു ള്ളിൽ ഒളിഞ്ഞിരിക്കുന്ന വൈരുദ്ധ്യങ്ങളെ കാണാതിരിക്കാനാവില്ല.അടിയന്തിരമായി അഭിസംബോധന ചെയ്യപ്പെട്ടില്ലെങ്കിൽ നേട്ടങ്ങളെ നിഷ്പ്രഭമാക്കാൻ കെൽപ്പുള്ളവയാണവ.നവോത്ഥാനപ്രസ്ഥാനങ്ങളും മേൽ സൂചിപ്പിച്ച സാമൂഹ്യമുന്നേറ്റങ്ങളും പ്രധാനമായും മതജാതിനാടുവാഴി അധീശത്വത്തിന്നെതിരെയുള്ളവയായിരു ന്നു.എന്നാല്‍ മെച്ചപ്പെട്ടൊരു ശാസ്ത്രപാരമ്പര്യം,അത് ഗണിതത്തിലായാലും ജ്യോതിശാസ്ത്രത്തിലായാലും ആയുര്‍വേദത്തിലായാലും; കേരളത്തിനുണ്ട്.എന്നിട്ടും കേരളീയസമൂഹത്തില്‍ ശാസ്ത്രത്തിന്റെ രീതിയും ശാസ്ത്രാ വബോധവും പ്രബലമായി രൂപപ്പെട്ടുവന്നിട്ടില്ല.വിദ്യാഭ്യാസത്തിൽ ശാസ്ത്രപഠനം തുടരുമ്പോഴും ശാസ്ത്രഗവേഷ ണം വിപുലപ്പെടുമ്പോഴും ജനമനസ്സുകളില്‍ ജാതിചിന്തയും അന്ധവിശ്വാസങ്ങളും നിലനിന്നുവരുന്നു. ശാസ്ത്ര ഗവേഷകര്‍ കൂടിയെങ്കിലും ശാസ്ത്രപ്രചാരകര്‍ ഉണ്ടായില്ല.ഒപ്പംതന്നെ സേവനരംഗങ്ങളിലെ കച്ചവടം നയിക്കുന്ന ആള്‍ദൈവകൂട്ടങ്ങള്‍,വിദ്യാഭ്യാസകച്ചവടസമുച്ചയം പടുത്തുയര്‍ത്തുന്ന തീവ്രമതസംഘടനകള്‍, പാരമ്പര്യത്തി ന്റെ പേരില്‍ പൊടിതട്ടി ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒട്ടേറെ ആചാരണങ്ങൾ,സ്വർണഭ്രമത്തിനു കുടപിടിക്കുന്ന അക്ഷയതൃതീയ,എളുപ്പം പണമുണ്ടാക്കാനുള്ള ഒരുപാട് ജ്യോതിഷയന്ത്രങ്ങൾ ഇങ്ങനെയുള്ള നിരവധി കച്ചവട സംരംഭങ്ങള്‍ എന്നിവയൊക്കെ ഈ സമൂഹത്തിൽ അരങ്ങേറുന്നു.ലോകമാകെ ഒരു മഹാമാരിയില്‍ അകപ്പെട്ട് ഒരു വര്‍ഷത്തിന്നിടയില്‍തന്നെ പ്രതിരോധകുത്തിവെപ്പ് വഴി രോഗനിയന്ത്രണം സാധ്യമാക്കാനും അതിന്റെ നേട്ടങ്ങള്‍ അനുഭവിക്കാനും കഴിയുമ്പോള്‍ തന്നെ ആ പ്രക്രിയയിലെ ശാസ്ത്രസംഭാവനകളെ അംഗീകരിക്കാന്‍ തയ്യാറാകാത്ത അഭ്യസ്തവിദ്യരുടെ ഒരു സംഘംതന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ചുരുക്കത്തിൽ കേരളം ഇന്നെത്തിനില്‍ക്കുന്നത് ഒരുതരം ഉത്തരാധുനിക, ജനവിരുദ്ധ,സംഘടനകള്‍ക്കതീതമായ ചിന്തയിലും, സയന്റിസത്തിലും പലതരം സ്വത്വവാദങ്ങളിലും അഭിരമിക്കുന്ന ഒരു ന്യുനപക്ഷം നിർമിക്കുന്ന പൊതുബോധത്തിലുമാണ്. തത്വചിന്തയും പ്രത്യയശാസ്ത്രങ്ങളുൾപ്പടെയുള്ള എല്ലാ സാമൂഹിക വിശ കലനങ്ങളെയും ആഖ്യാനങ്ങളെയും സംശയത്തോടെകാണുന്ന ഉത്തരാധുനികതയ്ക്ക് ശാസ്ത്രവും മറ്റൊരു ആഖ്യാ നം മാത്രമാണ്.വൈകാരികതയിലൂന്നുന്ന സ്വത്വബോധങ്ങളിലാണ് അത് വ്യാഖ്യാനങ്ങൾ ചമയ്ക്കുന്നത്. എല്ലാ പ്രശ്നങ്ങളും ശാസ്ത്രം പരിഹരിക്കും എന്നുള്ള അരാഷ്ട്രീയമായ ശാസ്ത്രമാത്ര വാദമാണ് സയന്റിസത്തിന്റെ അന്തർ ധാര.കേരളത്തിന്റെ നേട്ടങ്ങൾക്കു നിദാനമായി അമർത്യാസെൻ സെൻ ചൂണ്ടിക്കാണിക്കുന്ന സോഷ്യൽ ആക്ഷൻ‘ – സാമൂഹിക ഇടപെടലുകളെ പൊതുവിൽ മേല്പറഞ്ഞ ചിന്താഗതികൾ നിരാകരിക്കുന്നു.വലതുപക്ഷ രാഷ്ട്രീയത്തിനു അനുഗുണമായ അത്തരം ചിന്തകൾ വർത്തമാന ഇന്ത്യൻ പ്രതിലോമ രാഷ്ട്രീയത്തിനു വഴിയൊ രുക്കുന്ന വാതായനങ്ങളാണ്.

അതേസമയം ശാസ്ത്രസാഹിത്യ പരിഷത്ത് രൂപവത്കരിക്കപ്പെട്ട 1960കള്‍ പ്രതീക്ഷാനിര്‍ഭരമായൊരു കാലമായിരുന്നു.ആസൂത്രണത്തിലൂടെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞ സോഷ്യലിസ്റ്റ് രാജ്യ ങ്ങള്‍, സംഘടിത വിലപേശല്‍ശേഷിയെ അംഗീകരിച്ചുകൊണ്ട് ജനാധിപത്യത്തില്‍ ഊന്നി പ്രവര്‍ത്തിച്ച മുതലാളിത്തരാജ്യങ്ങള്‍ എന്നിവയൊക്കെ വലിയ പ്രതീക്ഷയായിരുന്നു.ഇന്ത്യയാണെങ്കില്‍ ശാസ്ത്രത്തിന്റെ അടിത്തറയില്‍ ആസൂത്രണത്തിന്ന് ഊന്നല്‍ കൊടുത്ത നെഹ്‌റുവിയന്‍ കാലത്തിലൂടെ കടന്നുപോവുകയായി രുന്നു.പുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് ഭാവിയില്‍ പലരംഗത്തും മേല്‍ക്കൈ ലഭിക്കും എന്നുവരെ പ്രതീക്ഷ ഉണ്ടാ യിയരുന്നു.അത്തരം പ്രസ്ഥാനങ്ങള്‍ക്കുള്ള മുന്‍തൂക്കം അറിവിന്റെ പ്രചാരണത്തിനനുകൂലമായ ഒരന്തരീക്ഷം കേരളത്തില്‍ സൃഷ്ടിച്ചിരുന്നു.”ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്എന്ന പരിഷദ് മുദ്രാവാക്യം തന്നെ ഇത്തരം അനുഭവങ്ങളിലൂടെയാണ് രൂപപ്പെട്ടുവന്നത്.ജനങ്ങൾ ശാസ്ത്രീയമായി ചിന്തിക്കുന്നതും ഭരണകൂടം പഠനങ്ങളും തെളിവുകളും അടിസ്ഥാനമാക്കി നയരൂപീകരണം നടത്തുകയും ചെയ്യുന്ന മനുഷ്യതുല്യതയിൽ അധിഷ്ഠിതമായ ജനാധിപത്യ സമൂഹത്തിന്റെ ആവിർഭാവമാണ് പരിഷത്ത് ആ മുദ്രാവാക്യത്തിലൂടെ ലക്ഷ്യമിട്ടത്.

