സെപ്റ്റംബർ ലക്കം ശാസ്ത്രഗതി തയ്യാറായി. ഈ മാസത്തെ തീം കുടുംബശ്രീ, പ്രത്യാശയുടെ വഴിഎന്നതാണ്. ‘കുടുംബശ്രീ ലോകബാങ്ക് സ്വയംസഹായ സംഘങ്ങൾക്ക് ബദൽഎന്ന ഡോ. തോമസ് ഐസക്കിൻറെ ലേഖനമാണ് ആദ്യത്തേത്. കുടുംബശ്രീ പദ്ധതിയുടെ ആവിർഭാവവും അതിലേയ്ക്ക് ദാരിദ്ര്യ നിർമാർജന പരിപാടി പ്രതിഷ്ഠിക്കപ്പെട്ടതും സമഗ്രമായി പരിഗണിക്കുന്നു. ശ്രീമതി ശാരദാ മുരളീധരൻ പ്രാദേശിക വികസനത്തിൽ കുടുംബശ്രീയുടെ പങ്ക് ഓർമ്മിക്കുന്നു. കുടുംബശ്രീ പ്രസ്ഥാനം ഭരണമികവിനു കാരണമാകുന്നതെങ്ങനെ എന്നും ലേഖനം ചർച്ചചെയ്യുന്നു. കുടുംബശ്രീ ജനനവും വികാസവും പരിണാമവും എന്ന ലേഖനം രചിച്ചത് ശ്രീ എൻ ജഗജീവനും ശ്രീ ബിനു ആനമങ്ങാടും ചേർന്നാണ്. കുടുംബശ്രീ രൂപീകരണവും വ്യാപനവും പഞ്ചായത്തുകളുടെ വികസനപ്രവർത്തനങ്ങളുടെ മുഖ്യഘടകമായി എങ്ങനെ മാറി എന്ന് വിവരിക്കുന്നു.

ഈ ലക്കത്തിൽ ചേർത്തിട്ടുള്ള ഡോ. എം. പി. പരമേശ്വരനുമായി നടന്ന സംഭാഷണം വ്യത്യസ്തതകൾ നിറഞ്ഞതാണ്. സയൻസ് തന്നെയാണ് ജീവിതം എന്ന സന്ദേശം സംഭാഷണത്തിൽ നിന്നുണ്ടാകുന്നു. പരിഷത്തിൻറെ ആദ്യകാല പ്രവർത്തങ്ങളും ദർശനവും അഭിമുഖത്തിൽ ചിട്ടയോടെ കടന്നുപോകുന്നതു കാണാം. ഡോ. എം.. ഉമ്മൻ തൻറെ ലേഖനത്തിൽ സാമൂഹികശാസ്ത്രത്തെ കുറിച്ചാണ് ചിന്തിക്കുന്നത്. സാമൂഹിക ശാസ്ത്രം മനുഷ്യവർഗത്തിൻറെ ഭാഗധേയം മുൻനിർത്തിയുള്ള അന്വേഷണമാണെന്ന ആശയം അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു. ‘ഉരുകിത്തീരാൻ വിടരുത് ഉറഞ്ഞ മണ്ണിടങ്ങളെഎന്ന ലേഖനത്തിൽ ഡോ. സി. എസ്. ഗോപകുമാർ ആഗോള കാലാവസ്ഥ, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങൾ ഉയർത്തുന്ന സംഘർഷങ്ങൾ പരിഗണിക്കുന്നു. ‘പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം പ്രതിസന്ധികളും പ്രതിവിധികളുംഅഡ്വ. നേഹ മിറിയം കുരിയൻ എഴുതിയ ലേഖനമാണ്.സുപ്രീം കോടതിയുടെ ഗോദവർമാൻ തിരുമുല്പാട് കേസിൽ ഉണ്ടായ നിർദേശത്തെ ചുറ്റിപ്പറ്റി ഉണ്ടായ പ്രതികരണങ്ങളെ ചർച്ചചെയ്യുന്നു.

സ്ഥിരം പംക്തികൾ ഇക്കുറിയും ചേർത്തിട്ടുണ്ട്. ശ്രീ എൻ ഇ ചിത്രസേനൻ അവതരിപ്പിക്കുന്ന പുതിയ പുസ്തകങ്ങൾ, ഡോ. ദീപ ക്യൂറേറ്റ് ചെയ്ത ശാസ്ത്രവാർത്തകളും നല്ല വായനാനുഭവം നൽകുന്നു. ഹരണഫലം പുതുകാലത്തെ സാമൂഹികാനുഭവം ചിത്രീകരിക്കുന്നു.

ഒക്ടോബർ ലക്കം ദന്താരോഗ്യം ഫോക്കസ് ചെയ്യുന്നു. ആറ് ലേഖനങ്ങൾ ഈ വിഷയത്തിൽ ഉൾപെടുത്താൻ സാധിക്കുമെന്ന് കരുതുന്നു. ലേഖനങ്ങൾ വന്നു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *