കെ സച്ചിദാനന്ദൻ വജ്രജൂബിലി സംസ്ഥാന സമ്മേളനത്തിൽ പി ടി ഭാസ്ക്കരപ്പണിക്കർ സ്മാരക പ്രഭാഷണം നടത്തുന്നു
ബഹുസ്വരതയും ഫെഡറിലസവും തിരിച്ചു പിടിക്കാൻ ശാസ്ത്രീയ കാഴ്ചപ്പാട് എല്ലാ മേഖലയിലും വളർത്തിയെടുക്കേണ്ടതുണ്ടെന്ന് സാഹിത്യ അക്കാദമി പ്രസിഡണ്ട് കെ സച്ചിദാനന്ദൻ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വജ്രജൂബിലി സംസ്ഥാന സമ്മേളനത്തിൽ പി ടി ഭാസ്ക്കരപ്പണിക്കർ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. “വിശ്വാസം, ശാസ്ത്രം, സമൂഹം” എന്ന വിഷയത്തിൽ ആയിരുന്നു പ്രഭാഷണം.
പാർശ്വവൽക്കരിക്കപ്പെടുന്നവർ കേന്ദ്രത്തിലേയ്ക്ക് എത്തുമ്പോഴാണ് നാം ജനാധിപത്യത്തിൻറ വക്കിൽ എത്തി എന്ന് പറയാനാവുക. നിരന്തരപ്രതിരോധത്തിലൂടെ രൂപപ്പെടുത്തേണ്ടതാണ് ജനാധിപത്യം. ഇതിനുള്ള ശാക്തീകരണത്തിന് ശാസ്ത്രബോധം അനിവാര്യമാണ്. ചരിത്രത്തിലും സാമൂഹ്യശാസ്ത്രത്തിലും ഉണ്ടാകേണ്ട കാഴ്ചപ്പാടാണ് ഇത്. സംവാദങ്ങളുടെ പാരമ്പര്യമാണ് ജനാധിപത്യത്തിന്റെ അടിത്തറ. ബഹുസ്വരത നിലനിർത്തിക്കൊണ്ട് മാത്രമെ ഫെഡറലിസം നിലനിർത്താനാവൂ.
സങ്കുചിത ദേശീയവാദം ഹിംസാത്മകമാകുന്നത് നാം ഓരോ നിമിഷവും കാണുന്നു. ദേശീയവാദത്തെ മർദ്ദോനോപകരണമാക്കുന്നു. ചോര തെറിപ്പിച്ച് ദേശീയഗാനം പാടിക്കുന്നു. ദേശീയവാദം ദേശസ്നേഹത്തിൽ നിന്ന് വ്യത്യസ്തമാണ്. ദേശസ്നേഹം സ്വാഭാവികമായ മനുഷ്യവികാരമാണ്. തങ്ങളുടെ സങ്കുചിത ദേശീയവാദത്തിൽ വിശ്വസിക്കാത്തവരെ പരദേശികളാക്കുന്നു. സാമൂഹികത, നൈതികത, ആത്മീയത എന്നിവ നഷ്ടപ്പെട്ട മതമാണ് വർഗ്ഗീയത. നൈതികത നഷ്ടപ്പെട്ട വിശ്വാസം അപകടകരമാണ്. ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന വാദം തെറ്റാണ്. മറ്റ് മതങ്ങൾ നൽകിയ സംഭാവനകളെ ക്രമേണ മായ്ച്ചു കളയുന്നു. ഇവിടെയാണ് വിശ്വാസം അപകടകരമാകുന്നതെന്ന് സച്ചിദാനന്ദൻ പറഞ്ഞു.
പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.ലിസി അദ്ധ്യക്ഷത വഹിച്ചു. പി.ടി.ഭാസ്ക്കരപ്പണിക്കരെ പ്രൊഫ.പി.ആർ മാധവപ്പണിക്കർ അനുസ്മരിച്ചു. എൻ.ശാന്തകുമാരി, വി.മനോജ് കുമാർ എന്നിവർ സംസാരിച്ചു.
വജ്രജൂബിലി സമ്മേളനത്തോടനുബന്ധിച്ച് യുവാക്കൾക്കായി സംഘടിപ്പിച്ച കലാസാഹിത്യ മത്സരങ്ങളിൽ വിജയികളായ വിഷ്ണു വി വി (തൃശ്ശൂർ), നന്ദഗോപൻ(കായംകുളം), നീരജ് പി ആർ(തൃശ്ശൂർ), അഞ്ജു എലിസബത്ത്(പാലക്കാട്), ആദർശ് ഹരിദാസ്(ആലപ്പുഴ), സാന്ദ്ര എസ് വാരിയർ(പാലക്കാട്), ഹർഷ (തൃശ്ശൂർ), അപ്പൂണ്ണി സജീവ് (തൃശ്ശൂർ) എന്നിവർക്ക് കെ.സച്ചിദാനന്ദൻ പുരസ്ക്കാരങ്ങൾ സമ്മാനിച്ചു.