സ്‌ക്രൈബ്‌സ് പ്രചാരണ സായാഹ്നം ‘ആട്ടം – പാട്ട് – വര – തെരുവ് ‘
മലപ്പുറം : ശാസത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 10,11,12 തിയ്യതികളിലായി മലപ്പുറത്ത് വെച്ച് നടക്കുന്ന സ്‌ക്രൈബ്‌സ് ശാസത്രസാംസ്‌കാരികോത്സവ പരിപാടിയുടെ പ്രഖ്യാപന പരിപാടിയായ ‘ആട്ടം- പാട്ട് – വര – തെരുവ് ‘പരിപാടി മലപ്പുറം നഗരത്തില്‍ നടന്നു. ‘സമകാലിക ഇന്ത്യനവസ്ഥയും ജനാധിപത്യകലാലയങ്ങളും’ എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥിസംവാദം നടന്നു. മുഹമ്മദ് ഇബ്രാഹീം ആമുഖാവതരണം നടത്തി. ഷെഫീഖ് എ.എന്‍ (എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം), റംഷാദ് (കെ.എസ്.യു.), നിഷാദ് കെ സലീം (എം.എസ്.എഫ്), ജംഷീര്‍ (എ.ഐ.എസ്.എഫ്), സാഹിറ കുറ്റിപ്പുറം, ഉണ്ണികൃഷ്ണന്‍ ആവള തുടങ്ങിയവര്‍ സംസാരിച്ചു. ജെസ്ഫര്‍ കോട്ടക്കുന്ന് ‘തെരുവ് ക്യാന്‍വാസ്’ ഉദ്ഘാടനം ചെയ്തു. ദിനേഷ് മഞ്ചേരി, സേതു മക്കരപ്പറമ്പ്, സുരേഷ് ചാലിയത്ത്, ഷബീബ മലപ്പുറം, ദേവസൂര്യ, റിഞ്ചു വെള്ളില, സതീഷ് ചളിപ്പാടം, ഗായത്രി ഓളക്കല്‍, പവിത്രന്‍ കിഴക്കുംമുറി, റഹിം പി.കെ, ജെയ്ഫര്‍ ടി, നാരായണന്‍കുട്ടി എന്നിവര്‍ ചിത്രം വരച്ചു. സൗഭാഗ്യക്രൈസ്റ്റ്, ഹര്‍ഷശ്രീ, വിഷ്ണു എന്നിവരുടെ നേതൃത്വത്തില്‍ ഫ്‌ളാഷ് മോബും നടന്നു.
ഫെബ്രുവരി 10,11,12 തിയതികളില്‍ മലപ്പുറം കോട്ടക്കുന്ന്, DTPC ഹാള്‍, ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറി, കോട്ടപ്പടി സ്റ്റേഡിയം എന്നീ വേദികളിലായി നടക്കുന്ന ശാസ്ത്ര സാംസ്‌കാരികോത്സവത്തില്‍ 50 കലാലയങ്ങളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. ശാസ്ത്രസാംസ്‌കാരികോത്സവത്തില്‍ 60- പിന്നിട്ട കേരളം യുവജന പരിപ്രേക്ഷ്യം, ലിംഗേതര കളിയിടങ്ങള്‍ക്കായുള്ള രാജ്യത്തെ ആദ്യ ജന്റര്‍ ന്യൂട്രല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ്,രാജ്യാന്തര ചലച്ചിത്രോത്സവം, എട്ടു നാടകാവതരണങ്ങള്‍, ഫോട്ടോചിത്ര പ്രദര്‍ശനം, വിവിധ പാട്ടു പരിപാടികള്‍ എന്നിവയുണ്ടാകും. പ്രശസ്ത ശാസ്ത്രജ്ഞനും ഉറുദു കവിയുമായ ഗവാര്‍ റാസയാണ് സ്‌ക്രൈബ്സ് ശാസ്ത്രസാംസ്‌കാരികോത്സവം ഉദ്ഘാടനം ചെയ്യുന്നത്.