വരാനിരിക്കുന്നത് വൻ പ്രതിസന്ധികളുടെ നാളുകൾ ; സാമൂഹിക ദിശാബോധം പകരാൻ സജ്ജരാകുക : ഡോ. സി.പി. രാജേന്ദ്രൻ
കോട്ടയം, 24 ഫെബ്രുവരി 2024
കോട്ടയം സി എം എസ് കോളേജിൽ നടക്കുന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 61-ാം സംസ്ഥാന വാർഷിക സമ്മേളനം ഇന്ത്യയുടെ ശാസ്ത്ര പാരമ്പര്യം എന്ന വിഷയം അവതരിപ്പിച്ച് ഡോ. സി.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ഇന്ത്യ ഇന്ന് മധ്യകാലഘട്ടത്തിലെ അന്ധകാരയുഗത്തിലേക്ക്തി രിച്ചുപോവുകയാണോ ഇന്ന് എന്ന് തോന്നിപ്പോകുന്ന വിധം
മതാധിപത്യം വല്ലാതെ അരക്കിട്ടുറപ്പിക്കുകയാണ്.
പ്രതിസന്ധികളുടെ കാലമാണ് ഇനിയുള്ളത്. സമൂഹത്തിന് ദിശാബോധം പകരുക എന്ന ശ്രമകരമായ ഉത്തരവാദിത്തം ഏറ്റെടുത്ത് പുതിയ കാലത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തി നേടുക എന്നതാണ് പരിഷത്തിന് ഇനി ചെയ്യാനുള്ളത് – അദ്ദേഹം പറഞ്ഞു.
ഡോ. സി.പി. രാജേന്ദ്രൻ്റെ ഉദ്ഘാടന പ്രസംഗത്തിലെ പ്രധാന ആശയങ്ങൾ :
◾ഇന്ന് ആഘോഷിക്കപ്പെടുന്ന ഹിന്ദുയിസം 19-ാം നൂറ്റാണ്ടിലാണ് ഉദയം ചെയ്തത്.
അതിനു മുമ്പ് മതമെന്ന ആശയം തന്നെ ഉണ്ടായിരുന്നില്ല.
◾ദേശരാഷ്ട്രം എന്ന ആശയത്തിനും വലിയ പഴക്കമില്ല.
◾ആര്യസമാജം ജസ്യൂട്ട് മിഷനറിമാരെ അനുകരിച്ച് പ്രവർത്തനമാരംഭിച്ചതാണ്.
◾സംസ്കാരങ്ങൾക്കിടയിലെ കൊടുക്കൽ വാങ്ങലാണ് സമൂഹത്തെ ചലിപ്പിച്ചത്.
◾പല പല നാടുകളിൽ നിന്ന് പുരുഷന്മാരായ യാത്രികർ വന്ന് ഇവിടത്തെ സ്ത്രീകളുമായി ബന്ധമാരംഭിച്ചതിൻ്റെ തുടർച്ചകളാണ് നമ്മളൊക്കെ.
◾ഇങ്ങനെ ശാസ്ത്രീയമായി പഠിക്കുമ്പോൾ നമ്മളെല്ലാവരും വരുത്തന്മാരാണ് എന്നു മനസിലാകും.
◾പക്ഷേ ഇന്ത്യ ഇന്ന്
മധ്യകാലഘട്ടത്തിലെ അന്ധകാരയുഗത്തിലേക്ക് തിരിച്ചുപോവുകയാണോ ഇന്ന് തോന്നിപ്പോകുന്നു.
മതാധിപത്യം വല്ലാതെ അരക്കിട്ടുറപ്പിക്കുന്നു.
◾ആദിമ മനുഷ്യ ജീവിതത്തിൻ്റെ ജ്ഞാനചരിത്രം തേടുക എന്നത് ശാസ്ത്രീയമായി നടക്കേണ്ട പ്രക്രിയയാണ്. ആയുർവേദത്തിനെയൊക്കെ അങ്ങനെ പരിഗണിക്കാവുന്നതാണ്. എന്നാൽ ഇപ്പോൾ നടക്കുന്ന ഗോമൂത്ര ഗവേഷണം ഇതിന് വിരുദ്ധമാണ്.
◾ശാസ്ത്രമെന്നത് പരീക്ഷണാത്മകമായ ഒരു പ്രക്രിയയാണ്. അത് അപൂർണതയും അനിശ്ചിതത്വവും ഉൾച്ചേർന്നതാണ്. മതവിശ്വാസവുമായി അത് എതിർ നിൽക്കുന്നത് ഇങ്ങനെയാണ്.
◾കെപ്ളർ, ന്യൂട്ടൺ, രാമാനുജൻ തുടങ്ങി പല ശാസ്ത്രകാരന്മാരും ദൈവ വിശ്വാസികളായിരുന്നു. പക്ഷേ അവരുടെ പഠന പ്രക്രിയയയെ ആ വിശ്വാസം സ്വാധീനിച്ചിരുന്നില്ല. എന്നാൽ ഇന്ന് ഇന്ത്യയിൽ ആ അതിർവരമ്പുകൾ ലംഘിക്കപ്പെടുന്ന ദുരവസ്ഥയുണ്ട്.
◾മതനിരാസത്തിൻ്റെയും മതനിഷേധത്തിൻ്റെയും അംശങ്ങൾ കൂടി ഉൾച്ചേർന്നതാണ് ആധുനിക നവോത്ഥാനം. അതിൻ്റെ തുടർച്ചകൾ ഇന്ന് അനുവദിക്കപ്പെടുന്നില്ല.
◾ശാസ്ത്ര ഗവേഷണത്തിൻ്റെ integrity നഷ്ടപ്പെടുന്നു. സ്വകാര്യ കമ്പനികളുടെ വാണിജ്യതാല്പര്യത്തിന് ശാസ്ത്ര ഗവേഷണത്തെ വിട്ടുകൊടുക്കുകയാണ്. സർക്കാർ ഫണ്ടുകൾ നിലയ്ക്കുകയാണ്.
◾ശാസ്ത്രം ജനപക്ഷത്തു നിന്ന് അകന്നു തുടങ്ങി.
◾പ്രതിസന്ധികളുടെ കാലമാണ് ഇനിയുള്ളത്. സമൂഹത്തിന് ദിശാബോധം പകരുക എന്ന ശ്രമകരമായ ഉത്തരവാദിത്തം ഏറ്റെടുത്ത് പുതിയ കാലത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തി നേടുക എന്നതാണ് പരിഷത്തിന് ഇനി ചെയ്യാനുള്ളത്.
സ്വാഗതസംഘം ചെയർപേഴ്സൺ കൂടിയായ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു അധ്യക്ഷയായി. മുതിർന്ന രാഷ്ട്രീയ നേതാവ് വൈക്കം വിശ്വൻ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ബി.രമേഷ്, സി.പി. നാരായണൻ, ഡോ. ബി. ഇക്ബാൽ, ജോജി കൂട്ടുമ്മൽ, ശാന്തകുമാരി എൻ, സി. ലിസി, വിജു കെ എന്നിവർ പങ്കെടുത്തു. ആർ. സനൽകുമാർ സ്വാഗതവും കെ. രാജൻ നന്ദിയും പറഞ്ഞു.