ഈ അന്തരീക്ഷത്തില്‍നിന്നൊക്കെ ഊര്‍ജം സംഭരിച്ചാണ് പരിഷത്ത് വളര്‍ന്നത്.അതുകൊണ്ടുതന്നെ കേവലശാസ്ത്രപ്രചാരണത്തിന്ന് പുറമെ ശാസ്ത്രത്തിന്റെ ദുരുപയോഗവും ദുര്‍വിനിയോഗവും തുറന്നു കാണിക്കല്‍, രാഷ്ട്രീയസാമൂഹിക വെല്ലുവിളി നേരിടാന്‍ ജനങ്ങളെ ശാസ്ത്രത്തിന്റെ ആയുധം നല്‍കി സജ്ജമാക്കല്‍ ബദല്‍ സംവിധാനങ്ങള്‍ വികസിപ്പിക്കല്‍ എന്നിവയൊക്കെ നടത്താന്‍ കഴിഞ്ഞു.

തുടര്‍ന്ന് വിവരവിനിമയം,സാക്ഷരത,വിദ്യാഭ്യാസം,ആരോഗ്യം,പരിസ്ഥിതി,വികസനം,ലിംഗസമത്വം സംസ്‌കാരം,കൃഷി ഗ്രാമീണസാങ്കേതികവിദ്യാവികസനം എന്നിങ്ങനെ വിവിധരംഗങ്ങളിലായി പരിഷത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടയില്‍ ഈ രംഗത്തെല്ലാം വലിയ സംഭാവന ചെയ്യാന്‍ പരിഷത്തിന്ന് കഴിഞ്ഞിട്ടുണ്ടെന്നും ഞങ്ങള്‍ കരുതുന്നു.അതിന്നായി സ്വീകരിച്ചിരുന്ന ശാസ്ത്രസാഹി ത്യപ്രചാരണം,ശാസ്ത്രകലാജാഥ എന്നിവയും പുതുമയാര്‍ന്നതായിരുന്നു.ഈ പ്രവര്‍ത്തനങ്ങളിലെല്ലാം ഒരു ജന പക്ഷനയം രൂപപ്പെടുത്താനും പരിഷത്തിന്ന് കഴിഞ്ഞിട്ടുണ്ടെന്നാണ് ഞങ്ങളുടെ വിലയിരുത്തല്‍.അധ്വാന ത്തിന്റെ മഹത്വത്തിലും മൂല്യത്തിലുമാണ് പരിഷത്ത് വിശ്വസിക്കുന്നത്.സമ്പത്തിന്റെ അടിസ്ഥാനവും അധ്വാന മാണ്.മാനുഷികമായ എല്ലാ മേഖലകളിലുമുള്ള പ്രവര്‍ത്തനങ്ങളുടെ വൈവിധ്യത്താല്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ,വിദ്യാര്‍ത്ഥി മുതല്‍ ശാസ്ത്രജ്ഞര്‍ വരെ,കൈവേലക്കാർ മുതൽ പ്രൊഫഷണലുകൾവരെ, പരിഷത്തിനെ ഉള്‍ക്കൊള്ളാന്‍ കഴിയും.അവര്‍ക്കെല്ലാം പരിഷത്തിന്റെ പ്രവര്‍ത്തകരാകാനും കഴിയും. ജെൻഡർ വൈവിധ്യത്തിലൂന്നുന്ന ലിംഗതുല്യത(ജൻഡർ ഇക്വാളിറ്റി)പരിഷത്തിന്റെ നയമാണ്. പൊതുവില്‍ ഇടത്തരക്കാര്‍ക്ക് മുന്‍തൂക്കമുള്ള സംഘടനയാണെങ്കിലും അംഗങ്ങളുടെ വര്‍ഗസ്വഭാവമല്ല, സംഘടനാ നിലപാടിന്റെ വര്‍ഗസ്വഭാവമാണ് പരിഷത്ത് പ്രവര്‍ത്തനങ്ങളെ നയിക്കുന്നത്.അതുകൊണ്ടുതന്നെഎക്കാല ത്തും ബോധപൂര്‍വം ദരിദ്രപക്ഷം ചേര്‍ന്നുനില്‍ക്കുന്ന നിലപാടായിരുന്നു പരിഷത്ത് കൈക്കൊണ്ടത്.

