’60പിന്നിട്ട കേരളം-യുവജന പരിപ്രേക്ഷ്യം’ സെമിനാറുകള്‍

0

scr-semi

മലപ്പുറം : സ്ക്രൈബ്സ് ശാസ്ത്രസാംസ്കാരികോത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി 10ന് വെള്ളിയാഴ്ച ’60പിന്നിട്ട കേരളം-യുവജന പരിപേക്ഷ്യം’ എന്ന മുഖ്യ വിഷയത്തെ ആധാരമാക്കി മൂന്ന് സമാന്തര സെമിനാറുകള്‍ സംഘടിപ്പിച്ചു. എക്‌സൈസ്‌ ഭവനില്‍ വച്ച് ‘ലിംഗഅസമത്വത്തിന്റെ കാണാപ്പുറങ്ങള്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. ആലുവ യു.സി കോളേജിലെ ചരിത്ര അധ്യാപിക ട്രീസ ദിവ്യയാണ്‌ മുഖ്യപ്രബന്ധം അവതരിപ്പിച്ചത്‌. വ്യക്തി, കുടുംബം എന്നിവയിലെ നിയന്ത്രണങ്ങളിലൂടെയാണ്‌ ലിംഗഅസമത്വം തുടര്‍ന്നു പോരുന്നതെന്ന്‌ ട്രീസ അഭിപ്രായപ്പെട്ടു. സമൂഹം നിഷ്‌കര്‍ഷിക്കുന്ന വസ്‌ത്രധാരണരീതികള്‍ കളിക്കള നിയമങ്ങള്‍ എന്നിവയിലെല്ലാം ഒളിഞ്ഞിരിക്കുന്ന ലിംഗഅസമത്വത്തെ തന്റെ പ്രബന്ധത്തിലൂടെ അവര്‍ ചൂണ്ടിക്കാണിച്ചു.
ഇതരലൈംഗിക വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും IPC 377 പോലെയുള്ള നിയമങ്ങളിലൂടെ ഭരണകൂടം എങ്ങനെയാണ്‌ അവകാശലംഘനങ്ങള്‍ക്ക്‌ ആക്കം കൂട്ടുന്നതെന്ന്‌ വിഷയങ്ങളോട്‌ പ്രതികരിച്ചുകൊണ്ട്‌ ചിഞ്ചു അശ്വതി സംസാരിച്ചു. തലമുറകളായി തുടര്‍ന്നുവരുന്ന ചിന്തകളും രീതികളും ഇത്തരം അവകാശലംഘനങ്ങള്‍ക്ക്‌ കാരണമാണ്‌. പൊതുഇടങ്ങളില്‍ സ്‌ത്രീകളും ഇതര ലൈംഗിക വിഭാഗങ്ങളുമാണ്‌ ഇത്തരം ചൂഷണങ്ങള്‍ക്ക്‌ വിധേയരാവുന്നതെന്നാണ്‌ കൊടുവള്ളി ഗവ.കോളേജ്‌ അധ്യാപിക ഡോ.സോണിയ ഇ.പ വിഷയത്തോട്‌ പ്രതികരിച്ചത്‌.
തുടര്‍ന്ന്‌ നടന്ന പൊതുചര്‍ച്ച സ്വവര്‍ഗാനുരാഗം, സ്വവര്‍ഗരതി എന്നിവയുമായി ബന്ധപ്പെട്ട്‌ സമൂഹത്തില്‍ നിലനില്‍ക്കുന്ന സദാചാരകാഴ്‌ച്ചപ്പാടുകള്‍, കുടുംബങ്ങളിലേയും പൊതു ഇടങ്ങളിലേയും പുരുഷമേധാവിത്വം എന്നീ വിഷയങ്ങളില്‍ ഊന്നിക്കൊണ്ടായിരുന്നു. യുവസമിതി പ്രവര്‍ത്തകയായ അജിത്ത്‌ രുഗ്മിണി അധ്യക്ഷത വഹിച്ചു. അഞ്ജു സ്വാഗതവും അനില്‍ നന്ദിയും പറഞ്ഞു.
കെമിസ്റ്റ്‌ ഭവനില്‍, ‘കേരളവികസന ദിശ-ഇന്നലെ ഇന്ന്‌ നാളെ’ എന്ന വിഷയത്തിലാണ്‌ സെമിനാര്‍ നടന്നത്‌. ഹര്‍ഷന്‍ ടി.പി, ദീപക്‌ ജോണ്‍സന്‍ എന്നിവര്‍ ചേര്‍ന്ന്‌ തയ്യാറാക്കിയ പ്രബന്ധം ജയ്‌ശ്രീകുമാര്‍ അവതരിപ്പിച്ചു. ശേഷം ദളിത്‌-ആദിവാസി-തീരദേശ ജനത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സുല്‍ത്താന്‍ ബത്തേരി സെന്റ്‌ മേരീസ്‌ കോളേജിലെ അധ്യാപകനായ സി.എസ്‌ ശ്രീജിത്ത്‌ മുഖ്യപ്രബന്ധാവതരണം നടത്തി. കേരളത്തിലെ ദളിത്‌-ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സമൂഹത്തില്‍ ഒറ്റപ്പെടുത്തികാണേണ്ടവയല്ല, മറിച്ച്‌ പൊതുവിതരണ സമ്പ്രദായത്തിന്റെ തകര്‍ച്ച, സ്വകാരവല്‍ക്കരണം എന്നിവയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണെന്നും, സി.എസ്‌ ശ്രീജിത്ത്‌ അഭിപ്രായപ്പെട്ടു.
തുടര്‍ന്ന്‌ നടന്ന ചര്‍ച്ചയില്‍ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെ ശക്തിപ്പെടുത്തുന്നതിന്‌ കൂടുതല്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമാണെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ സംസ്ഥാന പ്രസിഡണ്ട് ഡോ.കെ.പി. അരവിന്ദന്‍ ആവശ്യപ്പെട്ടു. പ്രൊഫഷണല്‍ മേഖലകളെ ശക്തിപ്പെടുത്തുന്നതിന്‌ പുതിയ തൊഴില്‍ സംസ്‌കാരം രൂപപ്പെടേണ്ടതുണ്ടന്നും ഉത്‌പാദനവിതരണ രംഗത്ത്‌ സാമൂഹികനീതി ഉറപ്പുവരുത്തേണ്ടതുണ്ടതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട്‌ ഡോ.കെ രാജേഷ്‌ അഭിപ്രായപ്പെട്ടു. യുവസമിതി പ്രവര്‍ത്തകയായ ലിജിഷ എ.ടി അധ്യക്ഷത വഹിച്ചു. ‘ശാസ്‌ത്രബോധവും കേരളീയ സമൂഹവും’, ‘സാംസ്‌കാരിക ഇടപെടലുകള്‍, പുതിയ പാഠങ്ങള്‍’ എന്നീ വിഷയങ്ങളിലുള്ള സെമിനാറുകള്‍ കെ.എസ്‌.ടി.എ ഹാളില്‍ നടന്നു. അപര്‍ണ മര്‍ക്കോസ്‌, ശ്രീചിത്രന്‍ എം.ജെ എന്നിവര്‍ യഥാക്രമം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ശാസ്‌ത്രരംഗത്തും വിദ്യാഭ്യാസരംഗത്തും ഇന്ത്യയെ പിന്നോട്ടടിച്ചത്‌ ജാതിവ്യവസ്ഥയും അതിനോട്‌ അനുബന്ധിച്ച്‌ നിലനിന്നിരുന്ന അനാചാരങ്ങളുമാണ്‌. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ത്തന്നെ, ഇത്‌ മനസ്സിലാക്കി ജാതി, മതബോധത്തില്‍ നിന്ന്‌ പുറത്തുകടക്കാന്‍ കൂട്ടായി കേരളം പരിശ്രമിച്ചിട്ടുണ്ട്‌. കലയും ശാസ്‌ത്രവുമാണ്‌ ഇതില്‍ പ്രധാന പങ്കുവഹിച്ചതുമെന്നുമാണ്‌ ലൂക്കാ, ശാസ്‌ത്ര കേരളം തുടങ്ങിയ ശാസ്‌ത്രമാസികകളുടെ എഡിറ്റോറിയല്‍ ബോര്‍ഡ്‌ അംഗം കൂടിയായ അപര്‍ണ അഭിപ്രായപ്പെട്ടു.
സാംസ്‌കാരിക പ്രവര്‍ത്തകനും കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഫോക്‌ലോര്‍ വിഭാഗം മേധാവിയുമായ ഡോ.അനില്‍ ചേലേമ്പ്ര, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഹിസ്റ്ററി ഗവേഷണവിദ്യാര്‍ത്ഥി ഷിഹാബുദ്ദീന്‍, കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി കെമിസ്‌ട്രി അധ്യാപകന്‍ ഡോ. ഷാഫി തുടങ്ങിയവര്‍ തങ്ങളുടെ പ്രതികരണങ്ങളും രേഖപ്പെടുത്തി. തുടര്‍ന്ന്‌ യുവ എഴുത്തുകാരന്‍ എം.ജെ ശ്രീചിത്രന്‍, സാംസ്‌കാരിക കേരളത്തില്‍ പ്രബലമായ ഇടപെടലുകള്‍ നടത്താന്‍ പുതിയ തലമുറയ്‌ക്ക്‌ കഴിഞ്ഞിട്ടുണ്ടെന്നും ഭൂതകാലപ്രഭാവങ്ങളില്‍ അഭിരമിക്കുന്ന മധ്യവര്‍ഗവിഭാഗമാണ്‌ ഇത്തരം മാറ്റങ്ങള്‍ക്ക്‌ തടസ്സം നിലക്കുന്നതെന്നുമാണ്‌ അഭിപ്രായപ്പെട്ടത്‌. കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിലേക്കുള്ള ഹൈന്ദവ-ഫാസിസ്റ്റ്‌ ശക്തികളുടെ കടന്നുകയറ്റത്തെക്കുറിച്ചും അതിനെ പ്രധിരോധിക്കുന്നതില്‍ പുതിയ തലമുറയുടെ പങ്കാളിത്തത്തെക്കുറിച്ചും കാലടി യൂണിവേഴ്‌സിറ്റി കൊയിലാണ്ടി കേന്ദ്രത്തിലെ അധ്യാപകനായ റഫീക്ക്‌ ഇബ്രാഹീം സംസാരിച്ചു. യുവസമിതി പ്രവര്‍ത്തകന്‍ ശ്രീരാഗ്‌ അധ്യക്ഷത വഹിച്ച ചടങ്ങിന്‌ ജീവ നന്ദി പറഞ്ഞു. ഉച്ചയോടെ മൂന്നുവേദികളിലായി നടന്ന സെമിനാറുകള്‍ക്ക്‌ പരിസമാപ്‌തിയായി.

Leave a Reply

Your email address will not be published. Required fields are marked *