ആകര്‍ഷകങ്ങളെങ്കിലും അതിശയോക്തി കലര്‍ന്നതും തെറ്റിദ്ധാരണ പരത്തുന്നതുമായ പരസ്യങ്ങള്‍ വഴി കമ്പോളം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഉപഭോഗ ഉത്പന്നങ്ങളില്‍ മുന്‍പന്തിയിലാണ് ടൂത്ത് പേസ്റ്റുകള്‍. അഥവാ പല്‍പ്പശ. പലതരം രാസികങ്ങളുടെ ഒരു മിശ്രിതമത്രേ ടൂത്ത് പേസ്റ്റ്. ടൂത്ത് പേസ്റ്റിലെ മുഖ്യ ഘടകങ്ങള്‍ ഇവയാണ്. അപകര്‍ഷകങ്ങള്‍, ഡിറ്റര്‍ജന്റുകള്‍, ആര്‍ദ്രീകാരികള്‍, കറനീക്കാനുപയോഗിക്കുന്ന പദാര്‍ഥങ്ങള്‍, സൂക്ഷ്മാണുനാശിനികള്‍, കുമിള്‍നാശിനികള്‍, മധുരം നല്‍കാനുപയോഗിക്കുന്ന രാസികങ്ങള്‍, സുഗന്ധവസ്തുക്കള്‍, നിറങ്ങള്‍.
ടൂത്ത് പേസ്റ്റില്‍ സൂക്ഷ്മാണു നാശിനിയായും കുമിള്‍നാശിനിയായും ഉള്‍ച്ചേര്‍ക്കുന്ന ഒരു രാസികമാണ് ട്രൈക്ലോസാന്‍. സോപ്പുമുതല്‍ കളിപ്പാട്ടങ്ങള്‍ വരെ അനേകം ഉപഭോഗ ഉത്പന്നങ്ങളില്‍ ട്രൈക്ലോസാന്‍ ഉള്‍ച്ചേര്‍ക്കാറുണ്ട്. അടുത്ത കാലത്ത് നടത്തിയ ചില പഠനങ്ങള്‍ അന്നപഥത്തില്‍ കാണുന്ന ബാക്ടീരിയ കൂട്ടങ്ങളെ ട്രൈക്ലോസാന്‍ അലങ്കോലപ്പെടുത്തുമെന്ന് വ്യക്തമാക്കപ്പെട്ടിരിക്കുന്നു. ഒറിഗോണ്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ ഇത് സംബന്ധിച്ച് നടത്തിയ ഗവേഷണത്തിന്റെ വിശദാംശങ്ങള്‍ ‘plusone’ എന്ന ശാസ്ത്ര ആനുകാലികത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സീബ്ര മത്സ്യത്തില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്പെട്ട ചില നിഗമനങ്ങളിലേക്ക് ഗവേഷകര്‍ എത്തിയത്. ട്രൈക്ലോസാന്‍ എന്ന സൂക്ഷ്മനാശിനി മനുഷ്യരില്‍ ചെലുത്തുന്ന ജീവശാസ്ത്രപരവും ആരോഗ്യപരവുമായ പ്രഭാവങ്ങള്‍ കണ്ടറിയാന്‍ ഏറ്റവും പറ്റിയ മൃഗമാതൃകയായിട്ടാണ് സീബ്ര മത്സ്യത്തെ ഗവേഷകര്‍ പരിഗണിക്കുന്നത്.
1970 കളില്‍ ആശുപത്രി അണുവിമുക്തമാക്കാനാണ് ട്രൈക്ലോസോണ്‍ ഉപയോഗിച്ചിരുന്നത്. ത്വക്കിലൂടെ ശരീരത്തിനുള്ളിലേക്ക് എളുപ്പം ആഗിരണം ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഒരു രാസികമാണിത്. ട്രൈക്ലോസാനുമായി ബന്ധപ്പെടുമ്പോള്‍ പരീക്ഷണമൃഗങ്ങളുടെ ശരീരരത്തില്‍ വസിക്കുന്ന സൂക്ഷ്മാണുജീവികളുടെ വൈവിധ്യത്തിലും ചേരുവയിലും അതിവേഗത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്ന് പുതിയ പഠനത്തിലൂടെ തെളിയക്കപ്പെട്ടു. ഈ മാറ്റങ്ങള്‍ മനുഷ്യരിലുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പൂര്‍ണമായും മനസ്സിലാക്കിയിട്ടില്ലെങ്കിലും അന്നപഥത്തില്‍ വസിക്കുന്ന ബാക്ടിരിയകളെ അവഗണിക്കുന്നത് കഠിനരോഗങ്ങളിലേക്ക് നയിക്കപ്പെടുമെന്ന് ഗവേഷകര്‍ ഭയപ്പെടുന്നു. സാധാരണയായി പരസ്യങ്ങളില്‍ ബാക്ടീരിയങ്ങളെ ശത്രുക്കളായാണ് ചിത്രീകരിക്കപ്പെടുന്നത്. എന്നാല്‍ അന്നപഥവുമായി ബന്ധപ്പെടുന്ന സൂക്ഷ്‌മാണു വ്യൂഹം നമ്മുടെ മിത്രങ്ങളാണ്. നമ്മുടെ പ്രതിരോധവ്യൂഹം ഉത്തേജിക്കപ്പെടാനും ആഥിഥേയ ജീവിക്കാവശ്യമായ സൂക്ഷ്മപോഷകങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടാനും അന്നപദ സൂക്ഷ്മജീവികള്‍ സഹായകരമാകുന്നുണ്ട്. ഈ പരോപകാരി സൂക്ഷ്മവ്യൂഹത്തെ അലോസരപ്പെടുത്തുന്നത് പ്രമേഹം, ഹൃദ്രോഗം, സന്ധിവാതം, കുപോഷകരോഗം മുതലായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായിത്തീരാമെന്ന് പഠനങ്ങളെ ആധാരമാക്കി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. മൂത്രത്തിലും മലത്തിലും മുലപ്പാലിലും ട്രൈക്ലോസാന്റെ സാന്നിധ്യം തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടുന്ന അന്തസ്രാവഗ്രന്ഥികളുടെ പ്രവര്‍ത്തനങ്ങളെ ട്രൈക്ലോസ്സാന്‍ താറുമാറാക്കുമെന്ന് പരീക്ഷണമൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ നിത്യോപയോഗവസ്തുക്കളുടെ ചേരുവ ഉപഭോക്താക്കളെ അറിയിക്കുവാനുള്ള സംവിധാനം ഉണ്ടാകേണ്ടത് ഒരു പൗരാവകാശമായിത്തന്നെ കാണണം.