എന്നാല്‍, പരിഷത്ത് രൂപപ്പെട്ട ആഗോള ദേശീയസാമൂഹ്യരാഷ്ട്രീയ അന്തരീക്ഷമല്ല ഇന്നുള്ളത്.പല പ്രതീക്ഷകളും അസ്ഥാനത്തായിരിക്കുന്നു.വിരലിലെണ്ണാവുന്ന കുത്തകകൾക്ക് സമ്പത്ത് കുന്നുകൂട്ടുന്നതിനു ഭര ണകൂടം തന്നെ കൂട്ടുനിൽക്കുന്ന കാഴ്ച്ചയാണ് ദേശീയതലത്തിൽ കാണുന്നത്.ലാഭകരമായി നടന്നിരുന്ന എല്ലാം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുത്ത് കുത്തകകളുടെ സമ്പത്ത് വർദ്ധിപ്പിക്കുന്നതും ലാഭകരമല്ലാത്ത മേഖ ലകളിൽ കേന്ദ്രസംസ്ഥാനസർക്കാരുകൾ പശ്ചാത്തല സൗകര്യങ്ങൾക്കായി വൻതോതിൽ മൂലധനം മുടക്കു ന്നതും കാണാം.ഇതിനായി തൊഴില്‍പരിസ്ഥിതിനിയമങ്ങള് ‍കോര്‍പറേറ്റുകള്‍ക്കനുകൂലമായി ഉടച്ചുവാര്‍ക്കുക മാത്രമല്ല ഭരണഘടന നൽകുന്ന സംസ്ഥാനങ്ങളുടെ ഫെഡറൽ അധികാരങ്ങൾ കവർന്നെടൂത്ത് അവയെ ഭരണ പരവും രാഷ്ട്രീയവും സാമ്പത്തികവുമായി അസ്ഥിരപ്പെടുത്താനും ശ്രമങ്ങൾ നടക്കുന്നു.ഗ്രാമീണജനങ്ങളും തൊഴി ലെടുക്കുന്നവരും കൂടുതൽ അരക്ഷിതരാവുമ്പോഴും തെറ്റായ കണക്കുകളും വ്യാഖ്യാനങ്ങളുമായി സാമ്പത്തിക വളർച്ചയുടെ മിഥ്യാധാരണ സൃഷ്ടിക്കുന്നു.ജനങ്ങളിൽനിന്നും ഉയരുന്ന പ്രധിഷേധങ്ങളെ മതപരമായ ഭിന്നിപ്പു പരത്തി നിർവീര്യമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.ആഗോളമായി നോക്കിയാൽ പഠനങ്ങൾ കാണിക്കു ന്നത് ലോകം കലാവസ്ഥാമാറ്റത്തിന്റെ വലിയ ഭീഷണിയാണ് അഭിമുഖീകരിക്കാൻ പോകുന്നത് എന്നാണ്. ലോകത്ത് കാലാവസ്ഥാമാറ്റം ഏറ്റവും പ്രതികൂലമായി ബാധിക്കാനിടയുള്ള പ്രദേശങ്ങളിലൊന്നാണ് കേരളം എന്ന് ഞങ്ങൾ തിരിച്ചറിയുന്നു.ഇതിനോടൊപ്പമാണ് കേന്ദ്രസർക്കാരിന്റെ അധിനിവേശ രാഷ്ട്രീയ തന്ത്രങ്ങൾ കേരളം ചെറുക്കേണ്ടിവന്നിരിക്കുന്നത് എന്ന യാഥാർഥ്യവും കാണേണ്ടതുണ്ട്.

കേരളത്തിലെ പുരോഗമനപ്രസ്ഥാനങ്ങളോ പരിഷത്തോ ഈ കാലഘട്ടത്തിൽ ദുര്‍ബലപ്പെട്ടിരിക്കുന്നു എന്നു പറയാനാവില്ല.എങ്കിലും പരിഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മതിയാകുന്നില്ല എന്നതാണ് ഞങ്ങള്‍ നേരിടു ന്ന പ്രധാന വിമര്‍ശനം.അതേസമയം പ്രതീക്ഷ നല്‍കിയ സാഹചര്യങ്ങള്‍ ദുര്‍ബലപ്പെട്ടതോടെ ശാസ്ത്രബോധ ത്തിന്നും പുരോഗമനചിന്തകര്‍ക്കുമെതിരായ ഒരുതരം കയ്യേറ്റംതന്നെ ശക്തിപ്പെട്ടിരിക്കുന്നു.ഇതിന്നായി ശാസ്ത്ര വിരുദ്ധതയും മതസമുദായവല്‍കരണത്തിന്റെ ജീര്‍ണതയുമാണ് പണത്തിന്റെ മാസ്മരികതയുടെ പിന്‍ബലമുള്ള തത്പരകക്ഷികള്‍ ഉപയോഗിക്കുന്നത്.അതിന്റെ ഫലമായി 1970 കളിലും 1980 കളിലും കേരളത്തിലുണ്ടായതു പോലുള്ള സിനിമ നാടകം,കഥ,കവിത എന്നീ രംഗങ്ങളിലെ സര്‍ഗാത്മക ഇടപെടലുകളിലേക്കൊന്നും തിരിഞ്ഞുനോക്കാന്‍ കഴിയാതായിരിക്കുന്നു.ഇനിയൊരു നിര്‍മാല്യംസിനിമ പിടിക്കാന്‍ കഴിയുമോ?സ്‌കൂള്‍കോളേജ് പാഠ്യപദ്ധതികള്‍ക്ക് തീര്‍പ്പുകല്പിക്കുന്നത് മതമേലധ്യക്ഷന്മാരും പുരോഹിതന്മാരുമായി മാറിക്കൊ ണ്ടിരിക്കുകയാണ്.പുതിയതലമുറയില്‍ ധാര്‍മികതവര്‍ധിപ്പിക്കുന്നതിനാണത്രെ ഇത്. മാധ്യമചര്‍ച്ചകള്‍ നടക്കു ന്നത് ശാസ്ത്രവിരുദ്ധതയ്ക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്ന രീതിയിലാണ്.പുതുനാമ്പുകളെ മുളയിലേ നുള്ളുകയാണ്. പുരോഗമനാശയങ്ങള്‍ അമ്പുപോലെ തുളച്ചുകയറുന്നതിന്ന് പകരം പ്രയോഗിച്ചവര്‍ക്കെതിരെ ബൂമറാങ്ങ്ചെയ്യുന്ന സ്ഥിതിയാണ്.മിക്ക സാംസ്‌കാരികപ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയമുന ഒടിഞ്ഞിരിക്കുന്നു.

