സ്‌ക്രൈബ്‌സ് ശാസ്ത്രസാംസ്‌കാരികോത്സവം ജന്റര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ ചരിത്രരേഖയിലേക്ക്

0

gn4

 

മലപ്പുറം : ഇന്ത്യയില്‍ ഒരുപക്ഷേ ലോകത്തിലാദ്യമായി കേവലം പ്രദര്‍ശന മത്സരത്തിനപ്പുറം ഒരു ടീമില്‍ ലിംഗഭേദമില്ലാതെ കളിക്കാര്‍ കളിക്കളത്തിലിറങ്ങി കളിച്ചു പൊരുതിയതിന്റെ ആദ്യ സംരംഭം കുറിച്ചത് മലപ്പുറത്തായിരിക്കും. ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ നേതൃത്വത്തില്‍ നടന്ന ശാസ്ത്രസാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജന്റര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ മത്സരത്തില്‍ വിമണ്‍സ് അക്കാദമി കാലിക്കറ്റ് ജേതാക്കളായി. കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് വിമണ്‍സ് സോക്കര്‍ അക്കാദമി വള്ളിക്കുന്നിനെ പരാജയപ്പെടുത്തിയാണ് സോക്കര്‍ അക്കാദമി ജേതാക്കളായത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ട്രാന്‍സ്ജന്റേഴ്‌സും ഒരുമിച്ച് അണിനിരന്നു മത്സരിച്ച ജന്റര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ ഇന്ത്യയില്‍ത്തന്നെ ആദ്യ അനുഭവമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നാലുടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. കളിക്കളത്തില്‍ നിന്നും അകറ്റിനിര്‍ത്തപ്പെട്ട ട്രാന്‍സ്ജന്റേഴ്‌സും കൂടി അണിനിരന്ന ഫുട്‌ബോള്‍ ടീം മലപ്പുറത്ത് പുതിയ അനുഭവമാണ്. പുരുഷന്‍മാര്‍ നിറഞ്ഞിരുന്ന ഫുട്‌ബോള്‍ മൈതാനങ്ങളില്‍ സ്ത്രീകളും ട്രാന്‍സ്ജന്റേഴ്‌സും കടന്നുവരുമ്പോള്‍ തുല്യതയുടെ പുതിയ ഫുട്‌ബോള്‍ സംസ്‌കാരത്തിനാണ് തുടക്കം കുറിക്കുന്നത്. മലപ്പുറത്തിന്റെ വിവിധ ക്യാമ്പസ്സുകളില്‍ നിന്നെത്തിയ യുവതക്കൂട്ടം സ്റ്റേഡിയത്തില്‍ ആവേശം നിറച്ചു. പരിഷത്ത് സംസ്ഥാനപ്രസിഡണ്ട് ഡോക്ടര്‍ കെ.പി.അരവിന്ദന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്രാന്‍സ്ജന്റര്‍ ആക്ടിവിസ്റ്റുകളായ ചിഞ്ചു അശ്വതി, ഹരി, ഇഷ ദേശീയ ഫുട്‌ബോള്‍ടീം അംഗമായിരുന്ന ബബിഷ, യൂണിവേഴ്‌സിറ്റി അത്‌ലറ്റിക്‌സ് താരമായ മിഥുന്‍ എന്നിവര്‍ തിരി തെളിയിച്ചാണ് ജന്റര്‍ ന്യൂട്രല്‍ ഫുട്‌ബോള്‍ മത്സരം ഉദ്ഘാടനം ചെയ്തത്. മലപ്പുറം ഡി.വൈ.എസ്.പി പ്രദീപ് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ശ്രീ.വി.പി.അനില്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി സുരേന്ദ്രന്‍, ട്രഷറര്‍ സുരേഷ്, പരിഷത്ത് ജില്ലാപ്രസിഡണ്ട് വിലാസിനി, ജില്ലാസെക്രട്ടറി ജിജി എന്നിവര്‍ സംസാരിച്ചു. സ്‌ക്രൈബ്‌സ് സംഘാടകസമിതി കണ്‍വീനര്‍ റിസ്വാന്‍ സ്വാഗതവും ശ്രീജിത്ത് നന്ദി യും പറഞ്ഞു.

 

ജന്റര്‍ ന്യൂട്രല്‍ ഫു‍ട്ബോള്‍ ചിത്രങ്ങളിലൂടെ
gn2 gn3 gn5 GN6 gn1

 

 

 

 

 

 

 

 

കൂടുതല്‍ ചിത്രങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *