“മനുഷ്യൻ ഇനി എത്ര നാൾ?” ആശങ്ക പങ്കുവെച്ച് സയൻസ് പാർലമെന്റ്

0
08/10/23 തൃശ്ശൂർ
” ഇന്ധനം തീർന്നാൽ ബഹിരാകാശപേടകത്തിന് എന്ത് സംഭവിക്കും?”
” നിർമ്മിതബുദ്ധി തൊഴിൽരംഗത്ത് സൃഷ്ടിച്ചേക്കാവുന്ന പ്രത്യാഘാതങ്ങൾ എന്തെല്ലാം ?”
“വന്യജീവികളുടെ ആക്രമണങ്ങൾ കേരളത്തിൽ വർധിക്കുന്നതെന്തുകൊണ്ട് ?”
” നാം ജീവിക്കുന്ന ഭൂമി എത്രകാലം കൂടി ആവാസയോഗ്യമാകും?”
“മേഘവിസ്ഫോടനം, മിന്നൽപ്രളയം എന്നീ പ്രകൃതിപ്രതിഭാസങ്ങളുടെ കാരണമെന്താണ് ?”
‘ പാർലമെന്റ് ‘ ലെ ചോദ്യോത്തരവേളയിൽ ‘എം.പി.മാർ’ ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു..! അതിന് കൃത്യമായ മറുപടി ‘മന്ത്രിമാർ ‘ അവർക്ക് നൽകി. മന്ത്രിമാരുടെ മറുപടിയിൽ എം.പി.മാർ സംതൃപ്തരായി..!
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്രാവബോധ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘സയൻസ് പാർലമെന്റ് ‘ ആയിരുന്നു വേദി. ചോദ്യങ്ങൾ ചോദിച്ച ‘എം.പി.മാർ’ തൃശൂർ ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികളായിരുന്നു. മറുപടി നൽകിയ ‘മന്ത്രിമാർ ‘ ശാസ്ത്രജ്ഞരും കോളേജ് പ്രൊഫസർമാരുമായിരുന്നു.
കോഴിക്കോട് സർവകലാശാല മുൻ രജിസ്ട്രാർ ഡോ.സി.എൽ.ജോഷി ‘സ്പീക്കർ ‘ ആയിരുന്നു. സഭാനേതാവായ ‘പ്രധാനമന്ത്രി ‘ പരിഷത്ത് ജില്ലാപ്രസിഡണ്ട് കൂടിയായ പ്രൊഫ.സി.വിമല പാർലമെന്റംഗങ്ങളെ ആദ്യം അഭിസംബോധന ചെയ്തു. വിവിധ വകുപ്പുകളുടെ ‘മന്ത്രി’മാരായ ഡോ.ബേബി ചക്രപാണി (അറ്റ്മോസ്ഫറിക്ക് സയൻസ്), ഡോ.കെ.മുരളീധരൻ (മെറ്റീരിയൽ സയൻസ് ) , ഡോ.ടി.ആർ. ഗോവിന്ദൻ കുട്ടി (ന്യൂക്ലിയർ സയൻസ്), ഡോ.എം.മോഹനൻ (സ്പേയ്സ് സയൻസ്) , ഡോ. എസ്.എൻ.പോറ്റി (ഭൗതികശാസ്ത്രം), ഡോ.ജയിൻ തേറാട്ടിൽ (പരിസ്ഥിതി ) എന്നിവർ എം.പി.മാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.
“ചന്ദ്രനില്ലായിരുന്നെങ്കിൽ ” എന്ന സാങ്കല്പിക ചോദ്യത്തിലൂന്നി അഖില കേരളാടിസ്ഥാനത്തിൽ സംഘടിപ്പിച്ച പ്രബന്ധ മത്സരവിജയികൾക്കുള്ള അനുമോദനത്തിനും സമ്മാനദാനത്തിനും ‘സയൻസ് പാർലമെന്റ് ‘ വേദിയായി. നോവലിസ്റ്റ് ലിസി പരിപാടി ഉദ്ഘാടനം ചെയ്യുകയും വിജയികളായ ആർ.പൂർണേന്ദു (കോഴിക്കോട്), വിപഞ്ചിക സജീവ് (തൃശ്ശൂർ), വി.പി.നിരഞ്ജന (മലപ്പുറം) എന്നിവർക്ക് സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. സമ്മാനത്തുകയും പ്രശസ്തിപത്രവും ശാസ്ത്രപുസ്തകങ്ങളുമാണ് വിജയികൾക്ക് നൽകിയത്. പ്രബന്ധമത്സര വിജയികൾ തങ്ങളുടെ എഴുത്തനുഭവം പങ്കു വെച്ചു.
വിദ്യാർത്ഥികളുടെ ശാസ്ത്ര – സർഗാത്മക അവതരണങ്ങൾ നടന്നു. പരിപാടിയിൽ പങ്കെടുത്ത 200ഓളം വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും ശാസ്ത്ര പുസ്തകങ്ങളും സമ്മാനമായി നൽകി. സി.ബാലചന്ദ്രൻ , ദീപ ആന്റണി, എം.എൻ. ലീലാമ്മ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സാഹിത്യ അക്കാദമി ഹാളിൽ ഉച്ചക്ക് ചേർന്ന ‘പാർലമെന്റ് സമ്മേളനം’ വൈകീട്ട് 6 വരെ നീണ്ടുനിന്നു.

Leave a Reply

Your email address will not be published. Required fields are marked *