ഈ സാഹചര്യത്തില്‍ ജനങ്ങളില്‍ ശാസ്ത്രീയമനോഭാവം വളര്‍ത്തുക, ജനാധിപത്യമതനിരപേക്ഷ മൂല്യ ങ്ങളെ ശക്തിപ്പെടുത്തുക,ശാസ്ത്രസാങ്കേതികമേഖലയിൽ സ്വയംപര്യാപ്തത നേടുക, എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളില്‍ കേരളീയസമൂഹം ആവശ്യപ്പെടുന്ന രീതിയില്‍ ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ പരിഷത്തിന് കഴിയു ന്നില്ലെന്ന് സ്വയം വിമര്‍ശനാത്മകമായി ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു.അങ്ങനെ വരുന്നത് നാട്ടിലാകെ നടക്കുന്ന സാമൂഹ്യവും പരിസ്ഥിതികവുമായ അവകാശസമരങ്ങളിലേക്ക് അറിവിന്റെ നിർമാണം വഴി ശാസ്ത്രത്തിന്റെ ആയുധമെത്തിക്കാന്‍ കഴിയാതാകുന്നുണ്ട്.ഈ അവസ്ഥയുടെ പരിണിതഫലമാണ് സംഘടിതസമരങ്ങളുടെ നേട്ടങ്ങള്‍ അനുഭവിക്കുന്നവര്‍പോലും സമൂഹത്തില്‍ പ്രചരിക്കുന്ന ശാസ്ത്രവിരുദ്ധതയില്‍നിന്നോ യുക്തിനിഷേധ ത്തില്‍നിന്നോ മുക്തരാകുന്നില്ലെന്ന യാഥാർഥ്യം.ഇതുമാത്രമല്ല പലപ്പോഴും ഇവയൊക്കെയുമായി സന്ധിചെയ്യാ ന്‍ പുരോഗമനപ്രസ്ഥാനങ്ങള്‍പോലും നിര്‍ബന്ധിതരാകുന്നുമുണ്ട്.ഇത്തരം സന്ധിചെയ്യലുകൾ ചിലപ്പോഴൊ ക്കെ ശാസ്ത്രവിരുദ്ധതയായിപോലും മാറുന്നുണ്ട്.ഇതൊക്കെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ ദോഷങ്ങളാ യി സമൂഹത്തിൽ പരിണമിക്കാൻ ഇടയുണ്ട്.

ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും ലോഹവിദ്യയിലും ഒക്കെ വലിയ സംഭാവനകൾ ചെയ്ത ഒരു ശാസ്ത്രപാരമ്പര്യം കേരളത്തിനുണ്ട്.എന്നാൽ കേരളത്തില്‍ കരുത്താര്‍ജിച്ചുവന്ന ശാസ്ത്രവിരുദ്ധശക്തികള്‍ കേരള ത്തിന്റെ തന്നെ ശാസ്ത്രപാരമ്പര്യത്തെപ്പോലും നിഷേധിക്കുന്നവരും നശിപ്പിക്കുന്നവരുമാണ്.കപടശാസ്ത്ര ഉപാ ധികളെ,ആധുനിക ശാസ്ത്രത്തിന്റെ ഭാഷയും സാങ്കേതങ്ങളുമുപയോഗിച്ച് കച്ചവടംചെയ്യുകയാണ് ഒരു കൂട്ടർചെയ്യു ന്നത്. ഇത്തരം കച്ചവടക്കാരില്‍നിന്നുള്ള പരസ്യങ്ങൾ വരുമാനം നൽകുന്നതിനാൽ ഇതിനെല്ലാം നല്ല പ്രചാര ണമാണ് മാധ്യമങ്ങള്ളും നല്‍കുന്നത്.ശാസ്ത്രവിരുദ്ധതമാത്രമല്ല സവർണബോധം പേറുന്നവയുമാണ് ഇത്തരം പരസ്യങ്ങൾ എന്നും കാണേണ്ടതുണ്ട്.

ശാസ്ത്രബോധത്തെയും ശാസ്ത്രത്തിന്റെ രീതിയേയും ജനങ്ങളുടെ പൊതു/നിത്യജീവിതത്തിന്റെ ഭാഗമാ ക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് കേരളത്തില്‍ നടക്കേണ്ടത്.ഇതിന്ന് സഹായകമായ പ്രവര്‍ത്തന പരിപാടികള്‍ കൂട്ടായി ഉണ്ടായിവരണമെന്ന് പരിഷത്ത് ആഗ്രഹിക്കുന്നു.ശാസ്ത്രവിരുദ്ധതയുടെ വക്താക്കള്‍ പണംകൊണ്ടും അധികാരംകൊണ്ടും ശക്തരാണ്.അതിനാല്‍ ഭൂരിപക്ഷം ജനങ്ങളെ പങ്കാളിയാക്കിയുള്ള കൂട്ടാ യ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഇവരുടെ ശക്തിയെ നേരിടാന്‍ കഴിയൂ.കേരളത്തില്‍ തന്നെ സാക്ഷരത, ജനകീയാസൂത്രണം പോലുള്ള പ്രവര്‍ത്തനങ്ങള്‍ വഴി ശക്തിപ്പെട്ടുവന്നത് ഒരു സവിശേഷലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമായിരുന്നില്ല ; മറിച്ച്, ജനങ്ങളുമായി കൂടുതല്‍ ബന്ധംസ്ഥാപിക്കാനും പൊതു/സാമൂഹ്യാവബോധത്തെ മെച്ചപ്പെടുത്താനുമുള്ള അവസരങ്ങള്‍ കൂടിയായിരുന്നു.അത്തരം സ്പിരിട്ടിനെ ഉള്‍ക്കൊള്ളാന്‍ കേരളസമൂഹത്തിന് ഇനിയും കഴിയേണ്ടതുണ്ട്.

വിശാലാടിസ്ഥാനത്തില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന തൊഴിലാളി, കര്‍ഷക,വനിത, യുവജന,വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളെപ്പോലെ തന്നെ ഇന്നത്തെ ഇന്ത്യയില്‍ ഏറെ പ്രസക്തമാണ് ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങളും. മറ്റ് പ്രസ്ഥാനങ്ങളിലേക്ക് കൂടി ശാസ്ത്രത്തിന്റെ രീതിയുടെയും അവബോധത്തിന്റെയും സാധ്യതകള്‍ എത്തിക്കാന്‍ ഈ പ്രസ്ഥാനങ്ങള്‍ തമ്മില്‍ തമ്മില്‍ പലതരം കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാക ണം.ഇവിടെ ഒരു ജനകീയശാസ്ത്രപ്രസ്ഥാനമായ പരിഷത്തിന്ന് എന്തൊക്കെ ചെയ്യാന്‍ കഴിയും? മറ്റ് പ്രസ്ഥാന ങ്ങള്‍ക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയും?ഇരുകൂട്ടര്‍ക്കും കൂട്ടായി എന്തൊക്കെ ചെയ്യണം? പരിഷത്ത് ഇതുവരെ കൈക്കൊണ്ട നിലപാടുകളെയും പ്രവര്‍ത്തനങ്ങളെയും ഭാവിയില്‍ ഏതുരീതിയില്‍ വികസിപ്പിക്കണം? ഇന്നത്തെ അവസ്ഥയെ നേരിടാന്‍ ഏതുതരം പ്രവര്‍ത്തനങ്ങളാണ് സമൂഹത്തിന്ന് ഏറ്റവും സ്വീകാര്യമാവുക? അതിന്റെ രീതിശാസ്ത്രമെന്തായിരിക്കണം?

സംവാദങ്ങളും ഒപ്പം സഹായസഹകരണങ്ങളും പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *